കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ മയക്കുമരുന്ന് കേസിൽ കുടുക്കാൻ നോക്കി; സൗമ്യയിൽ തുടങ്ങിയ അന്വേഷണം ചെന്നെത്തിയത് നോബിളിലും; വണ്ടൻമേട് കേസിൽ ഒരാൾ കൂടെ പിടിയിലാകുമ്പോൾ…

0

ഇടുക്കി: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ മയക്കുമരുന്ന് കേസിൽ കുടുക്കാൻ വണ്ടൻമേട് മുൻ പഞ്ചായത്തംഗം സൗമ്യ ഏബ്രഹാം ശ്രമിച്ച കേസിൽ ഒരാൾ കൂടെ പിടിയിൽ തിരുവനന്തപുരം സ്വദേശി നോബിൾ നോ‍ബർട്ടിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത് .

പിടിയിലായ നോബിൾ കേരളത്തിലെ വിവിധ ജില്ലകളിൽ എംഡിഎംഎ എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണെന്നാണ് പുറത്ത് വരുന്ന വിവരം. ഭർത്താവിനെ മയക്കുമരുന്ന് കേസിൽ കുടുക്കാനായി പഞ്ചായത്തംഗമായിരുന്ന സൗമ്യ സുനിലിനും കൂട്ടാളികൾക്കും എംഡിഎംഎ എവിടെ നിന്ന് ലഭിച്ചു എന്ന പൊലീസിന്‍റെ അന്വേഷണമാണ് നോബിളിലേക്ക് എത്തിയത്. ഏപ്രിൽ മാസത്തിൽ പുളിയന്മലയിൽ വച്ച് 60 ഗ്രാം എംഡിഎംഎ, എൽഎസ്ഡി സ്റ്റാമ്പ്, ഹാഷിഷ് ഓയിൽ എന്നിവയുമായി കോഴിക്കോട് സ്വദേശി അർജുൻ പിടിയിലായിരുന്നു.

ഈ രണ്ട് കേസുകളിലും പിടിയിലായവരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള അന്വേഷണമാണ് നോബിളിലേക്ക് എത്തിയത്. ബംഗളൂരുവിൽ നിന്നും മയക്കുമരുന്ന് സംസ്ഥാനത്തെ ഏഴ് ജില്ലകളിലേക്ക് എത്തിക്കുന്ന കണ്ണിയിലെ പ്രധാനിയാണ് ഇയാൾ. ഇടയ്ക്കിടെ സിം കാർഡും മൊബൈൽ ഫോണും മാറ്റുന്നതിനാൽ ഏറെ പണിപ്പെട്ടാണ് പൊലീസ് ഇയാളെ കണ്ടെത്തിയത്.

തിരുവനന്തപുരം പുത്തൻതോപ്പ് സ്വദേശിയായ നോബിൾ 2017 മുതൽ ബംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നുണ്ടെന്ന് വണ്ടന്മേട് സി ഐ വി എസ് നവാസ് പറഞ്ഞു. കൊറിയാർ വഴി മയക്കുമരുന്ന് അയച്ചതുമായി ബന്ധപ്പെട്ട് നോബിളിനെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ രണ്ടാഴ്ച മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്നാണ് വണ്ടന്മേട് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. ബംഗളൂരുവിൽ താമസിക്കുന്ന ഒരു വിദേശിയാണ് എംഡിഎംഎ ഉണ്ടാക്കുന്നത്.

ആവശ്യക്കാർ നോബിളിനെയാണ് സമീപിക്കുന്നത്. ബാങ്ക് അക്കൗണ്ട് വഴി കൈമാറുന്ന വില നോബിൾ വിദേശിക്ക് എത്തിക്കും. വിദേശിയുടെ സംഘം മയക്കുമരുന്ന് ബംഗളൂരുവിലെ ഏതെങ്കിലും സ്ഥലത്ത് ഒളിച്ചുവച്ചശേഷം ദൃശ്യങ്ങളും ഫോട്ടോയും ലൊക്കേഷനും നോബിളിന് അയക്കും.
നോബിൾ ഇത് ആവശ്യക്കാർക്ക് അയക്കുകയാണ് ചെയ്യുന്നത്. പണമോ മയക്കുമരുന്നോ നേരിട്ട് കൈമാറത്തതിനാൽ പിടികൂടാൻ ബുദ്ധിമുട്ടാണ്.

അഞ്ച് കോടിയിലധികം രൂപ മയക്കുമരുന്ന് കച്ചവടത്തിലൂടെ ലാഭമുണ്ടാക്കിയതായി ഇയാൾ പൊലീസിനോട് പറഞ്ഞു. മയക്കുമരുന്ന് ഉണ്ടാക്കുന്നയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ വണ്ടന്മേട് പൊലീസ് ആരംഭിച്ചിട്ടുണ്ട്. നോബിളിനെ തൊടുപുഴ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here