പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാൾ ദിനത്തിൽ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ചീറ്റപ്പുലികൾ ഇന്ത്യയിലെത്തും.

0

ഭോപ്പാൽ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാൾ ദിനത്തിൽ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ചീറ്റപ്പുലികൾ ഇന്ത്യയിലെത്തും. 72-ാം ജന്മദിനമായ സെപ്തംബ‍ 17-നാണ് ചീറ്റപ്പുലികൾ ഇന്ത്യയിലെത്തുക. ഇതിനായി ചീറ്റകളെ പാർപ്പിക്കുന്ന മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിനുള്ളിലും പരിസരത്തുമായി ഏഴ് ഹെലിപ്പാഡുകൾ പണിയുന്നുണ്ട്. ജന്മദിനത്തിൽ കുനോ ദേശീയോദ്യാനം മോദി സന്ദർശിക്കുമെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ അറിയിച്ചു. ( cheetahs will arrive from south africa for modis birthday )

എന്നാൽ, ചീറ്റപ്പുലികളെ കൊണ്ടുവരുന്ന കാര്യത്തിൽ തങ്ങൾക്ക് ഔദ്യോഗിക അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്ന് മധ്യപ്രദേശിലെ മുഖ്യ വനപാലകൻ ജെ എസ് ചൗഹാൻ പറഞ്ഞു. ഈ മാസം തന്നെ എത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. അതേസമയം ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള സംഘം ചൊവ്വാഴ്ച കുനോയിലെത്തി. എന്നാൽ ചീറ്റകളെ ഇന്ത്യയിലേക്കു കയറ്റിയയക്കുന്നതു സംബന്ധിച്ചുള്ള ധാരണാപത്രത്തിൽ ദക്ഷിണാഫ്രിക്ക ഒപ്പിട്ടിട്ടില്ല. നമീബിയയിൽ ക്വാറന്റീനിലാണ് ഇന്ത്യയിലേക്കുള്ള 12 ചീറ്റകൾ.

ദക്ഷിണാഫ്രിക്കയിലെ നമീബിയിൽ നിന്ന് ഇന്ത്യയിലേക്ക് ചീറ്റകളെ കൊണ്ടുവരാൻ നേരത്തെ ചർച്ചകൾ നടന്നിരുന്നു. എന്നാൽ, വേട്ടയാടലുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളിൽ അത് തടസ്സപ്പെട്ടു. എല്ലാ വർഷവും 8-10 വരെ ചീറ്റകളെ എത്തിക്കാനും അഞ്ച് വർഷത്തിനുള്ളിൽ അവയുടെ എണ്ണം 50 ആക്കാനുമാണ് പദ്ധതിയിടുന്നത്.

2009ൽ വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയാണ് ചീറ്റയെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ചർച്ചകൾക്ക് തുടക്കമിട്ടത്. അമിതമായ വേട്ടയാടലും ആവാസവ്യവസ്ഥയുടെ നഷ്ടവും കാരണം ഇന്ത്യയിൽ നിന്ന് പൂർണ്ണമായും തുടച്ചുനീക്കപ്പെട്ട ഒരേയൊരു വലിയ മാംസഭോജിയാണ് ചീറ്റ. ചീറ്റകളെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള സാധ്യതയുള്ള സ്ഥലമായി കുനോ പാൽപൂരിനെ അംഗീകരിച്ച് സുപ്രീം കോടതി ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here