ഷാർജയിൽ കുടുംബത്തിനൊപ്പം കഴിയുന്നതിനിടെ കാണാതായ പയ്യോളി സ്വദേശിയെ മൈസൂരുവിൽ കണ്ടെത്തി

0

ഷാർജയിൽ കുടുംബത്തിനൊപ്പം കഴിയുന്നതിനിടെ കാണാതായ പയ്യോളി സ്വദേശിയെ മൈസൂരുവിൽ കണ്ടെത്തി. പയ്യോളി കീഴൂർ ‘ഐശ്വര്യ’യിൽ പ്രദീഷിനെ (45)യാണ് മൈസൂരുവിൽ കണ്ടെത്തിയത്. സെപ്റ്റംബർ 23ാം തിയ്യതി മൈസൂരു സെൻട്രൽ ബസ് സ്റ്റാൻഡിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ പ്രദീഷിനെ കണ്ടെത്തിയതോടെയാണ് ബന്ധുക്കൾ ഇവിടെയെത്തി കണ്ടുമുട്ടിയത്.

പ്രദീഷ് കുടുംബത്തോടൊപ്പം ഷാർജയിലായിരുന്നു താമസിച്ചിരുന്നത്. സെപ്റ്റംബർ 22 ന് ഭാര്യ ജോലിക്ക് പോയി തിരിച്ചെത്തിയപ്പോൾ പ്രദീഷ് സ്ഥലത്തില്ലായിരുന്നു. തുടർന്ന് ഭാര്യ നാട്ടിലെ ബന്ധുക്കളെ വിളിച്ചറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സെപ്റ്റംബർ 22 ന് രാത്രി 8.25 ന് എയർ ഇന്ത്യ വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ പ്രദീഷ് എത്തിയതായി സ്ഥിരീകരിച്ചു.

ഇതോടെ പിതാവ് രാമകൃഷണൻ കരിപ്പൂർ, പയ്യോളി പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകി. അന്വേഷണത്തിൽ കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ പ്രദീഷ് ബസ്സിൽ കയറുന്നതിനായി നടന്നു പോകുന്നതും 22 ന് രാത്രി പതിനന്നോടെ മൈസൂരുവിലേക്കുള്ള ബസിൽ കയറിയതും കണ്ടെത്തി.

വയനാട്ടിലും മൈസൂരുവിലും നടത്തിയ അന്വേഷണത്തിലാണ് 23 ന് മൈസുരു സെൻട്രൽ ബസ് സ്റ്റാൻഡിൽ ഇറങ്ങിയതായി ദൃശ്യങ്ങളിൽ വ്യക്തമായത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രദീഷിനെ ചൊവ്വാഴ്ച നാട്ടിലെത്തിക്കാനാവുമെന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു. പയ്യോളി സർക്കിൾ ഇൻസ്‌പെക്ടർ കെ.സി. സുഭാഷ് ബാബു, എസ്‌ഐ കെ.ടി. രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷിക്കുന്നത്.

Leave a Reply