ഡൽഹിയിൽ പ്ലസ് വൺ വിദ്യാർഥിനിക്ക് നേരേ വെടിയുതിർത്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ

0

ന്യൂഡൽഹി: ഡൽഹിയിൽ പ്ലസ് വൺ വിദ്യാർഥിനിക്ക് നേരേ വെടിയുതിർത്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. ബോബി, പവൻ എന്നിവരെയാണ് രണ്ടുദിവസത്തിന് ശേഷം ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം, വധശ്രമം ആസൂത്രണം ചെയ്യുകയും സംഘത്തിലെ പ്രധാനിയുമായ അർമാൻ അലി എന്നയാൾ ഇപ്പോഴും ഒളിവിലാണ്. ഇയാൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.

മുഖ്യപ്രതിയായ അർമാൻ അലിയുമായി പെൺകുട്ടി ചാറ്റിങ് നിർത്തിയതാണ് ആക്രമണത്തിന് പിന്നിലെ കാരണമെന്നാണ് അറസ്റ്റിലായ പ്രതികളുടെ മൊഴി. സാമൂഹികമാധ്യമങ്ങളിലൂടെ കഴിഞ്ഞ രണ്ടുവർഷമായി അർമാനും പെൺകുട്ടിയും പരിചയമുണ്ട്. എന്നാൽ ആറുമാസം മുമ്പ് പെൺകുട്ടി ഇയാളുമായുള്ള ചാറ്റിങ് നിർത്തി. മെസേജുകൾക്ക് പ്രതികരിക്കാതായി. ഇതോടെയാണ് അർമാൻ ആക്രമണം ആസൂത്രണം ചെയ്തതെന്നും പോലീസ് പറഞ്ഞു.

വ്യാഴാഴ്ചയാണ് ഡൽഹി സംഘംവിഹാർ മേഖലയിൽവെച്ച് 16-കാരിക്ക് വെടിയേറ്റത്. സ്കൂളിൽനിന്ന് വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു ആക്രമണം. വെടിയുതിർത്ത ഉടൻ പ്രതികൾ സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടിരുന്നു. ചുമലിൽ വെടിയേറ്റ പെൺകുട്ടിയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടി ചികിത്സയിൽ തുടരുകയാണെന്നും അപകടനില തരണം ചെയ്തതായും പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here