പ്രതികാര നടപടി അവസാനിപ്പിച്ച് അതീഖുർറഹ്മാനെ ഉടൻ മോചിപ്പിക്കണം -ആംനസ്റ്റി ഇന്റർനാഷനൽ

0

ന്യൂഡൽഹി: ദലിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഉത്തർ പ്രദേശിലെ ഹാഥ്റസിലേക്ക് പോകവെ അറസ്റ്റിലായി യു.എ.പി.എ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന കാമ്പസ് ഫ്രണ്ട് ദേശീയ നേതാവ് അതീഖുർറഹ്മാനെ ഉടൻ മോചിപ്പിക്കണമെന്ന് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷനൽ. അതീഖിനെതിരെ നടക്കുന്നത് പ്രതികാര നടപടിയാണെന്ന് ചെയർമാൻ ചൂണ്ടിക്കാട്ടി.
“മനുഷ്യാവകാശങ്ങൾ സമാധാനപരമായി വിനിയോഗിച്ചതിനാണ് കള്ളക്കേസുകൾ ചുമത്തി രണ്ട് വർഷത്തോളമായി അതീഖുർ റഹ്മാനെ തടങ്കലിലാക്കിയിരിക്കുന്നത്. ഇത് ഇന്ത്യൻ അധികാരികളെ സംബന്ധിച്ചിടത്തോളം പരിഹാസ്യമാണ്. ചികിത്സ നിഷേധിച്ചും കാലതാമസം വരുത്തിയും അദ്ദേഹത്തിന്റെ ജീവിതം ദുഷ്കരമാക്കി കൂടുതൽ തകർക്കാനുള്ള പ്രതികാര നടപടികളിലാണ് അധികാരികൾ. അദ്ദേഹത്തിന്റെ ഏകപക്ഷീയ തടങ്കൽ അവസാനിപ്പിക്കണം. അദ്ദേഹത്തെ അടിയന്തരമായി മോചിപ്പിക്കുകയും രാഷ്ട്രീയ പ്രേരിതമായി ചുമത്തിയ എല്ലാ കുറ്റങ്ങളും പിൻവലിക്കുകയും വേണം. മോചിതനാകുന്നതുവരെ, അദ്ദേഹത്തിന്റെ തടങ്കൽ സാഹചര്യങ്ങൾ അന്താരാഷ്ട്ര നിലവാരത്തിന് അനുസൃതമായി മെച്ചപ്പെടുത്തുകയും കുടുംബവുമായി സ്ഥിരമായി ബന്ധപ്പെടാനുള്ള സാഹചര്യവും ആവശ്യമായ ആരോഗ്യ പരിരക്ഷയും ഉറപ്പാക്കുകയും വേണം. റഹ്മാനെ മനുഷ്യത്വരഹിതമായ സാഹചര്യങ്ങളിലേക്ക് തള്ളിയിടുന്നതും മതിയായ ചികിത്സ നിഷേധിക്കുന്നതും മനുഷ്യാവകാശ ലംഘനമാണ്”- ആംനസ്റ്റി ഇന്റർനാഷനൽ ഇന്ത്യ ബോർഡ് ചെയർമാൻ ആകാർ പട്ടേൽ പറഞ്ഞു.

ജയിലിൽ കഴിയുന്ന അതീഖിന്റെ ഇടതുവശം തളർന്നുപോയെന്നും ജീവൻ രക്ഷിക്കാൻ എത്രയും വേഗം ഡൽഹി എയിംസിലേക്ക് മാറ്റണമെന്നും ഭാര്യ സൻജിദ റഹ്മാൻ‌ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. ഹൃദയവാൽവുകളിൽ സുഷിരം അടയാത്ത അവസ്ഥയെ തുടർന്ന് 2007 മുതൽ ഡൽഹി എയിംസിൽ അതീഖ് ചികിത്സ തേടുന്നുണ്ട്. മാസങ്ങൾക്ക് മുമ്പ് അതീഖ് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയക്കും വിധേയനായിരുന്നു. എന്നാൽ, ജയിലിൽ തുടർചികിത്സയോ വേണ്ട പരിചരണമോ ലഭ്യമാവാത്തതിനാലാണ് ആരോഗ്യനില മോശമായത്. അതീഖിന്റെ മുഖത്തിന്റെ ഒരു വശം കോടിയിട്ടുണ്ട്. ആരോഗ്യ പ്രശ്നങ്ങൾ പരിഗണിക്കാതെ ലഖ്‌നൗവിലെ ആശുപത്രിയിൽനിന്ന് ജയിലിലേക്ക് തിരികെ കൊണ്ടുപോയിരുന്നു. ഇപ്പോൾ ആരെയും തിരിച്ചറിയാൻ സാധിക്കുന്നില്ലെന്നും ഭാര്യ പറയുന്നു.
യു.പിയിലെ മുസഫർനഗർ സ്വദേശിയായ അതീഖ്, ചൗധരി ചരൺ സിങ് യൂനിവേഴ്‌സിറ്റിയിലെ ലൈബ്രറി സയൻസ് ഗവേഷക വിദ്യാർഥിയാണ്. 2020 ആ​ഗസ്റ്റ് അഞ്ചിന് മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനൊപ്പം ഹാഥ്റസിലേക്ക് പോകവെയാണ് യു.പി പൊലീസ് അതീഖുർ റഹ്മാൻ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യുകയും യു.എ.പി.എ ചുമത്തുകയുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here