കൊല്ലംകാരും ആലപ്പുഴക്കാരും ഇത്ര കുഴപ്പക്കാരോ? കേരളാ പൊലീസ് സോറി പറയണ്ടേ?’ കേരള പോലീസിന്റെ പോസ്റ്റിനു താഴെ കമന്റിന്റെ പെരുമഴ

0

നിസാര സംഭവങ്ങളെച്ചൊല്ലി അടുത്തകാലത്തായി ഉണ്ടായ അതിക്രമങ്ങളെക്കുറിച്ച് കേരള പൊലീസ് ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച ഒരു വീഡിയോയും അതിന്‍റെ ക്യാപ്ഷനുമാണ് ഇപ്പോൾ ചർച്ചയാകുന്നത്. തല്ലുമാല എന്ന സിനിമയിലെ ഒരു രംഗം ചൂണ്ടിക്കാട്ടി, ഒരു സോറി പറഞ്ഞാൽ തീരാവുന്ന പ്രശ്നം മാത്രമെ ഈ ദുനിയാവിലുള്ളുവെന്നാണ് കേരള പൊലീസ് പറയുന്നത്. എന്നാൽ ഈ വീഡിയോയ്ക്കൊപ്പം ചേർത്ത ക്യാപ്ഷനാണ് ഇപ്പോൾ വിവാദമാകുന്നത്. ആ ക്യാപ്ഷൻ ഇങ്ങനെയാണ്…

തല്ല് വേണ്ട സോറി മതി🤗
”ആരാണ് ശക്തൻ..
മല്ലയുദ്ധത്തിൽ എതിരാളിയെ മലർത്തിയടിക്കുന്നവനല്ല,
മറിച്ച് തന്റെ കോപത്തെ അടക്കിനിർത്തുന്നവനാണ് ശക്തൻ”
Anyway ഒരു സോറിയിൽ തീരാവുന്ന പ്രശ്നങ്ങളെ ഈ ദുനിയാവിലുള്ളൂ❤️
അതിപ്പോ കൊല്ലത്തായാലും ആലപ്പുഴ ആയാലും 😎keralapolice

ഈ ക്യാപ്ഷനിലൂടെ പ്രശ്നങ്ങളേറെയും നടക്കുന്നത് കൊല്ലം, ആലപ്പുഴ ജില്ലകളിലാണെന്ന് പൊലീസ് പറഞ്ഞുവെക്കുന്നതായാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത്. ഏതായാലും മറ്റ് ജില്ലകളിൽ അടുത്ത കാലത്തായി നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചുള്ള വാർത്തകളുമായാണ് ഫേസ്ബുക്കിൽ വിമർശകർ രംഗത്തെത്തുന്നത്. ഇക്കാര്യത്തിൽ കൊല്ലം, ആലപ്പുഴ ജില്ലക്കാരെ കുഴപ്പക്കാരാണെന്ന് ചിത്രീകരിക്കുന്നതിൽ പൊലീസ് സോറി പറയണമെന്നാണ് ആവശ്യമുയരുന്നത്.

ഏതായാലും കേരള പൊലീസ് പങ്കുവെച്ച പോസ്റ്റിന് അടിയിൽ നിരവധി കമന്‍റുകളാണ് വരുന്നത്. കൊല്ലത്തും ആലപ്പുഴയും മാത്രേ ഉള്ളു പോലീസ് സ്റ്റേഷൻ ഉം കോടതിയും.. ബാക്കി ഉള്ളടത്തൊക്കെ… സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ.. ആഹാ

അപ്പോൾ, കേരളം എന്നാൽ കൊല്ലവും ആലപ്പുഴയും മാത്രമേ ഉള്ളോ സാറേ??? കേരളത്തിൽ പ്രളയം വന്നപ്പോൾ, ഇപ്പോൾ നിങ്ങളുൾപ്പെടെ ട്രോളിയ, കൊല്ലം കാരും ആലപ്പുഴക്കാരും മാത്രമേ ഉണ്ടായിരുന്നുള്ളൂ… ഞങ്ങളുടെ ഇടയിൽ എന്തേലും പ്രശ്നം ഉണ്ടായാൽ പറഞ്ഞു തീർക്കും അതുമല്ലെങ്കിൽ തല്ലിത്തീർക്കും, അല്ലാതെ, ആ പക, മരിക്കുവോളം മനസ്സിൽ കൊണ്ട് നടക്കില്’- എന്നാണ് മറ്റൊരാൾ കമന്‍റിട്ടിരിക്കുന്നത്.

‘തിരുവനന്തപുരത്ത് പിങ്ക് പോലിസ് കൊച്ചിനെയും അച്ചനെയും പബ്ലിക് ആയി നാണംകെടുത്തിയപ്പൊൾ. ഇ പറഞ്ഞ ഒരു സോറി മതിയായിരുന്നു പറയുമ്പോൾ എല്ലാം പറയണമല്ലോ..’- എന്ന കമന്‍റും ഉണ്ടായിരുന്നു.

‘ഒരു സോറി കൊണ്ട് എല്ലാം അവസാനിച്ചു എങ്കിൽ എത്ര നന്നായേനെ, ,പിന്നെ നിങ്ങൾ പോലീസ്കാർക്ക് ജോലി ഇല്ലാതെ ആയി പോകുമല്ലോ എന്നു പേടിച്ച ആ സോറി മഹത്വവത്കരിച്ചു അക്ഷരം മാറ്റി പറയുന്നത്’- മറ്റൊരാൾ കമന്‍റിട്ടു.

കല്ല്യാണ സദ്യയില്‍ പപ്പടം കിട്ടിയില്ല എന്ന പേരിലായിരുന്ന ആലപ്പുഴയിലെ വൈറലായ കൂട്ടത്തല്ല് നടന്നത്. വിവാഹസദ്യക്കിടയില്‍ പപ്പടം കിട്ടാത്തതിനെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. തമ്മിലടിയില്‍ ഓഡിറ്റോറിയം ഉടമയുള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു. ലക്ഷങ്ങളുടെ നഷ്ടമാണ് അടിപിടിയില്‍ ഓഡിറ്റോറിയത്തിന് സംഭവിച്ചത്. വർഷങ്ങളായി പ്രണയത്തിലായിരുന്ന യുവാവും യുവതിയും വിവാഹ തലേന്നുണ്ടായ തർക്കത്തെ തുടർന്ന് തെറ്റിപ്പിരിഞ്ഞതിന് പിന്നാലെയാണ് കൊല്ലത്ത് ‘തല്ലുമാല’ അരങ്ങേറിയത്.. ബന്ധുക്കൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ വരന്റെ പിതാവിന് പരിക്കേറ്റിരുന്നു.

ആറ്റിങ്ങൽ മുൻസിപ്പൽ ബസ് സ്റ്റാന്‍ഡില്‍ നടന്ന വിദ്യാർത്ഥികളുടെ കൂട്ടത്തല്ലും വൈറലായിരുന്നു. ഓണാഘോഷത്തിന് ശേഷമായിരുന്നു ഉച്ചക്ക് വിദ്യാർത്ഥികളുടെ ഓണത്തല്ല് നടന്നത്. പരിഹരിക്കാനാകുന്ന ചെറിയ പ്രശ്നങ്ങളുടെ പേരിൽ വലിയ അടിപിടിക്കേസുകളുണ്ടാകുന്ന പശ്ചാത്തലത്തിലാണ് കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. മല്ലയുദ്ധത്തിൽ എതിരാളിയെ മലർത്തിയടിക്കുന്നവനല്ല, മറിച്ച് തന്റെ കോപത്തെ അടക്കിനിർത്തുന്നവനാണ് ശക്തൻ. ഒരു സോറിയിൽ തീരാവുന്ന പ്രശ്നങ്ങളാണ് വലിയ സംഘട്ടനങ്ങളിലേക്ക് വളരുന്നതെന്ന സന്ദേശമാണ് പോസ്റ്റിലൂടെ പൊലീസ് നൽകുന്നത്. തല്ലുമാല എന്ന സിനിമയുടെ ദൃശ്യങ്ങൾ കൂടി പോസ്റ്റിൽ പങ്കുവെച്ചിട്ടുണ്ട്.

Leave a Reply