ഉണ്ടായത് ആസൂത്രിത ആക്രമണങ്ങൾ; അക്രമം നടത്തിയ ആരെയും രക്ഷപ്പെടാൻ അനുവദിക്കില്ല’; പോപ്പുലർ ഫ്രണ്ട് ഹർത്താലിന് എതിരെ മുഖ്യമന്ത്രി

0

തിരുവനന്തപുരം: ഭൂരിപക്ഷ വർഗീയത വർഗീയതയുടെ മൂർത്തി​ഭാവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പോപുലർ ഫ്രണ്ട് ഹർത്താലിനിടെയുണ്ടായത് ആസൂത്രിതമായ ആക്രമണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ ഉണ്ടാകാത്ത രീതിയിലുള്ള ആക്രമണമാണ് ഉണ്ടായത്. ഇത്തരം അക്രമങ്ങളെ പ്രോത്സാഹിപ്പിക്കാനാകില്ലെന്നും അക്രമം നടത്തിയ ആരെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള പൊലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷൻ 22-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ വർഗീയ ശക്തികളെ തടയാൻ കേരള പൊലീസിന് നല്ല നിലയിൽ കഴിയുന്നുണ്ട്. കേരള പൊലീസിന്‍റെ ഇടപെടലാണ് പല വിഷയങ്ങളെയും വലിയ സംഭവമായി മാറാതെ തടഞ്ഞതെന്നും പിണറായി വിജയൻ പറഞ്ഞു. വർഗീയ ശക്തികളെ പ്രോത്സാഹിപ്പിക്കുന്ന ചിലര്‍ കേരളത്തിലുണ്ടെന്നും മുഖ്യമന്ത്രി പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

നിക്ഷിപ്ത താൽപര്യങ്ങളുടെ പുറത്ത് വർഗീയ ശക്തികളോട് സമരസപ്പെടാൻ ചിലർ ശ്രമിക്കുന്നു. താൽക്കാലിക നേട്ടത്തിന് വർഗീയ ശക്തികളുടെ സഹായം ചിലർ തേടാറുണ്ട്. രാജ്യത്തെ വർഗീയതയുടെ മൂർത്തിഭാവം ഭൂരിപക്ഷ വർഗീയതയാണെന്നും ന്യൂനപക്ഷങ്ങളെ ഇതിന്‍റെ പേരിൽ വേട്ടയാടുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ഈ അമർഷത്തെയും രോഷത്തെയും തെറ്റായ രീതിയിൽ തിരിച്ചു വിട്ടാണ് ന്യൂനപക്ഷ വർഗീയതയെ ചിലർ സൃഷ്ടിച്ചത്. ഒരു വർഗീയതയെ മറ്റൊരു വർഗീയത കൊണ്ട് നേരിടാമെന്നത് ആത്മഹത്യാപരമാണെന്നും ഇവ രണ്ടും പരസ്പര പൂരകങ്ങളാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പോപുലര്‍ ഫ്രണ്ടിനെ താൽക്കാലിക ലാഭത്തിന് ഒപ്പം നിർത്തിയവരുണ്ടെന്നും അവർ അക്കാര്യം ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.വർഗീയതയ്ക്ക് വർഗീയതയുടെ സ്വഭാവം മാത്രമാണെന്നും അവരെ വാക്കിലോ, നോക്കിലോ അനുകൂലിക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here