പരാതി ചോദിച്ചറിയാന്‍ വിളിപ്പിച്ചയാള്‍ വളര്‍ത്തുനായയുമായി പോലീസ്‌ സ്‌റ്റേഷനിലെത്തി; അസഭ്യവര്‍ഷം ചൊരിഞ്ഞ്‌ കാറുമായി രക്ഷപ്പെടാന്‍ ശ്രമിച്ചതോടെ പോലീസ്‌ സ്‌റ്റേഷന്റെ ഗേറ്റടച്ചു; കാറില്‍ നിന്നിറങ്ങിയ പ്രതി സ്‌റ്റേഷന്‍ വളപ്പില്‍ സൂക്ഷിച്ചിരുന്ന തൂമ്പയുമായി ഗേറ്റ്‌ തകര്‍ക്കാന്‍ ശ്രമിച്ചു; കൂനംമൂച്ചി തരകന്‍ വിന്‍സനെ പോലീസ്‌ ബലപ്രയോഗത്തിലൂടെ കീഴടക്കി

0

പരാതി ചോദിച്ചറിയാന്‍ വിളിപ്പിച്ചയാള്‍ വളര്‍ത്തുനായയുമായി പോലീസ്‌ സ്‌റ്റേഷനിലെത്തിയത്‌ പരിഭ്രാന്തി പരത്തി. ഗുരുവായൂര്‍ കണ്ടാണശ്ശേരിയിലുള്ള പോലീസ്‌ സ്‌റ്റേഷനില്‍ ഇന്നലെ ഉച്ചയ്‌ക്കായിരുന്നു സംഭവം. നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ പ്രതി കൂനംമൂച്ചി തരകന്‍ വിന്‍സനെ പോലീസ്‌ ബലപ്രയോഗത്തിലൂടെ കീഴടക്കി.
സി.പി.എം. പ്രവര്‍ത്തകന്‍ മണപറമ്പില്‍ സന്തോഷിന്റെ പരാതിയില്‍ വിന്‍സനെ സ്‌റ്റേഷനിലേക്ക്‌ വിളിപ്പിച്ചിരുന്നു. രാവിലെ പത്തിന്‌ സ്‌റ്റേഷനില്‍ ഹാജരാകാനാണ്‌ ഇരുവരോടും ആവശ്യപ്പെട്ടിരുന്നത്‌. സന്തോഷ്‌ കാത്തിരിക്കുന്നതിനിടെ 12 മണിയോടെ വിന്‍സനും സ്‌ഥലത്തെത്തി. പിറ്റ്‌ബുള്‍ ഇനത്തില്‍പ്പെട്ട നായയുമായി വിന്‍സന്‍ സ്‌റ്റേഷനകത്ത്‌ പ്രവേശിച്ചതോടെ എല്ലാവരും പരിഭ്രാന്തിയിലായി.
നായ കുരച്ച്‌ ബഹളമുണ്ടാക്കിയതോടെ രംഗം വഷളായി. വിന്‍സന്‍ അസഭ്യവര്‍ഷം ചൊരിഞ്ഞ്‌ കാറുമായി രക്ഷപ്പെടാന്‍ ശ്രമിച്ചതോടെ പോലീസ്‌, സ്‌റ്റേഷന്റെ ഗേറ്റടച്ചു. കാറില്‍ നിന്നിറങ്ങിയ പ്രതി സ്‌റ്റേഷന്‍ വളപ്പില്‍ സൂക്ഷിച്ചിരുന്ന തൂമ്പയുമായി ഗേറ്റ്‌ തകര്‍ക്കാന്‍ ശ്രമിച്ചു.
തടയാനെത്തിയ എസ്‌.ഐ. ഗോപിനാഥന്‌ നിസാര പരുക്കേറ്റു.
മറ്റു പോലീസുകാര്‍ ചേര്‍ന്ന്‌ പിടിച്ചുമാറ്റിയെങ്കിലും അക്രമം തുടര്‍ന്നു. രണ്ടു പോലീസുകാരെ ഇയാള്‍ ചവിട്ടി വീഴ്‌ത്തി. ഗ്രേഡ്‌ എസ്‌.ഐ. അബ്‌ദുറഹ്‌മാന്‌ നേരെ കാര്‍ തിരിച്ചുവിടാനും ശ്രമം നടന്നതായി പറയുന്നു. ഒടുവില്‍ പോലീസ്‌ ബലം പ്രയോഗിച്ച്‌ വിന്‍സനെ വിലങ്ങണിയിപ്പിച്ചു.
രണ്ടരയോടെ പോലീസ്‌ ഇയാളെ അറസ്‌റ്റ്‌ ചെയ്‌ത്‌ വൈദ്യപരിശോധനയ്‌ക്ക്‌ വിധേയമാക്കി. വധശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍, പോലീസുകാരെ ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം വിന്‍സനെതിരേ കേസെടുത്തു.
നായയെ പോലീസുകാര്‍ വീട്ടുകാര്‍ക്ക്‌ കൈമാറി. നിസാര പരുക്കേറ്റ ഗ്രേഡ്‌ എസ്‌.ഐ. ഗോപിനാഥന്‍ ചാവക്കാട്‌ താലൂക്ക്‌ ആശുപത്രിയില്‍ ചികിത്സ തേടി.

Leave a Reply