മുഷിഞ്ഞ വസ്ത്രം ഊരിമാറ്റാൻ ആവശ്യപ്പെട്ട് സ്കൂൾ ടീച്ചർ; അടിവസ്ത്രം മാത്രം ധരിച്ച് പെൺകുട്ടി ഇരുന്നത് രണ്ട് മണിക്കൂർ;

0

ഭോപ്പാൽ: സ്കൂളിൽ മറ്റു കുട്ടികളുടെ മുന്നിൽ വെച്ച് പെൺകുട്ടിയുടെ മുഷിഞ്ഞ വസ്ത്രം ഊരിമാറ്റിച്ച് സ്കൂൾ ടീച്ചർ. അഞ്ചാം ക്ലാസുകാരിയോടാണ് ടീച്ചർ മുഷിഞ്ഞ വസ്ത്രം ഊരിമാറ്റാൻ ആവശ്യപ്പെട്ടത്. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നതോടെ സ്‌കൂൾ ടീച്ചറെ സസ്‌പെൻഡ് ചെയ്തു.

മധ്യപ്രദേശിലെ ഷാഡോൾ ജില്ലയിൽ വെള്ളിയാഴ്ചയാണ് സംഭവം. അടിവസ്ത്രം മാത്രം ധരിച്ച് രണ്ടു മണിക്കൂർ നേരമാണ് പത്തുവയസ് പ്രായമുള്ള പെൺകുട്ടി ഇരുന്നത്. അടിവസ്ത്രം മാത്രം ധരിച്ച് പെൺകുട്ടി നിൽക്കുന്ന ചിത്രം സോഷ്യൽമീഡിയയിൽ അടക്കം പ്രചരിച്ചതോടെയാണ് പ്രതിഷേധം ഉയർന്നത്.

മറ്റു കുട്ടികളുടെ മുന്നിൽ വച്ചാണ് പെൺകുട്ടിയോട് മുഷിഞ്ഞ വസ്ത്രം ഊരിമാറ്റാൻ അധ്യാപകൻ ആവശ്യപ്പെട്ടത്. തുടർന്ന് അധ്യാപകൻ ശ്രാവൺ കുമാർ മുഷിഞ്ഞ വസ്ത്രം അലക്കുന്നതും തൊട്ടരികിൽ മറ്റു പെൺകുട്ടികൾ നിൽക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

വസ്ത്രം ഉണങ്ങുന്നത് വരെ രണ്ടുമണിക്കൂർ നേരമാണ് പെൺകുട്ടി അതേ അവസ്ഥയിൽ ഇരുന്നതെന്ന് ഗ്രാമവാസികൾ ആരോപിക്കുന്നു. ഗ്രാമത്തിൽ ആദിവാസി കാര്യ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സർക്കാർ പ്രൈമറി സ്‌കൂളിലാണ് സംഭവം നടന്നത്. ചിത്രം വ്യാപകമായി പ്രചരിച്ചതോടെ, ഗ്രാമവാസികൾ ഒന്നടങ്കമാണ് പ്രതിഷേധിച്ചത്.

Leave a Reply