യുവ എഴുത്തുകാരിയെ പീഡിപ്പിച്ച കേസ്; സിവിക് ചന്ദ്രന് മുൻ‌കൂർ ജാമ്യം

0

കോഴിക്കോട്: യുവ എഴുത്തുകാരിയെ പീഡിപ്പിച്ച കേസിൽ എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ സിവിക് ചന്ദ്രന് മുൻ‌കൂർ ജാമ്യം. കോഴിക്കോട് ജില്ലാ കോടതിയാണ് മുൻ‌കൂർ ജാമ്യം അനുവദിച്ചത്. സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗികാതിക്രമം, പട്ടികജാതി, പട്ടികവർഗക്കാർക്കെതിരെയുള്ള അതിക്രമം തടയൽ നിയമം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. സിവിക് ചന്ദ്രനെതിരെ സമാനമായ മറ്റൊരു കേസെടുത്ത കാര്യവും പ്രോസിക്യൂഷൻ കോടതിയെ ധരിപ്പിച്ചിരുന്നു.

2021 എപ്രിലിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സിവിക് ചന്ദ്രൻ അയച്ച വാട്സാപ്പ് സന്ദേശങ്ങൾ തെളിവായി പ്രോസിക്യൂഷനും പരാതിക്കാരിയും ഹാജരാക്കി. വാട്സാപ്പ് സന്ദേശങ്ങൾ തന്നെ പ്രതിയുടെ സ്വഭാവം വ്യക്തമാക്കുന്നുവെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പുറത്ത് ദളിതർക്ക് വേണ്ടി പ്രവർത്തിക്കുന്നയാളുടെ ഉള്ളിലിരിപ്പ് മറ്റൊന്നാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.

അതേസമയം തനിക്കെതിരായ പരാതി വ്യാജമാണെന്ന് സിവിക് ചന്ദ്രൻ വാദിച്ചു. ഊന്നുവടിയില്ലാതെ നടക്കാൻ പോലുമാകാത്ത ആളാണ് താൻ. പരാതിക്കാരി അംഗമായ സംഘം ആഭ്യന്തര സെല്ലിനെ കൊണ്ട് അന്വേഷിപ്പിച്ചതാണ് ഈ വിഷയം. പട്ടികജാതി-പട്ടിക വർഗ നിയമപ്രകാരം ചുമത്തിയ കേസ് നിലനിൽക്കില്ലെന്നും സിവികിന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു.

കവികൾക്കും എഴുത്തുകാർക്കും എതിരെ മീ ടു ആരോപണങ്ങൾ ഒന്നിന് പിന്നാലെ ഒന്നായി വരുന്ന കാലമാണ്. കഥാകൃത്ത് വി ആർ സുധീഷിനും കവി വി ടി ജയദേവനും പിന്നാലെ പാത്രാധിപരും മുൻ നക്സലെറ്റുമായ സിവിക് ചന്ദ്രനെതിരെയാണ് അവസാനമായി മീ ടു ആരോപണം ഉയർന്നു വന്നിരിക്കുന്നത്. പോലീസ് കേസെടുത്തതിനെ തുടർന്ന് ഇദ്ദേഹം ഒളിവിലാണ്. എന്നാൽ പരാതി നൽകിയതിനെ തുടർന്ന് മാനസികമായി പീഡിപ്പിക്കപ്പെടുകയാണെന്ന് പരാതിക്കാരിയായ ദലിത് പെൺകുട്ടി പറയുന്നു.

സിവിക് അധികാരം സ്ഥാപിച്ചുകൊണ്ട് ലൈംഗികാതിക്രമം നടത്തിയെന്ന് അതിജീവിത ഒരു ഓൺലൈൻ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ പറയുന്നത്. കേസ് കാരണം താൻ വ്യക്തിപരമായി ഒരുപാട് സംഘർഷങ്ങൾ അനുഭവിക്കുന്നുണ്ട്. സിവികിനെതിരെ പരാതി കൊടുത്തതിന് സാമൂഹിക വിചാരണ നേരിടേണ്ട സ്ഥിതിയാണുള്ളത് എന്നും അതിജീവിത വ്യക്തമാക്കുന്നു.

സിവിക് ചന്ദ്രൻ എഡിറ്ററായ പാഠഭേദം മാസിക ആരോപണം അന്വേഷണ കമ്മീഷൻ രൂപീകരിച്ചിരുന്നു. എന്നാൽ സിവിക്കിനെ സംരക്ഷിക്കുന്ന തരത്തിലാണ് അന്വേഷണ കമ്മീഷൻ പ്രവർത്തിച്ചതെന്ന് അതിജീവിത വ്യക്തമാക്കുന്നു. മുമ്പ് നടന്ന സംഭവങ്ങളിലേതുപോലെ ഇതും ഒതുക്കാമെന്ന് അവർ കരുതി. താൻ പറഞ്ഞ കാര്യങ്ങളിൽ തെളിവില്ലാത്തതുകൊണ്ട് കൂടുതലൊന്നും ചെയ്യാൻ കഴിയില്ലെന്നും പാഠഭേദം ടീമിന് മുന്നിൽ വെച്ച് സിവിക് ചന്ദ്രൻ മാപ്പ് പറയുമെന്നുമായിരുന്നു കമ്മിറ്റി വ്യക്തമാക്കിയത്. എന്നാൽ ഒരു സ്ത്രീ ഇത്തരമൊരു സാഹചര്യത്തിൽ എന്ത് തെളിവാണ് നൽകേണ്ടതെന്ന് താനവരോട് ചോദിച്ചു.

ചെയ്തത് തെറ്റായിരുന്നുവെന്ന് ബോധ്യപ്പെട്ട് അന്നതിൽ ഖേദം പ്രകടിപ്പിച്ചിരുന്നെങ്കിൽ തനിക്ക് ക്ഷമിക്കാമായിരുന്നു. എന്നാൽ പ്രവൃത്തിയെ ന്യായീകരിക്കുകയും തെറ്റിദ്ധരിപ്പിച്ചത് താനാണെന്ന് വരുത്തിത്തീർക്കുകയുമാണ് അദ്ദേഹം ചെയ്തത്. പഠഭേദത്തിന്റെ അന്വേഷണ റിപ്പോർട്ട് രേഖാമൂലം കിട്ടിയിട്ടുണ്ടെന്നും അതിൽ അതൃപ്തിയുള്ളതുകൊണ്ടാണ് നിയമപരമായി മുന്നോട്ട് നീങ്ങിയതെന്നും അതിജീവിത പറഞ്ഞു. അന്വേഷണ കമ്മീഷനിലുണ്ടായിരുന്ന മൂന്നു പേരും സിവിക്കുമായും പാഠഭേദവുമായി വളരെയടുത്ത ബന്ധം പുലർത്തുന്നവരാണെന്നും അവർ വ്യക്തമാക്കി.

സാഹിത്യ ക്യാമ്പിൽ വച്ചാണ് സിവിക് ചന്ദ്രനെ പരിചയപ്പെടുന്നത്. തന്റെ കവിതാ പുസ്തകം കുറഞ്ഞ ചെലവിൽ പ്രസിദ്ധീകരിക്കാൻ സഹായിക്കാമെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് പുസ്തകം പ്രസിദ്ധീകരിക്കുകയും താൻ പാഠഭേദം മാസികയുടെ എഡിറ്റോറിയൽ അംഗമാവുകയും ചെയ്തു. ഇതിനിടയിലാണ് അദ്ദേഹം തന്നോട് പ്രണയാഭ്യർത്ഥന നടത്തുകയും അസഹ്യമായ സന്ദേശങ്ങൾ അയച്ചുകൊണ്ട് ചാറ്റ് ചെയ്യാൻ തുടങ്ങുകയും ചെയ്തത്. പിതാവിനേക്കാൾ പ്രായമുള്ള വ്യക്തി പ്രണയമാണെന്ന് പറഞ്ഞപ്പോൾ വല്ലാത്ത പ്രയാസം തോന്നി. തനിക്കങ്ങനെ കാണാൻ കഴിയില്ലെന്ന് പറഞ്ഞപ്പോൾ വളരെ ചെറിയ പ്രായത്തിലുള്ള കാമുകിമാർ വരെ തനിക്കുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 23-24 വയസ്സിലുള്ള കാമുകിമാർ വരെ എനിക്കുണ്ട് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

അതിനോടൊപ്പം ഉംനൈറ്റ്, ഉമ്മോണിങ് തുടങ്ങിയ തരത്തിലുള്ള വാക്കുകൾ അയക്കുകയും ചെയ്തിരുന്നു.അസഹ്യമായ മെസേജുകൾ അയയ്ക്കരുതെന്ന് പറഞ്ഞെങ്കിലും അദ്ദേഹം പിൻവാങ്ങിയില്ല. തന്റെ ശരീരത്തിൽ കടന്നുകയറിയുള്ള അധികാരം സ്ഥാപിക്കലിനെയാണ് താൻ അതിശക്തമായി എതിർത്തത്. ഇദ്ദേഹത്തിനെതിരെ ശബ്ദമുയർത്താൻ മടിച്ച മുഴുവൻ സ്ത്രീകൾക്കും വേണ്ടിയാണ് താൻ ശബ്ദമുയർത്തിയത്. പ്രതികരിക്കാൻ പലർക്കും ധൈര്യമില്ലാത്തതാണ് ഇയാളെ പോലുള്ള ഒരാൾക്ക് വീണ്ടും വീണ്ടും ഇത്തരം അതിക്രമം നടത്താൻ പ്രചോദനം നൽകുന്നതെന്നും അവർ വ്യക്തമാക്കി.

പുസ്തക പ്രകാശനത്തിന് പകരം ശരീരം

”ദലിത് സമൂഹത്തിൽ നിന്നു വരുന്നവർ വൾനറബിളായ ചുറ്റുപാടിൽ നിന്നുമുള്ളവരാണെന്നും അവർ എളുപ്പത്തിൽ വഴങ്ങുമെന്നും സ്വയം സഹിക്കാൻ പഠിച്ചവരാണെന്നും ഇതൊരിക്കലും പുറത്തറിയിക്കാൻ ധൈര്യമില്ലാത്തവരാണെന്നും ഇയാൾ മുന്നനുഭവങ്ങളിൽനിന്ന് മനസ്സിലാക്കിയിട്ടുണ്ട്. ഒറ്റപ്പൈസാ ചെലവില്ലാതെ ഞാൻ നിന്റെ രണ്ട് പുസ്തകം പ്രകാശനം ചെയ്തുതന്നിട്ടുണ്ട്’ എന്ന ഡയലോഗോടുകൂടിയാണ് സിവിക് എന്നോട് മോശമായി പെരുമാറിയത്. എന്റെ ശരീരത്തിൽ കയടന്നുകയറിയുള്ള അധികാരം സ്ഥാപിക്കലിനെ ഞാൻ അതിശക്തമായി എതിർത്തു. ലൈംഗികമായ ദുരുദ്ദേശ്യത്തോടെയുള്ള ഒരു പ്രതിഫലം ചോദിക്കലായിരുന്നു അത്. ഒരു സ്ത്രീയ്ക്ക് അവളുടെ ശരീരത്തിൽ തൊടുന്ന പുരുഷന്റെ ഉദ്ദേശ്യം എന്താണ് എന്ന് എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയും.

സ്പർശം ഏതു തരത്തിലുള്ളതാണെന്ന് തിരിച്ചറിഞ്ഞതു മുതൽ എനിക്ക് അപകർഷതയും മാനസികാഘാതവുമുണ്ടായി. രണ്ടു പുസ്തകം നയാപ്പൈസയില്ലാതെ പ്രകാശനം ചെയ്തുതന്നതിന്റെ പ്രത്യുപകാരമായി എന്റെ ശരീരം അയാൾക്ക് ഞാൻ അനുവദിച്ചുകൊടുക്കണമെന്നാണ് ആ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടത്. പബ്ലിക്കിനു മുമ്പിൽ ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും സാമൂഹികനീതിക്കും വേണ്ടി ഉച്ചൈസ്തരം ഘോഷിക്കുന്ന സിവിക് ചന്ദ്രൻ എന്ന വ്യക്തി എന്റെ സമ്മതമില്ലാതെ എന്റെ ശരീരത്തിനുമേൽ നടത്തിയ കൈയേറ്റവും ഭീഷണി കലർന്ന സ്വരത്തിലുള്ള ലൈംഗികത ആവശ്യപ്പെടലും എന്നെ കനത്ത മാനസികാഘാതത്തിലേക്കാണ് തള്ളിയിട്ടത്”- അതിജീവിത വ്യക്തമാക്കി.

യുവഎഴുത്തുകാരിയുടെ പരാതിയിൽ കൊയിലാണ്ടി പൊലീസാണ് സിവിക് ചന്ദ്രനെതിരെ കേസെടുത്തത്. ഏപ്രിൽ മാസം യുവതിയുടെ പുസ്തക പ്രകാശനത്തിന് കൊയിലാണ്ടിയിലെ ഒരു വീട്ടിൽ ഒത്തുകൂടിയിരുന്നു. പിറ്റേന്നു രാവിലെ ഉറങ്ങുകയായിരുന്ന യുവതിയെ സിവിക് ചന്ദൻ ബലമായി ചുംബിച്ചെന്നാണ് പരാതി. പുസ്തക പ്രകാശനത്തിനും പബ്ലിഷറെ കണ്ടെത്തുന്നതിനും യുവതി നേരത്തെ സിവിക് ചന്ദ്രനെ സമീപിച്ചിരുന്നു. അതിനു ശേഷം ഫോണിലേക്ക് വിളിച്ചും മെസേജകൾ അയച്ചും നിരന്തരം ശല്യം ചെയ്തതായും പരാതിയിൽ പറയുന്നു. ലൈംഗിക അതിക്രമണത്തിനും പട്ടികജാതിക്കെതിരെയുള്ള അതിക്രമത്തിനുമാണ് കേസ്.

LEAVE A REPLY

Please enter your comment!
Please enter your name here