മദ്യം വീട്ടിലെത്തിക്കാമെന്ന്‌ ഓണ്‍ലൈന്‍ പരസ്യം; പണം തട്ടിയ യുവാവ്‌ പിടിയില്‍

0

ന്യൂഡല്‍ഹി: മദ്യം വീട്ടിലെത്തിച്ചുതരാമെന്നു ഗുര്‍ഗാവിലെ പ്രമുഖ മദ്യവില്‍പ്പനശാലകളുടെ പേരില്‍ പേരില്‍ ഓണ്‍ലൈന്‍ പരസ്യം നല്‍കി തട്ടിപ്പുനടത്തിയ കേസില്‍ യുവാവ്‌ പിടിയില്‍. അസറുദ്ദീന്‍ ഖാന്‍ (23) എന്നയാള്‍ ഇരുന്നൂറുലധികം പേരെ കബളിപ്പിച്ചു പണം തട്ടിയെന്നാണു പരാതി. രാജസ്‌ഥാനിലെ ഭരത്‌പുര്‍ കേന്ദ്രീകരിച്ചാണ്‌ ഇയാളുടെ പ്രവര്‍ത്തനം. ഗൂഗിള്‍ ആഡ്‌ വഴിയാണ്‌ ഇയാള്‍ തന്റെ വ്യാജ കമ്പനിയുടെ പരസ്യം നല്‍കിയിരുന്നത്‌.
ഡല്‍ഹി സ്വദേശി നല്‍കിയ പരാതിയെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു പ്രതി കുടുങ്ങിയത്‌. മദ്യം വാങ്ങാനായി ഓര്‍ഡര്‍ നല്‍കിയ ഡല്‍ഹി സ്വദേശി പരസ്യത്തില്‍ പറഞ്ഞിരുന്ന ഫോണ്‍ നമ്പറിലേക്ക്‌ ബാങ്ക്‌ അക്കൗണ്ട്‌ നമ്പര്‍ കൈമാറിയിരുന്നു.
പിന്നീട്‌ വന്ന ഒടിപി വെളുപ്പെടുത്തിയതോടെ അക്കൗണ്ടില്‍നിന്ന്‌ 78,374 രൂപ നഷ്‌ടമായി. ഇതിനുശേഷം പ്രതിയുമായി ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നും പരാതിയില്‍ പറയുന്നു. ഡല്‍ഹിയില്‍നിന്നുള്ള പോലീസ്‌ സംഘം ഭരത്‌പൂരിലെത്തിയാണ്‌ പ്രതിയെ കസ്‌റ്റഡിയില്‍ എടുത്തത്‌. കഴിഞ്ഞ ഒരു വര്‍ഷമായി ഇയാള്‍ സമാനമായ തട്ടിപ്പു നടത്തിവരികയായിരുന്നെന്നു പോലീസ്‌ പറഞ്ഞു.

Leave a Reply