കട്ടച്ചിറയില്‍ വയോധികര്‍ തമ്മിലുണ്ടായ വാക്കേറ്റത്തിനും തര്‍ക്കത്തിനുമൊടുവില്‍ ഒരാള്‍ കുത്തേറ്റു മരിച്ചു

0

കട്ടച്ചിറയില്‍ വയോധികര്‍ തമ്മിലുണ്ടായ വാക്കേറ്റത്തിനും തര്‍ക്കത്തിനുമൊടുവില്‍ ഒരാള്‍ കുത്തേറ്റു മരിച്ചു. പുന്നത്തുറ വെസ്‌റ്റ്‌ മാമ്മൂട്ടില്‍ എം.കെ. കുഞ്ഞുമോനാ(69)ണു മരിച്ചത്‌. കുഞ്ഞുമോനെ ആക്രമിച്ച കട്ടച്ചിറ രതീഷ്‌ ഭവനില്‍ അക്ഷരം രവി(രവീന്ദ്രന്‍നായര്‍-79)യെ കിടങ്ങൂര്‍ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു.
ഇരുവരും മദ്യപിച്ചിരുന്നതായും വാക്കുതര്‍ക്കത്തിനിടെ രവി, കുഞ്ഞുമോനെ സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ചു കുത്തുകയായിരുന്നെന്നു പോലീസ്‌ പറഞ്ഞു. കട്ടച്ചിറ കാണിക്കമണ്ഡപത്തിനു സമീപം ആറ്റുമാലിയിലേക്കുള്ള വഴിയോട്‌ ചേര്‍ന്നുള്ള കൃഷിയിടത്തില്‍ ഇന്നലെ രാവിലെ 10.15 നായിരുന്നു കൊലപാതകം.
കുഞ്ഞുമോന്‍ പാട്ടക്കൃഷി നടത്തിയിരുന്ന സ്‌ഥലത്ത്‌ ചേന വിളവെടുക്കുമ്പോഴാണു വക്കേറ്റമുണ്ടായത്‌. രവീന്ദ്രന്‍ നായര്‍ കൊണ്ടുവന്ന ജോലിക്കാരനെ കുഞ്ഞുമോന്‍ വിളിച്ചുകൊണ്ടുപോയെന്ന തര്‍ക്കമാണു കൊലപാതകത്തില്‍ കലാശിച്ചത്‌. മദ്യലഹരിയിലായിരുന്ന രവീന്ദ്രന്‍നായര്‍ സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച്‌ കുഞ്ഞുമോനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്നു പോലീസ്‌ പറഞ്ഞു.
വാക്കേറ്റമുണ്ടായ വിവരം സമീപവാസികള്‍ പോലീസിനെ വിളിച്ചറിയിച്ചിരുന്നു. പോലീസ്‌ എത്തിയപ്പോഴാണു കുഞ്ഞുമോനെ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. കെ.എസ്‌.ഇ.ബിയില്‍ കരാര്‍ ജീവനക്കാരനായിരുന്നു രവീന്ദ്രന്‍ നായര്‍ ഇപ്പോള്‍ കട്ടച്ചിറയിലെ വീട്ടില്‍ ഇയാള്‍ ഒറ്റയ്‌ക്കാണ്‌ താമസം. പാലാ ഡിവൈ.എസ്‌.പി: ഗിരീഷ്‌ പി. സാരഥി, കിടങ്ങൂര്‍ എസ്‌.എച്ച്‌.ഒ: കെ.ആര്‍. ബിജു, എസ്‌.ഐ: കുര്യന്‍ മാത്യു എന്നിവര്‍ ചേര്‍ന്നാണു പ്രതിയെ കസ്‌റ്റഡിയില്‍ എടുത്തത്‌. കുഞ്ഞുമോന്റെ ഭാര്യ പിറയാര്‍ കളരിക്കല്‍ കുടുംബാംഗം അമ്മിണി. മക്കള്‍: ജയശ്രീ, ശ്രീകുമാര്‍. മരുമകന്‍: അനില്‍ സതിമന്ദിരം ഏറ്റുമാനൂര്‍. സംസ്‌ക്കാരം ഇന്ന്‌ 11 ന്‌് വീട്ടുവളപ്പില്‍.

Leave a Reply