കടുവക്കുഞ്ഞുങ്ങൾ വിൽപനയ്ക്കെന്നു വാട്സാപ്പിൽ അറിയിപ്പിട്ട യുവാവ് പിടിയിൽ

0

കടുവക്കുഞ്ഞുങ്ങൾ വിൽപനയ്ക്കെന്നു വാട്സാപ്പിൽ അറിയിപ്പിട്ട യുവാവ് പിടിയിൽ. തിരുവണ്ണാമല ആരണി സ്വദേശി പാർഥിപൻ (24) ആണു വനം വകുപ്പിന്റെ പിടിയിലായത്. മറയൂരിനടുത്തുള്ള തമിഴ്നാട് അതിർത്തി ഗ്രാമത്തിലാണു സംഭവം.

3 കടുവക്കുഞ്ഞുങ്ങൾക്കു സ്റ്റീൽ പാത്രത്തിൽ ആഹാരം നൽകുന്ന ചിത്രം സഹിതം ഞായറാഴ്ചയാണു പാർഥിപൻ വാട്സാപ്പിൽ സ്റ്റേറ്റസ് ഇട്ടത്. 3 മാസം പ്രായമായ കടുവക്കുഞ്ഞിന് ഒന്നിന് 25 ലക്ഷം രൂപ വിലവരുമെന്നും പണം നൽകിയാൽ 10 ദിവസത്തിനകം എത്തിച്ചു നൽകാമെന്നും അറിയിപ്പിലുണ്ടായിരുന്നു.

വിവരമറിഞ്ഞു വനം വകുപ്പ് അന്വേഷണം തുടങ്ങിയപ്പോൾ പാർഥിപൻ ഒളിവിൽപോയി. ഉദ്യോഗസ്ഥരെത്തി ഇയാളുടെ വീടും പരിസരവും പരിശോധിച്ചെങ്കിലും വന്യമൃഗങ്ങളുടെ കുഞ്ഞുങ്ങളെ കണ്ടെത്താൻ സാധിച്ചില്ല. പിന്നീടു നടത്തിയ അന്വേഷണത്തിലാണ് വെല്ലൂർ ചർപ്പണമേടിൽനിന്നു പാർഥിപൻ അറസ്റ്റിലായത്.

കടുവക്കുഞ്ഞുങ്ങളുടെ ചിത്രം അമ്പത്തൂർ സ്വദേശിയായ സുഹൃത്താണ് ഇയാൾക്കു നൽകിയതെന്നാണു വിവരം. കടുവക്കുട്ടികളെ അന്വേഷിച്ചെത്തുന്നവർക്കു പൂച്ചക്കുട്ടികളെ നിറമടിച്ചു കൊടുക്കാനായിരുന്നു പരിപാടിയെന്ന് പ്രതി മൊഴി നൽകിയതായി വനം വകുപ്പ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here