ഇന്ത്യക്കെതിരായ പരമ്പരയില്‍ തോറ്റമ്പിയ വെസ്‌റ്റിന്‍ഡീസ്‌ ക്രിക്കറ്റ്‌ ടീമിന്റെ ശനിദശ

0

കിങ്‌സ്റ്റണ്‍: ഇന്ത്യക്കെതിരായ പരമ്പരയില്‍ തോറ്റമ്പിയ വെസ്‌റ്റിന്‍ഡീസ്‌ ക്രിക്കറ്റ്‌ ടീമിന്റെ ശനിദശ തുടരുന്നു. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ട്വന്റി-20യില്‍ വിന്‍ഡീസ്‌ തോറ്റത്‌ 90 റണ്ണിന്‌. ആദ്യമത്സരത്തില്‍ ജയിച്ച കിവികള്‍ ഇതോടെ ഒരുമത്സരം ശേഷിക്കെ പരമ്പര 2-0ന്‌ സ്വന്തമാക്കി.
ടോസ്‌ നേടി ബാറ്റിങ്‌ തെരഞ്ഞെടുത്ത ന്യൂസിലന്‍ഡ്‌ കുറിച്ചത്‌ അഞ്ചുവിക്കറ്റിന്‌ 215 എന്ന പടുകൂറ്റന്‍ സ്‌കോര്‍. മാര്‍ട്ടിന്‍ ഗുപ്‌ടിലും (11 പന്തില്‍ 20), ഡെവണ്‍ കോണ്‍വെയും (34 പന്തില്‍ 42) തുടങ്ങിവച്ച ഒരോവറില്‍ ശരാശരി 10 റണ്ണിലധികമെന്ന സ്‌കോറിങ്‌ വേഗം മധ്യനിര ബാറ്റര്‍മാരും നിലനിര്‍ത്തിയതാണ്‌ കിവി സ്‌കോര്‍ 200 കടത്തിയത്‌.
മൂന്നാമനായിറങ്ങിയ കെയിന്‍ വില്യംസണ്‍ രണ്ടു പന്തില്‍ നാലു റണ്ണുമായി ബാറ്റ്‌താഴ്‌ത്തി. നാലാമനായെത്തി ടോപ്‌ സ്‌കോററായ ഗ്ലെന്‍ ഫിലിപ്‌സും ഡാരില്‍ മിച്ചലും ബാറ്റിങ്‌ വെടിക്കെട്ടുതന്നെ നടത്തി. 41 പന്തില്‍ ആറു ഫോറും നാലു സിക്‌സും അടക്കം 76 റണ്‍ വാരിയ ഫിലിപ്‌സിന്റെ പ്രകടനം താരത്തെ കളിയിലെ കേമനുമാക്കി. നാലു സിക്‌സിന്റെയും രണ്ടു ഫോറിന്റെയും അകമ്പടിയില്‍ ഡാരില്‍ മിച്ചല്‍ 48 റണ്ണിന്‌ പുറത്തായി. ജെയിംസ്‌ നീഷം (ഒന്‍പത്‌), മൈക്കല്‍ ബ്രെയ്‌സ്വെല്‍ (നാല്‌) എന്നിവര്‍ പുറത്താകാതെനിന്നു.
നാലോവറില്‍ 40 റണ്‍ വഴങ്ങിയെങ്കിലും മൂന്നു വിക്കറ്റുമായി പേസര്‍ ഒബേദ്‌ മക്കോയ്‌ വിന്‍ഡീസ്‌ ബൗളര്‍മാരില്‍ തിളങ്ങി. റൊമാരിയോ ഷെപ്പേഡിനും ഒഡീന്‍ സ്‌മിത്തിനും ഓരോ വിക്കറ്റ്‌ വീഴ്‌ത്തി.
കൂറ്റന്‍ ലക്ഷ്യത്തിലേക്കു ബാറ്റേന്തിയ വിന്‍ഡീസ്‌ ഒരുഘട്ടത്തിലും വിജയപ്രതീക്ഷ ഉണര്‍ത്തിയില്ല. ആദ്യ നാലു ബാറ്റര്‍മാരായ കെയ്‌ല്‍ മേയേഴ്‌സ്, ഷംറാ ബ്രൂക്‌സ്, നിക്കോളാസ്‌ പൂരന്‍, ഡെവണ്‍ തോമസ്‌ എന്നിവര്‍ യഥാക്രമം നാല്‌, ഏഴ്‌, ഒന്ന്‌, ഒന്ന്‌ റണ്ണുകളുമായി കൂടാരം കയറി.
ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (14), ജാസണ്‍ ഹോള്‍ഡര്‍ (11), റൊമാരിയോ ഷെപ്പേഡ്‌ (18), ഒഡീന്‍ സ്‌മിത്ത്‌ എന്നിവര്‍ വന്നതും പോയതും ഒരുമിച്ചു കഴിഞ്ഞു. ഏഴാമന്‍ റോവ്‌മാന്‍ പവലിന്റെ 21 റണ്‍ സംഭാവനയുണ്ടായിട്ടും ആതിഥേയര്‍ ഒന്‍പതുവിക്കറ്റിന്‌ 87 റണ്ണെന്ന നിലയിലേക്കു വീണു. ഒബേദ്‌ മക്കോയി (15 പന്തില്‍ 23), ഹെയ്‌ഡന്‍ വാല്‍ഷ്‌ (എട്ടു പന്തില്‍ 10) എന്നിവരുടെ അവസാന വിക്കറ്റ്‌ കൂട്ടുകെട്ടില്‍ പിറന്ന 38 റണ്ണാണ്‌ ടീമിനെ നൂറു കടന്നേക്കില്ലെന്ന നാണക്കേടില്‍നിന്നു കരകയറ്റിയത്‌.
ന്യൂസിലന്‍ഡിന്‌ വേണ്ടി മിച്ചല്‍ സാന്റ്‌നറും മൈക്കല്‍ ബ്രെയ്‌സ്വെല്ലും മൂന്നു വിക്കറ്റ്‌ വീതം നേടി. ടിം സൗത്തിക്കും ഇഷ്‌ സോധിക്കും ഓരോ ഇരകളെ ലഭിച്ചു.

Leave a Reply