ബൗളിങ്‌ പാളി; അടിതെറ്റി

0

മൊഹാലി: ട്വന്റി-20 ലോകകപ്പിനു മുമ്പുള്ള ഡ്രസ്‌ റിഹേഴ്‌സലിലെ ആദ്യമത്സരം ഓസ്‌ട്രേലിയക്കു മുന്നില്‍ നാലുവിക്കറ്റിന്‌ അടിയറവച്ചതോടെ ഇന്ത്യന്‍ തുടക്കം ദുരന്തമായി. ബാറ്റര്‍മാര്‍ തകര്‍ത്തടിച്ചു നേടിയ 208 റണ്ണെന്ന വമ്പന്‍ സ്‌കോര്‍ പ്രതിരോധിക്കാനാകാത്ത ബൗളര്‍മാരാണു പ്രതിപ്പട്ടികയില്‍ ആദ്യസ്‌ഥാനത്ത്‌. ഓട്ടക്കൈയും മൈതാനത്തെ പിഴവുകളുമായി ഫീല്‍ഡര്‍മാരും തോല്‍വിക്കു കാര്യമായ സംഭാവന നല്‍കി. ഡി.ആര്‍.എസിന്‌ അപ്പീല്‍പോലും ചെയ്യാതെ വരുത്തിയ പിഴവും തോല്‍വിയില്‍ നിര്‍ണായകമായി.

മുനയൊടിഞ്ഞ ബൗളിങ്‌

പരുക്കില്‍നിന്നു മുക്‌തനായെങ്കിലും പൂര്‍ണമായും ഫിറ്റ്‌നസ്‌ വീണ്ടെടുക്കാത്ത ഒന്നാം നമ്പര്‍ ബൗളര്‍ ജസ്‌പ്രീത്‌ ബുംറയില്ലാതെയാണ്‌ ഇന്ത്യ കളത്തിലിറങ്ങിയത്‌. അവസാന ഓവറുകളില്‍ വിക്കറ്റെടുക്കാന്‍ കഴിയാതെ കാര്യമായി റണ്‍ വഴങ്ങുന്ന പതിവ്‌ പേസര്‍മാര്‍ ആവര്‍ത്തിച്ചതോടെ അനിവാര്യമായ തോല്‍വിയിലേക്ക്‌ ഇന്ത്യ വീണു. പരുക്കുഭേദമായി തിരികെയെത്തിയ ടി-20 സ്‌പെഷലിസ്‌റ്റ് ഹര്‍ഷല്‍ പട്ടേലും ഏഷ്യാ കപ്പില്‍നിന്നു പാഠം പഠിക്കാത്ത ഭുവനേശ്വര്‍ കുമാറും അവസാന ഓവറുകളില്‍ നനഞ്ഞ പടക്കമായി. ഇരുവരുടെയും എട്ടോവറുകളില്‍നിന്ന്‌ ഓസ്‌ട്രേലിയ വാരിയത്‌ 101 റണ്‍!
നടാടെ ടി-20യില്‍ ഓപ്പണറായിറങ്ങിയ കാമറൂണ്‍ ഗ്രീനിന്റെ വെടിക്കെട്ടിനുശേഷം ഇന്ത്യ മധ്യഓവറുകളില്‍ കളി തിരിച്ചു പിടിച്ചതായിരുന്നു. 15-ാം ഓവറില്‍ 148 റണ്ണിന്‌ അഞ്ചു വിക്കറ്റ്‌ പിഴുത്‌ വിജയപ്രതീക്ഷയും ഉണര്‍ത്തി. എന്നാല്‍ റണ്‍ താരതമ്യത്തില്‍ തുടക്കം മുതല്‍ നിലനിര്‍ത്തിയിരുന്ന ആധിപത്യം അപ്പോഴും ഓസീസ്‌ നിലവിര്‍ത്തിയിരുന്നു. വിക്കറ്റ്‌ കീപ്പര്‍ ബാറ്റര്‍ മാത്യു വേഡിന്റെ കടന്നാക്രമണത്തില്‍ ഇന്ത്യ പകച്ചു. അവസാന ഓവര്‍ സ്‌പെഷലിസ്‌റ്റുകളായ ഭുവനേശ്വറും ഹര്‍ഷലും ദിശാബോധമില്ലാതെ പന്തെറിഞ്ഞതോടെ കളി കൈവിട്ടു. അവസാന നാലോവറില്‍ ജയിക്കാന്‍ 55 റണ്ണെന്ന കടമ്പ ഓസ്‌ട്രേലിയ അനായാസം താണ്ടി.
പതിനാറാം ഓവറില്‍ ഒരു ഫോറടക്കം ആറു റണ്‍ വഴങ്ങിയശേഷം ഹര്‍ഷലിനു താളം തെറ്റിയത്‌ ഇന്ത്യക്കു വിനയായി. 17-ാം ഓവറില്‍ ഭുവനേശ്വര്‍ മൂന്നു വൈഡും രണ്ടു ഫോറും അടക്കം വഴങ്ങിയത്‌ 15 റണ്‍. അടുത്ത ഓവറില്‍ ഹര്‍ഷല്‍ സ്‌ഥിതി കൂടുതല്‍ പരിതാപകരമാക്കി. മൂന്നു സിക്‌സടക്കം വഴങ്ങിയത്‌ 22 റണ്‍. 19-ാം ഓവറിലെ ആദ്യ പന്ത്‌ വൈഡെറിഞ്ഞ ഭുവി അടുത്ത മൂന്നു പന്തുകളില്‍ വഴങ്ങിയതു മൂന്നു റണ്‍ മാത്രം. എന്നാല്‍ അവസാന മൂന്നു പന്തും അതിര്‍ത്തി കടന്നതോടെ ഓസ്‌ട്രേലിയന്‍ ജയം അരികിലായി. അവസാന ഓവറിലെ ആദ്യ പന്തില്‍ ടിം ഡേവിഡിനെ യുസ്‌വേന്ദ്ര ചാഹല്‍ മടക്കിയെങ്കിലും ഏറെ വൈകിയിരുന്നു. ജയിക്കാന്‍ അഞ്ചു പന്തില്‍ രണ്ടു റണ്ണെന്ന നിലയില്‍ ക്രീസിലെത്തിയ പാറ്റ്‌ കമ്മിന്‍സ്‌ നേരിട്ട ആദ്യപന്ത്‌ തന്നെ ബൗണ്ടറി കടത്തി മത്സരം ഓസ്‌ട്രേലിയയ്‌ക്ക് സമ്മാനിക്കുമ്പോള്‍ നാലു പന്ത്‌ ശേഷിക്കുന്നുണ്ടായിരുന്നു.

വെയ്‌ഡ് എന്നും പാര

ടി-20യില്‍ ഇന്ത്യക്കെതിരേ എന്നും മികച്ച പ്രകടനം കാഴ്‌്ചവയ്‌ക്കുന്ന ചരിത്രം വെയ്‌ഡ് ആവര്‍ത്തിച്ചു. 21 പന്തില്‍ പുറത്താകാതെ 45 റണ്ണുമായി വെയ്‌ഡ് തിളങ്ങി. 2020-ല്‍ സിഡ്‌നിയില്‍ ഇന്ത്യക്കെതിരേ 53 പന്തില്‍ നേടിയ 80 റണ്ണാണ്‌ വെയ്‌ഡിന്റെ ഉയര്‍ന്ന സ്‌കോര്‍. ഇതേവേദിയില്‍ നേടിയ 43 പന്തില്‍ 72 (2012), 32 പന്തില്‍ 58 (2020) മികച്ച രണ്ടാമത്തെയും മൂന്നാമത്തെയും മികച്ച സ്‌കോര്‍.
ട്വന്റി-20യില്‍ ഓസ്‌ട്രേലിയ പിന്തുടര്‍ന്നു നേടിയ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറാണു മൊഹാലിയിലേത്‌. ന്യൂസിലന്‍ഡിനെതിരേ 2018-ല്‍ ഓക്‌്ലന്‍ഡില്‍ അഞ്ചുവിക്കറ്റ്‌ നഷ്‌ടപ്പെടുത്തി 245 റണ്ണടിച്ചതാണ്‌ ഈ ഗണത്തിലെ ഓസീസിന്റെ ഏറ്റവും മികച്ച വിജയം. 2015-ല്‍ ജൊഹാനസ്‌ബര്‍ഗില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ അഞ്ചുവിക്കറ്റിന്‌ 205 റണ്ണടിച്ചതാണ്‌ മൂന്നാമത്തെ വിജയകരമായ റണ്‍ചേസ്‌.

LEAVE A REPLY

Please enter your comment!
Please enter your name here