മതവിദ്യാഭ്യാസത്തിന് വിലങ്ങാകുന്ന വിധത്തിൽ പൊതുവിദ്യാഭ്യാസം അരുത്; ഖാദർ കമ്മിറ്റി ശുപാർശക്കെതിരെ മുസ്ലീം ലീഗ് രം​ഗത്ത്; പിഎംഎ സലാമി​ന്റെ പ്രതികരണം ഇങ്ങനെ..

0

മലപ്പുറം: ഖാദർ കമ്മിറ്റി ശുപാർശക്കെതിരെ മുസ്ലീം ലീഗ് രം​ഗത്ത്. സംസ്ഥാനത്തെ സ്‌കൂൾ പ്രവർത്തന സമയം മാറ്റാനുള്ള ശുപാർശ നടപ്പാക്കരുതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. ശുപാർശ നടപ്പാക്കിയാൽ മതവിദ്യാഭ്യാസത്തെ ഇല്ലാതാക്കുമെന്നും സലാം പറഞ്ഞു.

മതവിദ്യാഭ്യാസത്തിന് വിലങ്ങാകുന്ന വിധത്തിൽ പൊതു വിദ്യാഭ്യാസത്തിന്റെ സമയമാറ്റം അരുത്. ശുപാർശ അംഗീകരിക്കരുത്. ശുപാർശയിൽ തീരുമാനമെടുക്കും മുമ്പ് സർക്കാർ മത സംഘടനകളുമായി ചർച്ച നടത്തണം. വഖഫ് വിഷയം പോലെ സർക്കാരിന് ഇതിലും അബദ്ധം പറ്റരുതെന്നും സലാം അഭിപ്രായപ്പെട്ടു.

ഈ വിഷയത്തിൽ കേരളത്തിലെ മതസംഘടനകൾക്കൊപ്പം മുസ്ലിം ലീഗ് ഉറച്ചു നിൽക്കുന്നതായി പിഎംഎ സലാം വ്യക്തമാക്കി. സ്‌കൂൾ പഠന സമയം രാവിലെ 8 മുതൽ 1 മണി വരെ ആക്കണമെന്നാണ് ഖാദർ കമ്മിറ്റിയുടെ ശുപാർശ. സ്‌കൂൾ പഠന സമയക്രമത്തിൽ മാറ്റത്തിന് ശുപാർശ ചെയ്യുന്ന ഖാദർ കമ്മിറ്റിയുടെ രണ്ടാം റിപ്പോർട്ടാണ് സർക്കാരിന് സമർപ്പിച്ചിരിക്കുന്നത്

പഠനത്തിന് ഏറ്റവും അനുയോജ്യമായ സമയം രാവിലെയാണെന്നും അതിന് ശേഷമുള്ള സമയം കായിക പഠനം അടക്കമുള്ള മറ്റുളള കാര്യങ്ങൾക്ക് മാറ്റിവെക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. അധ്യാപക പഠനത്തിന് അഞ്ച് വർഷത്തെ കോഴ്‌സിനും കമ്മിറ്റി ശുപാർശ മുന്നോട്ടുവെച്ചിട്ടുണ്ട്. പ്ലസ് ടുവിന് ശേഷം ടിടിസിക്കും ബിഎഡിനും പകരം അഞ്ച് വർഷത്തെ ഒറ്റ കോഴ്‌സെന്നാണ് മുന്നോട്ട് വെക്കുന്ന നിർദ്ദേശം.

സർക്കാരിന്റെ സ്‌കൂൾ സമയ മാറ്റ നീക്കത്തിനെതിരെ കടുത്ത പ്രതിഷേധവുമായി സമസ്ത രംഗത്ത് വന്നിരുന്നു ശുപാർശ മദ്രസ പ്രവർത്തനത്തെയും മത പഠനത്തെയും അട്ടിമറിക്കുമെന്നാണ് വിമർശനം. പിന്നിൽ മതനിഷേധ താല്പര്യമുള്ളവരാണെന്നും നീക്കത്തിനെതിരെ അതിശക്തമായ പ്രക്ഷോഭങ്ങൾ സമസ്ത ഉൾപ്പെടെയുള്ള സംഘടനകൾ നടത്തുമെന്നും സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ പ്രതികരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here