ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

0

മലപ്പുറം: മലപ്പുറം പന്തല്ലൂർ മുടിക്കോട് ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രികരായ വള്ളുവങ്ങാട് കുരിക്കൾ ഹൗസില്‍ മുഹമ്മദ് അമീൻ (20), കീഴാറ്റുർ സ്വദേശി ചുള്ളിയി മുഹമ്മദ് ഹിസാൻ (17) എന്നിവരാണ് മരിച്ചത്. പതിനൊന്നുമണിയോടെ പന്തല്ലൂർ മുടിക്കോടുവെച്ച് ബസും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.

മഞ്ചേരിയിൽനിന്ന് പാണ്ടിക്കാട് ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസും പന്തല്ലൂർ ഭാഗത്തേക്ക് പോകുന്ന ബൈക്കുമായിരുന്നു അപകടത്തിൽപെട്ടത്. മരിച്ച രണ്ടുപേരും പാണ്ടിക്കാട് അൻസാർ കോളേജിലെ വിദ്യാർഥികളാണ്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

സംസ്ഥാനത്ത് അപകടങ്ങൾ ദിനംപ്രതി വർദ്ദിച്ചു വരികയാണ്. റോഡിന്റെ ശോചനീയാവസ്ഥയും അമിതവേഗവുമെല്ലാം അപകടങ്ങൾക്ക് കാരണങ്ങൾ ആകാറുണ്ട്. കഴിഞ്ഞ ദിവസം കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ വാഹനാപകടത്തിൽ നാല് വയസുകാരി മരിച്ചിരുന്നു. കൽപ്പറ്റ മുണ്ടേരിയിലെ സ്കൂൾ അധ്യാപകനായ സജിയുടേയും പിണങ്ങോട് സ്കൂൾ അധ്യാപിക പ്രിൻസിയുടെയും ഇളയ മകളായ ഐറിൻ തെരേസയാണ് മരിച്ചത്.

അച്ഛനും സഹോദരിമാർക്കും ഒപ്പം സ്കൂൾ വിട്ട് വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം.മുട്ടിൽ ദേശീയ പാതയിൽ കൊളവയലിനടുത്ത് വെച്ചാണ് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടായത്. വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടമുണ്ടായത്.

വീട്ടിലേക്കുള്ള വഴിയിലേക്കു തിരിയുന്നതിനിടെ എതിര്‍ദിശയിലെത്തിയ മറ്റൊരു കാര്‍ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ കുട്ടിയെ ഉടൻ കൽപ്പറ്റ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എൽകെജി വിദ്യാർത്ഥിനിയാണ് മരിച്ച ഐറിൻ. സജിയും മൂന്നു പെൺമക്കളും പരുക്കുകളോടെ രക്ഷപ്പെട്ടു.

കഴിഞ്ഞ ദിവസം വിദ്യാർഥികളുമായി പുറപ്പെട്ട സ്കൂൾ ബസ് പുഴയിലേക്കു മറിയാൻ പാകത്തിൽ റോഡിലെ ചതുപ്പിൽ താഴ്ന്നെങ്കിലും ഭാഗ്യം കൊണ്ട് ദുരന്തം ഒഴിവായി. താനക്കോട്ടൂർ പുഴക്കലക്കണ്ടി പാലത്തിനു സമീപത്താണ് ഇന്നലെ രാവിലെ സെഹ്റ പബ്ലിക് സ്കൂളിന്റെ ബസ് സ്കൂട്ടറിനു സൈഡ് കൊടുക്കുന്നതിനിടയിൽ താഴ്ന്നു പോയത്. ബസിലുണ്ടായിരുന്ന 30 കുട്ടികളും പരിഭ്രാന്തരായി.

LEAVE A REPLY

Please enter your comment!
Please enter your name here