പനി ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ വീട്ടമ്മയ്ക്ക് ആശുപത്രി വരാന്തയിൽ തമ്പടിച്ച തെരുവുനായ്ക്കളുടെ ആക്രമണം ഭയന്നോടുന്നതിനിടെ വീണു പരുക്ക്

0

പനി ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ വീട്ടമ്മയ്ക്ക് ആശുപത്രി വരാന്തയിൽ തമ്പടിച്ച തെരുവുനായ്ക്കളുടെ ആക്രമണം ഭയന്നോടുന്നതിനിടെ വീണു പരുക്ക്. പനമരം സിഎച്ച്സിയിൽ ചികിത്സയിലായിരുന്ന പച്ചിലക്കാട് വരിയിൽ നൗഷാദിന്റെ ഭാര്യ ഫാത്തിമയ്ക്കാണ് (36) പരുക്കേറ്റത്.

ഇന്ന് ആശുപത്രി വിടേണ്ടിയിരുന്ന ഫാത്തിമയെ തലയ്ക്കും കൈ‍,കാൽ മുട്ടുകൾക്കും പരുക്കേറ്റതിനെ തുടർന്നു വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചൂടുവെള്ളം എടുക്കാൻ പഴയ ആശുപത്രി കെട്ടിടത്തിലെത്തി മടങ്ങുന്നതിനിടെ ഇന്നലെ വൈകിട്ടാണ് 4 തെരുവുനായ്ക്കൾ ഫാത്തിമയെ ആക്രമിക്കാനെത്തിയത്. ആശുപത്രി വരാന്തയിലും ആംബുലൻസിനടിയിലും കൂട്ടത്തോടെ നിന്ന നായ്ക്കൾ ഇവരുടെ പിന്നാലെ കുരച്ചെത്തുകയായിരുന്നു.

52 പേർക്കു കൂടി കടിയേറ്റു

തിരുവനന്തപുരം ∙ പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലായി 52 പേർക്ക് ഇന്നലെ നായ്ക്കളുടെ കടിയേറ്റു. ആലപ്പുഴ ജില്ലയിൽ തുറവൂർ, ചേർത്തല, അരൂർ മേഖലകളിലായി 10 പേർക്കാണു തെരുവുനായയുടെ കടിയേറ്റത്. പത്തനംതിട്ട ജില്ലയിൽ നായ്ക്കളുടെ കടിയേറ്റു 13 പേർ ചികിത്സതേടി. ഇവരിൽ 11 പേരെയും വളർത്തുനായ്ക്കളാണ് ആക്രമിച്ചത്.

തെരുവുനായ്ക്കൾ മുന്നിൽ ചാടിയതോടെ ബൈക്കു മറിഞ്ഞ് തൃശൂർ തൃത്തല്ലൂർ ഇത്തിക്കാട്ട് നന്ദകുമാറിന് (51) പരുക്കേറ്റു. ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞ് വരുമ്പോഴാണ് ദേശീയപാതയിൽ അപകടമുണ്ടായത്.

Leave a Reply