പ്ലസ്‌ ടു വിദ്യാര്‍ത്ഥിനിയെ ലഹരി ഉപയോഗത്തിനു പ്രോത്സാഹിപ്പിച്ച വ്‌ളോഗര്‍ പിടിയില്‍

0

ഇന്‍സ്‌റ്റാഗ്രാമില്‍ തൃശൂര്‍ സ്വദേശിയായ പ്ലസ്‌ ടു വിദ്യാര്‍ത്ഥിനിയെ ലഹരി ഉപയോഗത്തിനു പ്രോത്സാഹിപ്പിച്ച വ്‌ളോഗര്‍ പിടിയില്‍. സാമൂഹിക മാധ്യമത്തിലെ ചാറ്റില്‍ വിദ്യാര്‍ത്ഥിനിക്കു പൊകയടിക്കാന്‍ സാധനം കിട്ടുന്ന സ്‌ഥലങ്ങള്‍ നിര്‍ദ്ദേശിക്കുകയും ഒരുമിച്ചു ലഹരി നുണയാന്‍ താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്‌ത മട്ടാഞ്ചേരി സ്വദേശിയായ മട്ടാഞ്ചേരി മാര്‍ട്ടിന്‍ എന്നറിയപ്പെടുന്ന ഫ്രാന്‍സിസ്‌ നെവിന്‍ അഗസ്‌റ്റിനാണു പിടിയിലായത്‌.
മാര്‍ട്ടിനെക്കുറിച്ചുള്ള വാര്‍ത്തകളുടെ അടിസ്‌ഥാനത്തില്‍ കൊച്ചി എക്‌സൈസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ശ്രീരാജിന്റെ നിര്‍ദ്ദേശപ്രകാരം മട്ടാഞ്ചേരി എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ പ്രദീപും സംഘവും ചേര്‍ന്നുനടത്തിയ അന്വേഷണത്തിലാണു കഞ്ചാവുമായി ഇയാളെ പിടികൂടിയത്‌. കുറഞ്ഞ അളവിലുള്ള കഞ്ചാവാണ്‌ ഇയാളില്‍ നിന്നും എക്‌സൈസ്‌ സംഘം കണ്ടെത്തിയത്‌. മാര്‍ട്ടിനു കഞ്ചാവ്‌ ലഭിച്ചിരുന്ന സ്‌ഥലങ്ങളെക്കുറിച്ചും വിതരണ ശൃംഖലയെക്കുറിച്ചും വിശദമായി അന്വേഷണം നടത്തുമെന്ന്‌ എക്‌സൈസ്‌ അധികൃതര്‍ അറിയിച്ചു.
കഞ്ചാവ്‌ വലിക്കുന്ന വിധം വ്യക്‌തമാക്കുകയും ഒപ്പം ആസ്വദിച്ചു വലിക്കുകയും ചെയ്യുന്ന വീഡിയോ ചാറ്റും പുറത്തുവന്നിട്ടുണ്ട്‌. ഈ ചാറ്റിലും ഒരു യുവതിയെ കാണാം. ഇവര്‍ ഏറെ ശ്രദ്ധയോടെ മാര്‍ട്ടിന്റെ ചലനങ്ങള്‍ വീക്ഷിക്കുന്നുണ്ട്‌. ഒടുവില്‍ പല്ലു തേയ്‌ച്ചോ എന്നു യുവതി ചോദിക്കുമ്പോള്‍ ഇല്ലന്നു മാര്‍ട്ടിന്‍ മറുപടി നല്‍കുന്നുണ്ട്‌. ഈ സമയത്ത്‌ ലഹരി തലയ്‌ക്കു പിടിച്ച രീതിയിലുള്ള ഇയാളുടെ ഭാവപ്രകടനവും വീഡിയോയില്‍ കാണാം.
ആദ്യം പുറത്തുവന്ന വീഡിയോയില്‍ പ്ലസ്‌ടു വിദ്യാര്‍ത്ഥിനിയോടു കഞ്ചാവ്‌ ലഭിക്കാന്‍ ഫോര്‍ട്ട്‌കൊച്ചിയിലേക്കോ കോതമംഗലത്തേക്കോ പോകാന്‍ വ്‌ളോഗര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്‌.
പ്ലസ്‌ടു വിദ്യാര്‍ത്ഥിനിയോടു കഞ്ചാവ്‌ വലിക്കുന്നതിന്റെ ഗുണത്തെപറ്റിയും കഞ്ചാവ്‌ ലഭിക്കുന്ന സ്‌ഥലങ്ങളെ പറ്റിയുമാണു വിശദമായി പറഞ്ഞു കൊടുക്കുന്നത്‌.
വ്‌ളോഗറുടെ ഇന്‍സ്‌റ്റാ ഗ്രാം പേജിലെ ലൈവിലാണു സംഭാഷണം നടന്നിരിക്കുന്നത്‌. ഇതാരോ റെക്കോര്‍ഡ്‌ ചെയ്‌തു സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചപ്പോഴാണു സംഭവം പുറത്തറിയുന്നത്‌.
സംഭാഷണത്തില്‍ നിന്നും പെണ്‍കുട്ടി ഒരു ആര്‍മി ഉദ്യോഗസ്‌ഥന്റെ മകളാണെന്നു വ്യക്‌തം. തൃശൂരാണ്‌.. എന്നു പറഞ്ഞു തുടങ്ങുന്ന വിഡിയോയില്‍ സംസാരിക്കുന്നത്‌ ആണ്‍കുട്ടിയോടൊ പെണ്‍കുട്ടിയോടോ എന്നറിയാതെയാണു നവീന്‍ സംസാരിച്ചു തുടങ്ങുന്നത്‌. ഒപ്പം രണ്ടുപേര്‍ കൂടിയുണ്ടെങ്കിലും ഇരുവരും സംസാരിച്ചു തുടങ്ങുമ്പോള്‍ തന്നെ മറ്റു ഗ്രൂപ്പ്‌ ചാറ്റില്‍ നിന്നു രണ്ടുപേരും ഇറങ്ങിപ്പോകുന്നുണ്ട്‌.
പെണ്‍കുട്ടിയാണെന്നു പറഞ്ഞപ്പോള്‍ വ്‌ളോഗര്‍ക്കും അതിശയം. എന്തൊക്കെയാണു പരിപാടിയെന്ന പെണ്‍കുട്ടിയുടെ ചോദ്യത്തിനു പൊകയടിയാണെന്നു വ്‌ളോഗര്‍.
മുഴുവന്‍ സമയവും പുകയടിയാണെന്ന്‌ ഇയാള്‍ സമ്മതിക്കുന്നുണ്ട്‌. തിരിച്ചുള്ള ചോദ്യത്തിനു മറുപടിയും അതുതന്നെ.. പ്ലസ്‌ടു കഴിഞ്ഞു.. ഇപ്പം പോങ്കൊക്കെയടിച്ച്‌ ഇങ്ങനെ നടക്കുന്നു..വേറെ എന്തു പരിപാടി.. എന്നു പെണ്‍കുട്ടി.
വ്‌ളോഗര്‍ ഈ സമയമൊക്കെ പൊകച്ചു കൊണ്ടാണു സംസാരിക്കുന്നത്‌.

Leave a Reply