സർക്കാർ വിഷയത്തെ നിസാരമായി കണ്ടതുകൊണ്ടാണ് ഒരു കുഞ്ഞിന്റെ ജീവൻ നഷ്ടമായതെന്ന് വി.ഡി.സതീശൻ

0

നായ്ക്കളുടെ ആക്രമണം സംബന്ധിച്ച് പ്രതിപക്ഷം നിയമസഭയിൽ അടിയന്തരപ്രമേയം ഉന്നയിച്ചപ്പോൾ വിഷയത്തെ നിസാരവത്ക്കരിക്കാനാണ് ആരോഗ്യമന്ത്രി ശ്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സർക്കാർ വിഷയത്തെ നിസാരമായി കണ്ടതുകൊണ്ടാണ് ഒരു കുഞ്ഞിന്റെ ജീവൻ നഷ്ടമായത്. സംസ്ഥാനത്ത് കുഞ്ഞുങ്ങൾക്കും വയോധികർക്കും പുറത്തിറങ്ങാനാകാത്ത അവസ്ഥയാണ് നിലനിൽക്കുന്നത്. എന്നിട്ടും സർക്കാർ നിസംഗരായി നോക്കിനിൽക്കുകയാണ്. അടിയന്തിരമായ നടപടികൾ സ്വീകരിക്കാൻ തയാറാകണം.

2020 മുതലാണ് നായയുടെ കടിയേറ്റവർ മരിക്കുന്നത് സംസ്ഥാനത്ത് വ്യാപകമായത്. സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പേവിഷബാധ വാക്സിനെ കുറിച്ചും ധാരാളം പരാതികൾ ഉയർന്ന് വന്നിട്ടുണ്ട്. ഇക്കാര്യം മന്ത്രി സമ്മതിച്ചില്ലെങ്കിലും വാക്സിൻ ഗുണനിലവാരത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. കൃത്യമായ പരിശോധനകൾ നടത്താതെയുള്ള വാക്സിനാണ് സംസ്ഥാനത്ത് മെഡിക്കൽ സർവീസസ് കോർപറേഷൻ വഴി സംഭരിച്ചിരിക്കുന്നത്. ഇതേക്കുറിച്ച് ഗൗരവമായി അന്വേഷിക്കണം.

ലോകാരോഗ്യ സംഘടന നിർദ്ദേശിച്ചിരിക്കുന്ന എ.ബി.സി പദ്ധതി നടപ്പാക്കുന്നതിൽ തദ്ദേശ സ്വയംഭരണ വകുപ്പും പരാജയപ്പെട്ടു. കഴിഞ്ഞ രണ്ട് വർഷമായി ഒരു തദ്ദേശ സ്ഥാപനങ്ങളിലും സ്റ്റെർലൈസേഷൻ നടക്കുന്നില്ല. അതാണ് നായ്ക്കളുടെ എണ്ണം ക്രമാതീതമായി വർധിക്കാനുള്ള പ്രധാന കാരണം. മാലിന്യ സംസ്‌കരണം കൃത്യമായി നടക്കാത്തതും നായ്ക്കളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. വാചകമടിയല്ലാതെ മാലിന്യ നിർമ്മാർജനത്തിന് വേണ്ടി ഫലപ്രദമായ ഒരു പദ്ധതി പോലും സംസ്ഥാനത്തില്ല.

LEAVE A REPLY

Please enter your comment!
Please enter your name here