രാവിലെ യെല്ലോ, ഉച്ചയ്ക്ക് ഓറഞ്ച്, വൈകിട്ട് റെഡ് അലർട്ട്…നിമിഷ നേരം കൊണ്ട് മിന്നൽ പ്രളയം….മഴയുടെ സ്വഭാവത്തിൽ അസാധാരണ മാറ്റം

0

തിരുവനന്തപുരം ∙ കേരളത്തിൽ മഴയുടെ സ്വഭാവത്തിൽ അസാധാരണ മാറ്റം. രാവിലെ യെലോ, ഉച്ചയ്ക്ക് ഓറഞ്ച്, വൈകിട്ട് റെഡ് അലർട്ട് എന്ന രീതിയിലാണ് ഇപ്പോൾ മൺസൂണിന്റെ ഘടനയിൽ മാറ്റം വരുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പു നൽകുന്ന മുന്നറിയിപ്പുകൾ മിക്ക ദിവസങ്ങളിലും മാറുന്നു. കുറഞ്ഞ നേരത്തിനുള്ളിൽ അതിശക്ത മഴ പെയ്യു‍ന്നതാണ് കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്.

ആഗോള താപ‍നമാണു കാലാവസ്ഥ മാറുന്നതിനു പ്രധാന കാരണമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലും കാലാവസ്ഥ വ്യതിയാനത്തിന്റെ ആഘാതങ്ങൾ ഉണ്ടാകുന്നുണ്ട്. മൺസൂൺ മഴ കുറ‍യേണ്ട മാസങ്ങളിൽ മഴ കൂടുകയും ചെയ്തു. മൺസൂൺ ഇതര സാ‍ഹര്യങ്ങളിലും ന്യൂനമർദവും കടലിന്റെ അതിതാ‍പനവും കാരണം കൂമ്പാര‍മേഘങ്ങൾ രൂപപ്പെ‍ടുന്നു. സമീപകാലത്ത് വെള്ളപ്പൊക്കം ഉണ്ടായ സാഹചര്യത്തിന് ഇടയാക്കിയത് ഇതാണ്.

എന്നാൽ, മൺസൂൺ കാലത്ത് മഴയും വെയിലും ഇടവിട്ടു വരുന്ന പ്രതിഭാസമാണ് ഇപ്പോഴത്തെ കൂമ്പാര മേഘങ്ങളുടെ രൂപവൽക്കരണത്തിനു കാരണം. മൺസൂൺ കാറ്റിന്റെ വ്യതിയാനവും ശക്തി‍യിൽ ഉണ്ടാകുന്ന വ്യത്യാസവു‍മാണ് ഇടയ്ക്ക് മഴ കുറയാൻ ഇടയാക്കുന്നത്. മൺസൂ‍ണിൽ ഇടയ്ക്ക് തെളിച്ചവും വൈകിട്ട് ഇടിയും ശക്തമായ മഴയും എന്ന പ്രവണതയാണ് കേരളത്തിലെന്നു കുസാറ്റ് റഡാർ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ഡോ.എം.ജി.മനോജ് പറഞ്ഞു. വളരെ പെട്ടെന്ന് കൂമ്പാര‍മേഘങ്ങൾ രൂപപ്പെടുന്നതാണ് മിന്നൽപ്രളയത്തി‍ലേക്ക് നയിക്കുന്ന മഴയ്ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കൂമ്പാരമേഘങ്ങളുടെ രൂപീകരണം മുൻകൂട്ടി പ്രവചിക്കുക എളുപ്പമല്ലെന്നു കാലാവസ്ഥ ശാസ്ത്രജ്ഞൻ ഡോ. അഭിലാഷ് പറഞ്ഞു.

നിമിഷ നേരം കൊണ്ട് മിന്നൽ പ്രളയം

കുറഞ്ഞ നേരത്തിനുള്ളിൽ അതിശക്ത മഴ പെയ്യുന്നതാണു മിന്നൽ പ്രളയത്തിന് ഇടയാക്കുന്നത്. ആലപ്പുഴയിലെ മങ്കൊമ്പിൽ 20 സെന്റീമീറ്ററും കുമരകത്ത് 15, എറണാകുളം ജില്ലയിലെ നേര്യമംഗലത്ത് 9, കായംകുളത്ത് 7 സെന്റിമീറ്റർ മഴയുമാണു കഴിഞ്ഞ ദിവസം 24 മണിക്കൂറിൽ പെയ്തതെന്നാ‍ണു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ട്. എറണാകുളം നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും ഒന്നര മണിക്കൂറിൽ 5 സെന്റീമീറ്റർ മഴ പെയ്തു. ഇതോടെ നഗരം വെള്ളത്തിൽ മുങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here