പതിനൊന്ന് മക്കളും മുപ്പത് ഏക്കർ ഭൂമിയും ഏഴ് വീടുകളും ഉണ്ടായിട്ടും ഒരു നേരത്തെ ആഹാരത്തിനു പോലും കയ്യിൽ പണമില്ലാതെ വലഞ്ഞതോടെ ദയാവധത്തിന് അനുമതി തേടി ബെംഗളുരുവിൽ ഒരു വീട്ടമ്മ

0

പതിനൊന്ന് മക്കളും മുപ്പത് ഏക്കർ ഭൂമിയും ഏഴ് വീടുകളും ഉണ്ടായിട്ടും ഒരു നേരത്തെ ആഹാരത്തിനു പോലും കയ്യിൽ പണമില്ലാതെ വലഞ്ഞതോടെ ദയാവധത്തിന് അനുമതി തേടി ബെംഗളുരുവിൽ ഒരു വീട്ടമ്മ. കർണാടകയിലെ പുട്ടവ്വ ഹനമന്തപ്പ (78) എന്ന വീട്ടമ്മയാണ് ദയാവധം തേടി രാഷ്ട്രപതിക്കുള്ള ഹർജി പൊട്ടിക്കരഞ്ഞുകൊണ്ടു ഹാവേരി ജില്ലാ കമ്മിഷണർക്കു കൈമാറിയത്. ജില്ലാ കമ്മീഷണർ സഞ്ജയ ഷെട്ടന്നവറയ്ക്ക് മുമ്പാകെയാണ് ദയാവധത്തിനായി നിവേദനം നൽകിയത്.

റാണിബെന്നൂർ രംഗനാഥനഗര സ്വദേശിനിയായ ഇവർ ജില്ലാ ഭരണ ഓഫിസിനു മുന്നിൽ ഒറ്റയ്ക്കിരുന്നു കരയുന്നതു കണ്ട് നാട്ടുകാർ കാര്യമന്വേഷിച്ചപ്പോഴാണ് അയൽക്കാരുടെ കരുണയിലാണു താൻ ജീവിക്കുന്നതെന്ന വിവരം പുറത്തറിഞ്ഞത്. താൻ നേരിടുന്ന ശാരീരികവും മാനസികവുമായ അതികഠിനമായ പീഡനങ്ങൾ വ്യക്തമാക്കിയാണ് 75 കാരിയായ സ്ത്രീ ജില്ലാ ഭരണകൂടം മുഖേന രാഷ്ട്രപതിക്ക് ദയാഹത്യക്ക് അപേക്ഷ നൽകിയത്

രംഗനാഥനഗർ സ്വദേശിയായ പുട്ടവ്വ ഹനുമന്തപ്പ കോട്ടൂരയുടെ ഉടമസ്ഥതയിൽ 30 ഏക്കർ ഭൂമിയുണ്ടെന്ന് ജില്ലാ അധികൃതർ അറിയിച്ചു. ഏഴ് പാർപ്പിട വീടുകളും ഫ്‌ളാറ്റുകളും ഉണ്ടായിരുന്നു. പതിനൊന്ന് മക്കളുണ്ടായിട്ടും സംരക്ഷിക്കാൻ ആരും തയ്യാറാകാതെ വന്നതോടെയാണ് ദയാവധത്തിന് അപേക്ഷ നൽകിയത്.

ഏഴ് ആൺമക്കൾക്കും നാല് പെൺമക്കൾക്കും ജന്മം നൽകിയെങ്കിലും ഈ പ്രായത്തിൽ ആരും തന്നെ പരിപാലിക്കാൻ തയ്യാറല്ലെന്ന് വയോധിക തന്റെ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. അസുഖങ്ങളുള്ള ജീവിതം നയിക്കാൻ തനിക്ക് ഏറെ ബുദ്ധിമുട്ട് നേരിടുകയാണെന്നും പുട്ടവ്വ പരാതിയിൽ പറയുന്നു.

‘ഏഴ് ആൺ മക്കളും നാല് പെൺമക്കളുമുണ്ട്. പക്ഷേ, രോഗിയായ എന്നെ സംരക്ഷിക്കാൻ ആരുമില്ല. 30 ഏക്കറും ഫ്‌ളാറ്റ് ഉൾപ്പെടെ 7 വീടുകളുണ്ടായിട്ടും അതിന്റെയൊന്നും വരുമാനത്തിന്റെ പങ്ക് നൽകാൻ മക്കൾ തയാറല്ല. അയൽക്കാർ ആഹാരം നൽകുന്നതു കൊണ്ടാണു പട്ടിണിയില്ലാതെ കഴിയുന്നത്. ശാരീരികവും മാനസികവുമായ പ്രയാസങ്ങൾ സഹിക്കാനാകുന്നില്ല. മരണമല്ലാതെ മറ്റുമാർഗമില്ല’ പുട്ടവ്വ ഹർജിയിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here