സംസ്‌കാരം നടത്താന്‍ സമ്മതിച്ച് ബന്ധുക്കള്‍; പ്രതിഷേധവുമായി നാട്ടുകാരും; അങ്കിതയുടെ കൊലപാതകം ബിജെപിക്ക് തലവേദനയാകുമ്പോൾ

0

ഡെറാഢൂണ്‍: ഉത്തരാഖണ്ഡില്‍ കൊല്ലപ്പെട്ട റിസപ്ഷനിസ്റ്റ് അങ്കിത ഭണ്ഡാരിയുടെ സംസ്‌കാര ചടങ്ങ് നടത്താന്‍ സമ്മതിച്ച് ബന്ധുക്കള്‍. മൃതദേഹം ഏറ്റുവാങ്ങാന്‍ അച്ഛനും ബന്ധുക്കളും ആശുപത്രിയിലെത്തി. സംസ്‌കാരചടങ്ങിനിടെ ആള്‍ക്കൂട്ടത്തെ ഒഴിപ്പിക്കാന്‍ നടപടിയെടുക്കണമെന്നും കുടുംബം അധികൃതരോട് ആവശ്യപ്പെട്ടു. കേസിലെ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് മൃതദേഹം സംസ്‌കരിക്കാന്‍ ബന്ധുക്കള്‍ വിസമ്മതിച്ചിരുന്നു.

റിസോര്‍ട്ട് പൊളിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത പെണ്‍കുട്ടിയുടെ കുടുംബം, മുതിര്‍ന്ന ബിജെപി നേതാവിന്റെ മകന്‍ ഒന്നാം പ്രതിയായ കേസില്‍ തെളിവ് നശിപ്പിക്കാനാണ് ശ്രമമെന്നും ആരോപിച്ചു. പോസ്റ്റ്‌മോര്‍ട്ടം വീണ്ടും നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു. ശ്വാസനാളത്തില്‍ വെള്ളംകയറിയാണ് മരണമെന്നും ശരീരത്തില്‍ മുറിവുകള്‍ ഉണ്ടെന്നുമാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മോര്‍ച്ചറിക്ക് മുന്നിലും വലിയ പ്രതിഷേധമാണ് ഉണ്ടായത്.

ഭോഗ്പുരിലെ റിസോര്‍ട്ടില്‍നിന്ന് കഴിഞ്ഞ 18നു കാണാതായ അങ്കിത ഭണ്ഡാരിയുടെ (19) മൃതദേഹം ഇന്നലെയാണ് ചീല കനാലിനടുത്തുനിന്ന് കണ്ടെടുത്തത്. അതിഥികള്‍ക്കു ലൈംഗിക സേവനത്തിനു വിസമ്മതിച്ചതിനാല്‍ റിസോര്‍ട്ട് ഉടമയും കൂട്ടാളികളും കൊലപ്പെടുത്തിയെന്നാണ് കേസ്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയുടെ നിര്‍ദേശപ്രകാരം റിസോര്‍ട്ട് ഇടിച്ചു നിരത്തിയിരുന്നു. നാട്ടുകാര്‍ നേരത്തേതന്നെ റിസോര്‍ട്ട് അടിച്ചു തകര്‍ക്കുകയും തീയിടുകയും ചെയ്തിരുന്നു.

ബിജെപി നേതാവ് വിനോദ് ആര്യയുടെ മകന്‍ പുള്‍കിത് ആര്യയുടെ ഉടമസ്ഥതയിലുള്ളതാണ് റിസോര്‍ട്ട്. പുള്‍കിത് ആര്യ, റിസോര്‍ട്ട് മാനേജര്‍ സൗരഭ് ഭാസ്‌കര്‍, അസി. മാനേജര്‍ അങ്കിത് ഗുപ്ത എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ആരോപണത്തിന് പിന്നാലെ ഇരുവരെയും ബിജെപി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here