ചണ്ഡീഗഢ് സര്‍വകലാശാലയിലെ വനിതാ ഹോസ്റ്റലില്‍നിന്നുള്ള കുളിമുറി ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചെന്ന പരാതിക്ക് പിന്നാലെ ഷിംലയില്‍ നിന്നുള്ള ഒരാളെ അറസ്റ്റ് ചെയ്ത് പോലീസ്

0

ചണ്ഡീഗഢ് സര്‍വകലാശാലയിലെ വനിതാ ഹോസ്റ്റലില്‍നിന്നുള്ള കുളിമുറി ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചെന്ന പരാതിക്ക് പിന്നാലെ ഷിംലയില്‍ നിന്നുള്ള ഒരാളെ അറസ്റ്റ് ചെയ്ത് പോലീസ്. കേസിലെ രണ്ടാമത്തെ അറസ്റ്റാണിത്. സ്വകാര്യദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ഹോസ്റ്റലിലെ അന്തേവാസിയായ മൊഹാലിയില്‍ നിന്നുള്ള ഒരു വിദ്യാര്‍ത്ഥിനിയെ ചണ്ഡീഗഢ് പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഷിംലയില്‍ നിന്ന് അറസ്റ്റിലായ പ്രതിക്ക് നേരത്തെ അറസ്റ്റിലായ വിദ്യാര്‍ത്ഥിനിയുമായി പരിചയമുണ്ടെന്ന് പഞ്ചാബ് പോലീസും വ്യക്തമാക്കി.

‘ഷിംലയില്‍ നിന്നുള്ള പ്രതിയാണെന്ന് സംഷയിക്കപ്പെടുന്ന വ്യക്തിക്ക് പെണ്‍കുട്ടിയുമായി പരിചയമുണ്ട്. ഇയാളെ കസ്റ്റഡിയില്‍ കിട്ടിയശേഷമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂ. അറസ്റ്റിലായ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണിന്റെ ഫോറന്‍സിക് പരിശോധന നടത്തും.’- എഡിജിപി കമ്മ്യൂണിറ്റി അഫയേഴ്‌സ് ഡിവിഷന്‍ ഗുര്‍പ്രീത് ദിയോയെ ഉദ്ധരിച്ച് ANI റിപ്പോര്‍ട്ട് ചെയ്തു.

വനിതാ ഹോസ്റ്റലില്‍നിന്നുള്ള കുളിമുറി ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചെന്ന പരാതിക്ക് പിന്നാലെയാണ് ചണ്ഡീഗഢ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം നടന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ക്യാമ്പസില്‍ മുദ്രാവാക്യം മുഴക്കി തടിച്ചുകൂടിയ വിദ്യാര്‍ഥികളെ ഒടുവില്‍ പോലീസെത്തിയാണ് ശാന്തരാക്കിയത്.

പ്രതിഷേധിക്കുന്നതിനിടെ കുഴഞ്ഞുവീണ വിദ്യാര്‍ത്ഥിനിയെ, ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പ്രതിയായ വിദ്യാര്‍ത്ഥിനിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഡിഎസ്പി രൂപീന്ദര്‍ കൗര്‍ പറഞ്ഞു. സ്വകാര്യദൃശ്യങ്ങള്‍ പുറത്തായെന്ന പരാതിയില്‍ മൊഹാലി പോലീസും സൈബര്‍ ക്രൈംബ്രാഞ്ചുമാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. സംഭവത്തില്‍ കുറ്റവാളികളായവര്‍ രക്ഷപ്പെടില്ലെന്നും ചണ്ഡീഗഢ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ സമാധാനം പാലിക്കണമെന്നും പഞ്ചാബ് വിദ്യാഭ്യാസ മന്ത്രി ഹര്‍ജോത് സിങ് ബെയിന്‍സ് ട്വീറ്റ് ചെയ്തു. ‘ഇത് നമ്മുടെ സഹോദരിമാരുടെയും പെണ്‍മക്കളുടെയും അന്തസ്സുമായി ബന്ധപ്പെട്ട, ഏറെ സെന്‍സിറ്റീവായ വിഷയമാണ്. മാധ്യമങ്ങളടക്കം നമ്മള്‍ എല്ലാവരും ജാഗ്രത പാലിക്കണം. ഇത് ഒരു സമൂഹമെന്ന നിലയില്‍ നമുക്കുള്ള പരീക്ഷണമാണെന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു.

വനിതാ ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികളുടെ സ്വകാര്യദൃശ്യങ്ങള്‍ ഒരു പെണ്‍കുട്ടി രഹസ്യമായി പകര്‍ത്തുകയും ഇത് പിന്നീട് പ്രചരിപ്പിച്ചെന്നുമാണ് ആരോപണം. ശൗചാലയത്തിലെ ദൃശ്യങ്ങളടക്കം ഇതില്‍ ഉള്‍പ്പെടുന്നതായും ആരോപണമുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, വനിതാ വിദ്യാര്‍ത്ഥിനി ഹോസ്റ്റലിലെ മറ്റു വിദ്യാര്‍ത്ഥിനികളുടെ വീഡിയോകള്‍ നിര്‍മ്മിക്കുകയും അവ ഹിമാചല്‍ പ്രദേശിലെ ഷിംലയിലുള്ള ഒരു പുരുഷ സുഹൃത്തിന് അയയ്ക്കുകയും എംഎംഎസ് ക്ലിപ്പുകള്‍ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യുകയും ചെയ്തു. കുളിക്കുന്നതിന്റെ ക്ലിപ്പുകള്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് വിദ്യാര്‍ത്ഥിനികള്‍ വിവരമറിയുന്നത്.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പലകാര്യങ്ങളും തെറ്റാണെന്നും പോലീസ് അറിയിച്ചു. സ്വകാര്യദൃശ്യങ്ങള്‍ പുറത്തായതിന് പിന്നാലെ ഒട്ടേറെ പെണ്‍കുട്ടികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് മൊഹാലി പോലീസും സര്‍വകലാശാല അധികൃതരും പറഞ്ഞു. പ്രതിഷേധത്തിനിടെ ഒരു പെണ്‍കുട്ടി കുഴഞ്ഞുവീണെന്നും ഇതിന്റെ ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്നും മറ്റുപ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.

Leave a Reply