യുഎസ് വനിതാ ബാസ്‌ക്കറ്റ്‌ബോളിലെ സൂപ്പര്‍ താരം കഞ്ചാവ് കടത്തിയതിന് പിടിയില്‍; ബ്രിട്‌നി ഗ്രെയ്‌നറിന് തടവ്, പിഴ

0

ന്യൂയോര്‍ക്ക്: ലഹരി മരുന്ന് കടത്താന്‍ ശ്രമിച്ചുവെന്ന കുറ്റത്തിന് അമേരിക്കന്‍ വനിതാ ബാസ്‌ക്കറ്റ്‌ബോളിലെ സൂപ്പര്‍ താരവും ഒളിംപിക് ചാമ്പ്യനുമായ ബ്രിട്‌നി ഗ്രെയ്‌നറിന് ഒന്‍പത് വര്‍ഷം തടവ് ശിക്ഷ വിധിച്ച് റഷ്യന്‍ കോടതി. 16,300 (ഏതാണ്ട് 13 ലക്ഷം ഇന്ത്യന്‍ രൂപ) യുഎസ് ഡോളര്‍ പിഴ നല്‍കാനും കോടതി വിധിച്ചു.

ബ്രിട്‌നിയെ ബാഗില്‍ കഞ്ചാവ് ഓയിലുമായി ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ മോസ്‌ക്കോ വിമാനത്താവളത്തിന് സമീപം വച്ച് പിടികൂടിയിരുന്നു. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന് തൊട്ടുമുന്‍പായിരുന്നു സംഭവം. ഈ കേസിലാണ് ഇപ്പോള്‍ ശിക്ഷ വിധിച്ചിരിക്കുന്നത്. ഇതിനെതിരെ അപ്പീല്‍ പോകുമെന്ന് ബ്രിട്‌നിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി.

വനിതാ നാഷണല്‍ ബാസ്‌ക്കറ്റ് ബോള്‍ അസോസിയേഷനിലെ (ഡബ്ല്യുഎന്‍ബിഎ) സൂപ്പര്‍ താരമാണ് ബ്രിട്‌നി. ഫീനിക്‌സ് മെര്‍ക്കുറിക്കായാണ് താരം കളത്തിലിറങ്ങിയിരുന്നത്.

ADVERTISEMENT

31കാരിയായ ബ്രിട്‌നി 2016ലെ റിയോ, ടോക്യോ ഒളിംപിക്‌സുകളില്‍ സ്വര്‍ണം നേടിയ അമേരിക്കന്‍ ബാസ്‌ക്കറ്റ് ബോള്‍ ടീമിലെ നിര്‍ണായക താരമാണ്. 2014 മുതല്‍ താരം റഷ്യന്‍ പ്രീമിയര്‍ ലീഗില്‍ യുഎംഎംസി എക്തറിന്‍ബെര്‍ഗ് ടീമിനായാണ് കളത്തിലിറങ്ങുന്നത്.

ബ്രട്‌നിയെ അറസ്റ്റ് ചെയ്ത സംഭവത്തെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ശക്തമായ ഭാഷയില്‍ എതിര്‍ത്തിരുന്നു. അവരെ ഉടന്‍ തന്നെ മോചിപ്പിക്കണമന്നും ബൈഡന്‍ ആവശ്യപ്പെട്ടു. ബ്രിട്‌നിക്കെതിരായ റഷ്യന്‍ നടപടി അന്യായമാണെന്നും ബൈഡന്‍ ആരോപിച്ചു.

Leave a Reply