അർജുൻ ആയങ്കിയെ മറയൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തി

0

കോഴിക്കോട് വിമാനത്താവളം വഴി കടത്തിക്കൊണ്ടുവന്ന സ്വർണം തട്ടിയെടുക്കാൻ പദ്ധതിയിട്ട കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയെ മറയൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കേസിലെ മുഖ്യപ്രതികളായ അർജുൻ ആയങ്കി(26), പ്രണവ് (25) എന്നിവരെ കാന്തല്ലൂരിലെ പുത്തൂരിൽ മലഞ്ചെരിവിലുള്ള മഡ്ഹൗസിലും ടെന്റ് ക്യാംപിലും എത്തിച്ചാണ് കരിപ്പൂർ പൊലീസ് തെളിവെടുത്തത്.

ഇവർ മറയൂർ മേഖലയിൽ രണ്ടുദിവസം ഒളിവിൽ താമസിച്ചിരുന്നതായി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഓഗസ്റ്റ് 9ന് കോഴിക്കോട് വിമാനത്താവളത്തിലാണ് കേസിന് ആസ്പദമായ സംഭവം.

ജിദ്ദയിൽനിന്ന് തിരൂർ നിറമരുതൂർ കാവിട്ടിൽ മഹേഷ് കടത്തിയ സ്വർണമിശ്രിതം തട്ടിയെടുക്കാനായിരുന്നു ശ്രമം. ഇതിനായി വിമാനത്താവളത്തിന്റെ കവാടത്തിൽ കാത്തുനിന്ന 3 അംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. മഹേഷിന്റെ അറിവോടെയാണ് സ്വർണം തട്ടിയെടുക്കുന്നതെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് അയാളെയും പിടികൂടി.

സംഭവത്തിനുശേഷം വിവിധ സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ കഴിഞ്ഞ 27–ാം തീയതി കണ്ണൂർ പെരിങ്ങോമിനടുത്ത് മലമുകളിൽ വച്ചാണ് പിടികൂടിയത്. പ്രതികൾ ഒളിവിൽ കഴിയുന്നതിനായി ഓഗസ്റ്റ് 13 മുതൽ 15 വരെയാണ് മറയൂർ മേഖലയിൽ താമസിച്ചത്.

വിവിധ സ്ഥലങ്ങളിലായി തെളിവെടുപ്പിന് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്ന് കരിപ്പൂർ സിഐ പി.ഷിബു പറഞ്ഞു. എഎസ്ഐ വി.എസ്.പത്മരാജ്, സിപിഒ പ്രശാന്ത്, മറയൂർ സിഐ പി.ടി.ബിജോയ്, എസ്ഐ ബജിത് ലാൽ സിപിഒ സജുസൺ എന്നിവർ തെളിവെടുപ്പ് സംഘത്തിൽ ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here