നിയമ വിരുദ്ധമായി റോഡിനു കുറുകെ സ്ഥാപിച്ച കമാനം പൊളിക്കുന്നതിനിടെ തകർന്നു വീണ് ഗുരുതരമായി പരിക്കേറ്റ അമ്മയും മകളും ആശുപത്രിയിൽ

0

നിയമ വിരുദ്ധമായി റോഡിനു കുറുകെ സ്ഥാപിച്ച കമാനം പൊളിക്കുന്നതിനിടെ തകർന്നു വീണ് ഗുരുതരമായി പരിക്കേറ്റ അമ്മയും മകളും ആശുപത്രിയിൽ. സ്‌കൂട്ടർ യാത്രക്കാരിയായ പൂഴിക്കുന്ന് ബി.പി.നിവാസിൽ ബിജുവിന്റെ ഭാര്യയും പൊഴിയൂർ കുടുംബാരോഗ്യ കേന്ദ്രം നഴ്‌സുമായ ലേഖ (44),മകൾ വിശ്വഭാരതി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി അനുഷ എന്നിവർക്കാണ് പരുക്കേറ്റത്.

കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെ നെയ്യാറ്റിൻകര ഓലത്താന്നിക്കു സമീപമാണ് അപകമുണ്ടായത്. എന്നാൽ ഇത്രയും വലിയ അപകമുണ്ടായിട്ടും പൊലീസ് കേസെടുക്കാൻ തയ്യാറായില്ല. മാധ്യമ ശ്രദ്ധ ഉണ്ടായതോടെ ഇന്നലെയാണ് ഗുരുതരമായ അപകടത്തിലും നിയമലംഘനത്തിനും പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

അപകടത്തിൽ ലേഖയുടെ ചുണ്ടിലും താടിയിലും ആഴത്തിൽ മുറിവേറ്റു. തലയോട്ടിയിലും പൊട്ടലുണ്ട്. പല്ലുകൾ ഇളകിപ്പോയി. ശ്വാസകോശത്തിനും ക്ഷതം സംഭവിച്ചു.. അനുഷയ്ക്ക് മൂക്കിനാണു പ്രധാന പരുക്ക്. ഇരുവരും തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

നവകേരള ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ് നടത്തിയ ഓണാഘോഷവുമായി ബന്ധപ്പെട്ടാണ് കമാനം സ്ഥാപിച്ചത്. തിരക്കേറിയ റോഡിൽ ഗതാഗതം തടസ്സപ്പെടുത്താതെ കമാനം അഴിച്ചു മാറ്റിയതാണ് അപകടത്തിനു കാരണം. ഇത് അഴിച്ചു മാറ്റുന്നതിനിടെ ഒട്ടേറെ വാഹനങ്ങൾ കമാനത്തിന്റെ താഴെക്കൂടി കടന്നു പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.

ഞായറാഴ്ച തന്നെ നെയ്യാറ്റിൻകര പൊലീസിന്റെ ശ്രദ്ധയിൽ എത്തിച്ചെങ്കിലും കേസെടുത്തില്ലെന്നു ലേഖയുടെ ബന്ധുക്കൾ പറഞ്ഞു. പിന്നീട് മാധ്യമശ്രദ്ധ ലഭിച്ചതോടെ കേസെടുത്തു. കമാനം വാടകയ്ക്കു നൽകുന്ന ആൾ, ക്ലബ് ഭാരവാഹികൾ എന്നിവർക്കെതിയാണ് കേസ്.

Leave a Reply