നവരാത്രിയിൽ ഒരു ‘യമുനാസംഗീതം’ കേൾക്കാം. സമർപ്പണം 26ന് കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിലെ സ്വരമണ്ഡപത്തിൽ.

0

പെരുമ്പാവൂർ: അറുപത്തിരണ്ടാം വയസ്സിൽ തന്റെ ചിരകാല ആഗ്രഹപൂർത്തീകരണമായി ഒരു നവരാത്രി ഗാനത്തിന് സംഗീതസംവിധാനം
നിർവ്വഹിച്ച് റെക്കോർഡിംഗ് പൂർത്തിയാക്കിയിരിക്കുകയാണ് പെരുമ്പാവൂരിന്റെ സ്വന്തം ഗായിക യമുന ഗണേഷ്. പത്താമത്തെ വയസ്സിൽ പെരുമ്പാവൂരിലെ രാഗം തിയറ്റേഴ്‌സിൽ ഗായികയായി അരങ്ങേറ്റം കുറിച്ച യമുനയുടെ സംഗീതയാത്ര അമ്പതാണ്ട് പിന്നിട്ട വേളയിലാണ് സ്വന്തം സംഗീതസംവിധാനത്തിലൂടെ ഒരു നവരാത്രിഗീതം വീഡിയോ ആൽബമായി പുറത്തിറങ്ങുന്നത്. 1978-കളിൽ മൂവാറ്റുപുഴ എയ്ഞ്ചൽ വോയ്‌സ് ഗാനമേള സംഘത്തിലൂടെയാണ് കേരളത്തിലുടനീളം അറിയപ്പെടുന്ന ഗായികയായി യമുന മാറിയത്. കൊച്ചിൻ കലാഭവനിലൂടെയും, കൊച്ചിൻ സി.എ.സി.യിലൂടെയും തൃശ്ശൂർ കലാസദൻ, തൃശ്ശൂർ വേവ്സ്, ഏലൂർ സംഗീതഭവൻ ട്രൂപ്പുകളിലൂടെയും ഇരുപതിനായിരത്തോളം വേദികളിൽ സംഗീതാസ്വാദകർ നിറഞ്ഞ കൈയ്യടി നൽകിയ ആലാപനമാധുരിയ്ക്കുടമ. ഷഷ്ട്യബ്ദപൂർത്തിയിൽ നടക്കാതിരുന്ന ആഗ്രഹസാഫല്യമാണ് ‘കച്ഛപി’ എന്ന തന്റെ പ്രഥമ സംഗീത വീഡിയോ ആൽബത്തിലൂടെ നിറവേറുന്നതെന്ന്, പ്രശസ്ത സംഗീതസംവിധായകൻ പെരുമ്പാവൂർ ജി. രവീന്ദ്രനാഥിന്റെ പ്രഥമ ശിഷ്യകൂടിയായ യമുന പറഞ്ഞു. ആറു വയസുള്ളപ്പോഴാണ് അദ്ദേഹത്തിനു കീഴിൽ ശാസ്ത്രീയ സംഗീതമഭ്യസിയ്ക്കാൻ തുടങ്ങിയത്. രവീന്ദ്രനാഥിന്റെ അയൽവാസികളായി കടുവാളിലായിരുന്നു അന്ന് യമുനയും കുടുംബവും താമസിച്ചിരുന്നത്. പത്തു വയസ്സുമുതലാണ് ഗാനമേളകളിൽ സജീവമാകുന്നത്. അച്ഛൻ പൊയ്യയിൽ ശ്രീധരന്റെ ആഗ്രഹമായിരുന്നു മകൾ കേരളം അറിയപ്പെടുന്ന ഒരു ഗായികയായി മാറണമെന്നത്. ആദ്യകാലങ്ങളിൽ വർഷത്തിൽ 365 ദിവസവും ഗാനമേളകൾ ഉണ്ടായിരുന്ന കാലം യമുന ഓർത്തെടുക്കുന്നു. എല്ലായിടങ്ങളിലേയ്ക്കും അച്ഛന്റെ കൂടെയായിരുന്നു യാത്ര. 1970-ൽ പെരുമ്പാവൂർ ബോയ്സ് ഹൈസ്‌കൂളിലെ അദ്ധ്യാപകനും നാടകപ്രവർത്തകനുമായിരുന്ന പി. ആർ. സുകുമാരൻ പെരുമ്പാവൂരിൽ രൂപീകരിച്ച പ്രശസ്തമായ ‘പെരുമ്പാവൂർ നാടകശാലയ്ക്ക്’ വേണ്ടി ഒട്ടേറെ നാടകഗാനങ്ങൾ വേദിയിൽ ലൈവ് പാടിയിട്ടുണ്ട് യമുന. കുതിരവട്ടം പപ്പു, മാളാ അരവിന്ദൻ തുടങ്ങിയരെല്ലാം നാടകശാലയ്‌ക്കൊപ്പമുണ്ടായിരുന്ന കാലം. അന്തരിച്ച ഗായകനും മൂവാറ്റുപുഴ ഏയ്ഞ്ചൽ വോയ്‌സിന്റെ ഡയറക്ടറുമായിരുന്ന ഫാ. കുര്യാക്കോസ് കച്ചിറമറ്റത്തിന്റെ അനുഗ്രഹാശ്ശിസുകൾ എന്നും യമുനയ്ക്കൊപ്പമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ മരണശേഷവും മൂവാറ്റുപുഴ എയ്ഞ്ചൽ വോയ്‌സിനൊപ്പം ഇപ്പോഴും വേദികളിൽ യമുനയെ കാണാം. മലയാളത്തിലെ ആദ്യകാല ചലച്ചിത്രഗാനങ്ങൾ അതീവഹൃദ്യമായി ആലപിച്ച് ആസ്വാദകരുടെ കൈയ്യടിനേടിയ ഈ ഗായിക, പതിനാറു വയസ്സുള്ളപ്പോൾ ഓഡിഷനിലൂടെ ആകാശവാണി തൃശ്ശൂർ നിലയത്തിലെ ‘ബി’ ഗ്രേഡ് ആർട്ടിസ്റ്റായതാണ്. നിരവധി ലളിതഗാനങ്ങൾ ആകാശവാണിയിലൂടെ പുറംലോകം കേട്ടു. യമുനയോടൊപ്പം ഗാനമേളകളിൽ പാടിയിരുന്ന ജെൻസിയ്ക്കും മിൻമിനിയ്ക്കുമൊക്കെ സിനിമകളിൽ പാടാൻ അവസരം ലഭിച്ചപ്പോൾ, നിർഭാഗ്യമൊന്നുകൊണ്ടുമാത്രം സംഗീതസംവിധായകരുടെ ശ്രദ്ധ യമുനയിൽ പതിഞ്ഞില്ല. അവസരത്തിനായി അക്കാലത്ത് മദിരാശിയിലേക്ക്‌ സംഗീതസംവിധായകരെ തേടിപ്പോകാനുള്ള സാമ്പത്തികശേഷിയോ സൗകര്യമോ കുടുംബത്തിനുണ്ടായിരുന്നില്ല. എങ്കിലും 1980-ൽ അക്കാലത്ത് മറ്റു പല ഗായകർക്കും കിട്ടാതിരുന്ന ഒരു ഭാഗ്യം യമുനയെ തേടി വന്നു. ഗാനങ്ങൾ ആലേഖനം ചെയ്ത കാസെറ്റുകൾ രംഗപ്രവേശം ചെയ്ത കാലം. മലയാളത്തിലെ ആദ്യത്തെ ഭക്തിഗാന കാസെറ്റിൽ യമുനയുടെ ശബ്ദവും ആലേഖനം ചെയ്യപ്പെട്ടു. പി. ജയചന്ദ്രൻ, മെഹബൂബ്, കാഞ്ഞങ്ങാട് രാമചന്ദ്രൻ, കാവാലം ശ്രീകുമാർ, ടി.എസ്. രാധാകൃഷ്ണൻ, ഭവാനി മേനോൻ, ഉഷാ മനോഹരൻ, വിജു ശാന്താറാം, എറണാകുളം ഗോപൻ എന്നിവരോടൊപ്പം പാടാൻ ലഭിച്ച അവസരം ഒരു ഭാഗ്യമായി കാണുകയാണ് ഇന്ന് യമുന. ആർ.കെ. ദാമോദരന്റെ വരികൾക്ക് ടി. എസ്. രാധാകൃഷ്ണൻ ഈണമിട്ട് കൊച്ചിൻ ഹരിശ്രീയുടെ ബാനറിൽ പുറത്തിറങ്ങിയ ലക്ഷ്മീപതേ തവവദനം നളിനം.. എന്ന ഗാനം ശ്രദ്ധിയ്ക്കപ്പെട്ടു. 2005-ൽ ഭർത്താവ് ഇരിങ്ങാലക്കുട സ്വദേശി ഗണേഷ് ആറ്റുപുറത്തിന്റെ അകാല ദേഹവിയോഗത്തോടെ യമുന സംഗീതജീവിതത്തിൽ നിന്നും കുറച്ചുകാലം വിട്ടു നിൽക്കുകയായിരുന്നു. ഭർതൃവീട്ടിൽ നിൽക്കുന്ന കാലയളവിൽ തൃപ്പൂണിത്തുറ ആർ.എൽ.വി.യിലെ അദ്ധ്യാപകനായിരുന്ന ഇരിങ്ങാലക്കുട മൊയ്‌ദീൻ ഭാഗവതർ, അന്തരിച്ച ഇരിങ്ങാലക്കുട ഭാഗ്യലത ടീച്ചർ എന്നിവരുടെ കീഴിൽ ശാസ്ത്രീയസംഗീതം അഭ്യസിച്ചിരുന്നു. അറുപതു പിന്നിട്ടിട്ടും ഇപ്പോഴും യമുന സംഗീതപഠനത്തിനു മുടക്കം വരുത്തിയിട്ടില്ല. വർഷങ്ങളായി വായ്പ്പാട്ടിലും വീണയിലും പെരുമ്പാവൂർ രാജലക്ഷ്മി അശോകന്റെ ശിഷ്യയാണ്. പൊയ്യയിൽ പി. എ. ശ്രീധരന്റെയും കാർത്ത്യായനിയുടെയും മകൾക്ക് അച്ഛൻ വഴിയിലാണ് സംഗീതവാസന ജന്മസിദ്ധമായത്. അച്ഛൻ പെങ്ങൾമാരായ മൂവർസംഘം കേരളത്തിലെ അറിയപ്പെടുന്ന കഥാപ്രാസംഗികരായിരുന്നു. സുകുമാരി സിസ്റ്റേഴ്സ് എന്നറിയപ്പെട്ടിരുന്ന അമ്മായിമാരുടെയും (തങ്കം, സുകുമാരി, അംബുജം) പ്രോത്സാഹനാം വേണ്ടുവോളമുണ്ടായിരുന്നു. നൃത്താധ്യാപിക കലാമണ്ഡലം സുമതി, കലാമണ്ഡലം വസന്ത, തബലിസ്റ്റ് വിക്രമൻ നായർ, പെരുമ്പാവൂർ ഫൈൻ ആർട്ട്സ് സൊസൈറ്റിയുടെ പ്രവർത്തകൻ കെ. മോഹനൻ തുടങ്ങിയവരൊക്കെ യമുനയ്ക്ക് എല്ലാവിധ പിന്തുണയും നൽകി കൂടെ നിന്നവരാണ്. ഗായകൻ കൂടിയായ ഏക മകൻ അരുൺ ഗണേഷ് മുംബൈയിലെ ഷിപ്പിംഗ് കമ്പനിയിൽ ഉദ്യോഗസ്ഥനാണ്. അമ്മയും മകനുമൊരുമിച്ച് ഗുരുവായൂർ ചെമ്പൈ സംഗീതോത്സവത്തിൽ നിരവധിതവണ പാടിയിട്ടുണ്ട്. വല്ലം പഴുക്കാമറ്റം ഭഗവതി ക്ഷേത്രത്തിനു സമീപമാണ് യമുന ഇപ്പോൾ താമസിക്കുന്നത്. ചേലാമറ്റം കോട്ടയിൽ ശാസ്താക്ഷേത്രത്തിൽ ഒരു സംഗീതവിദ്യാലയം നടത്തുന്നുണ്ട്. യു. എസ്. അടക്കമുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഓൺലൈനിൽ ശിഷ്യരായിട്ടുണ്ട്. സ്വന്തമായി സംഗീതസംവിധാനം നിർവ്വഹിച്ച ഗാനം നവരാത്രിയോടനുബന്ധിച്ച് യു-ട്യൂബിലൂടെയും ഫെയ്സ്ബുക്കിലൂടെയും പ്രദർശിപ്പിക്കുന്നതിനു മുന്നോടിയായി സെപ്റ്റംബർ 26 തിങ്കളാഴ്ച രാവിലെ 10ന് കൊല്ലൂർ മൂകാംബിക ക്ഷേത്രസന്നിധിയിലെ സ്വരമണ്ഡപത്തിൽ പാടി സമർപ്പിക്കുവനായി പോകുകയാണ് യമുന. കലകൾ സംഗമിയ്ക്കും ശരന്നവരാത്രിയിൽ.. എന്ന ഗാനം എഴുതിയിരിക്കുന്നത് കൂവപ്പടി ജി. ഹരികുമാർ ആണ്. പശ്ചാത്തല സംഗീതം നിർവ്വഹിച്ചത് കുറുപ്പംപടി തുരുത്തി പുഴുക്കാട് ഗവണ്മെന്റ് എൽ.പി. സ്‌കൂളിലെ ഹെഡ്മാസ്റ്റർ കൂടിയായ ലിൻസൺ ദേവസ്സി ഇഞ്ചയ്ക്കൽ. സരസ്വതി രാഗത്തിൽ ചിട്ടപ്പെടുത്തിയ ഗാനം യമുനയും സുഹൃത്തായ ഗണേഷ് ശങ്കർ നെടുമ്പിള്ളിയും ചേർന്നാലപിച്ചിരിക്കുന്നു. ശബ്ദലേഖനം, മിശ്രണം: മണിലാൽ നാദം, ദൃശ്യചിത്രീകരണം സംയോജനം: വിനോജ് കളമ്പാട്ടുകുടി. വീഡിയോ ആൽബത്തിന്റെ സിഡി പ്രകാശനം നെടുമ്പാശ്ശേരി ആവണംങ്കോട് സരസ്വതി ക്ഷേത്രത്തിലും നടക്കുമെന്ന് യമുന പറഞ്ഞു.

ഫോട്ടോകൾ ഇതിനൊപ്പമുണ്ട്.
(തയ്യാറാക്കിയത് : കൂവപ്പടി ജി. ഹരികുമാർ – മൊബൈൽ: 8921918835)

ഗ്രൂപ്പ് ഫോട്ടോ – അടിക്കുറിപ്പ് : റെക്കോർഡിംഗ് വേളയിൽ ഗായിക യമുന ഗണേഷിനൊപ്പം ഗായകൻ ഗണേഷ് ശങ്കർ നെടുമ്പിള്ളി, പശ്ചാത്തല സംഗീതജ്ഞൻ ലിൻസൺ ദേവസ്സി ഇഞ്ചയ്ക്കൽ, ഗാനരചയിതാവ് കൂവപ്പടി ജി. ഹരികുമാർ എന്നിവർ.

കൂടുതൽ വിവരങ്ങൾക്ക് :
ശ്രീമതി യമുന ഗണേഷ്,
പഴുക്കാമറ്റം ക്ഷേത്രത്തിനു സമീപം
വല്ലം ജംഗ്‌ഷൻ, ചേലാമറ്റം.
(മൊബൈൽ : 9995961672)

LEAVE A REPLY

Please enter your comment!
Please enter your name here