മുവാറ്റുപുഴയിൽ അപ്രോച്ച് റോഡില്‍ ഗര്‍ത്തം; ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി

0

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ റോഡിൽ വലിയ ​ഗർത്തം രൂപപ്പെട്ടു. എം സി റോഡിൽ കച്ചേരിത്താഴത്ത് വലിയ പാലത്തിനു സമീപമാണ് റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടത്. ആശങ്ക സൃഷ്ടിച്ച് ഗര്‍ത്തം വലുതാകുന്നതിനെ തുടർന്ന് പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു. ഇപ്പോൾ പഴയ പാലത്തിലൂടെയാണ് വാഹനങ്ങൾ കടത്തി വിടുന്നത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് ഇവിടെ കുഴി രൂപപ്പെട്ടത്. സംഭവം അറിഞ്ഞതോടെ പൊലീസ് എത്തി ബാരിക്കേട് വച്ച് അപകടം ഒഴിവാക്കി.

കച്ചേരിത്താഴം പാലത്തിനോട് ചേർന്ന് ഏകദേശം 10 മീറ്റർ മാറിയാണ് ഗർത്തം രൂപപ്പെട്ടിരിക്കുന്നത്. ദിവസേന ആയിരക്കണകിനാളുകൾ സഞ്ചരിക്കുന്ന എംസി റോഡിനോട് ചേർന്നാണ് ഗര്‍ത്തം എന്നുള്ളത് അപകട സാധ്യത വർധിപ്പിക്കുന്നു. ഗര്‍ത്തം അനുനിമിഷം വലുതാകുന്നതിനെ തുടർന്നാണ് ഗതാഗതം നിയന്ത്രിച്ചത്.​

പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. നഗരത്തിലും എംസി റോഡിലും വൻഗതാഗതക്കുരുക്കിനു സാധ്യത ഉള്ളതിനാൽ പൊലീസ് സംഘവും സ്ഥലത്തുണ്ട്. അപ്രോച്ച് റോഡിനടിയില്‍ മണ്ണ് ഒലിച്ചുപോയെന്ന സംശയമുള്ളതിനാല്‍ വിശദമായ പരിശോധന ഇന്ന് ഉണ്ടാകും. മഴക്കെടുതിയില്‍ എറണാകുളം ജില്ലയില്‍ ഏഴ് ദുരിതാശ്വാസ ക്യാമ്പ് കൂടി തുറന്നു.

250 പേരാണ് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നത്. 120ല്‍ അധികം വീടുകളില്‍ വെള്ളം കയറി. മഴക്കെടുതിയില്‍ എറണാകുളം ജില്ലയില്‍ ഏഴ് ദുരിതാശ്വാസ ക്യാമ്പ് കൂടി തുറന്നിട്ടുണ്ട്. അതേസമയം മൂന്ന് ദിവസം കൂടി അതിതീവ്രമഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് പത്ത് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് റെഡ് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. മഴയെ തുടര്‍ന്ന് 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, കോഴിക്കോട്, തൃശൂര്‍, എറണാകുളം, കോട്ടയം, മലപ്പുറം, ഇടുക്കി, പത്തനംതിട്ട, പാലക്കാട്, വയനാട്, തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ കോളജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here