അച്ഛന് പിന്നാലെ റോഡപകടത്തിൽ മകനും യാത്രയായി

0

അച്ഛന് പിന്നാലെ റോഡപകടത്തിൽ മകനും യാത്രയായി. 13 വർഷങ്ങളുടെ ഇടവേളയിൽ കടുത്തുരുത്തി മൂർത്തിക്കൽ വീട്ടിൽ അനിലയ്ക്ക് റോഡിൽ നഷ്ടപ്പെട്ടതാവട്ടെ ജീവന്റെ പാതിയായ ഭർത്താവിനെയും നൊന്തുപെറ്റ മകനെയും. ചിങ്ങവനം പന്നിമറ്റത്ത് കഴിഞ്ഞ ദിവസം നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിലാണ് ജസ്വിൻ ജോസ് (28) മരിച്ചത്.

13 വർഷങ്ങൾക്കു മുൻപ് കടുത്തുരുത്തി മുട്ടുചിറയ്ക്കു സമീപം കാർ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിലാണ് ജസ്വിന്റെ പിതാവ് മൂർത്തിങ്കൽ ജോസ് മരിച്ചത്. ആ അപകടം ഉണ്ടാക്കിയ ആഘാതത്തിൽ നിന്നും പുറത്ത് കടക്കും മുന്നേയാണ് ജസ് വിനേയും മരണം കൊണ്ടുപോയത്. പരുത്തുംപാറയിലെ ബന്ധുവീട്ടിൽ പോകുന്നതിനിടെ പന്നിമറ്റം റെയിൽവേ മേൽപാലത്തിനു സമീപമായിരുന്നു അപകടം. കൂടെ യാത്ര ചെയ്ത പാക്കിൽ സ്വദേശിയായ പുത്തൻപറമ്പിൽ അജിത്ത് പി.രാജേന്ദ്രനും സാരമായ പരുക്കേറ്റു. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിലേക്കു തെറിച്ചു വീഴുകയായിരുന്നു.

പട്രോളിങ്ങിനിടെ ചിങ്ങവനം പൊലീസ് അപകടം കണ്ട് ഇരുവരെയും ജനറൽ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജസ്വിന്റെ ജീവൻ രക്ഷിക്കാനായില്ല. ജലസേചന വകുപ്പിൽ ജോലി ചെയ്യുന്ന സമയത്തായിരുന്നു പിതാവ് ജോസിന്റെ മരണം. പിതാവിന്റെ ജോലി ആശ്രിത നിയമനമായി മകൻ ജസ്വിന് ലഭിച്ചു. കടുത്തുരുത്തിയിലെ ഓഫിസിൽ ക്ലാർക്കായി ജോലി ചെയ്തു വരികയാണു ജസ്വിന്റെ വിയോഗം. ജനുവരിയിൽ വിവാഹം തീരുമാനിച്ചിരുന്നു.

അമ്മ അനില ജോസ് കടുത്തുരുത്തി ഗവ: ഹൈസ്‌കൂളിലെ പ്രധാനധ്യാപികയാണ്. സഹോദരങ്ങൾ: ജോയൽ, ജേക്കബ്. സംസ്‌കാരം തിങ്കളാഴ്ച 3.30ന് കടുത്തുരുത്തി ഫൊറോന പള്ളിയിൽ (വലിയ പള്ളി).

Leave a Reply