ടോൾ പ്ലാസാ ജീവനക്കാരനെ മർദ്ദിച്ച സംഭവം; മുഖ്യപ്രതി പിടിയിൽ

0

കൊല്ലം: ടോൾ നൽകാത്തത് ചോദ്യം ചെയ്തതിനെ തുടർന്ന് ജീവനക്കാരനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ മുഖ്യ പ്രതി പൊലീസ് പിടിയിൽ. വർക്കല സ്വദേശി ലഞ്ജിത്താണ് പിടിയിലായത്. നാവായിക്കുളത്ത് നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ലഞ്ജിത്തിന് ഒപ്പം ഉണ്ടായിരുന്ന സുഹൃത്തായ അഭിഭാഷകൻ ഷിബുവിനെ നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

കഴിഞ്ഞ ആഗസ്റ്റ് 11 നാണ് സംഭവമുണ്ടായത്. ടോൾ നൽകാതെ എമർജൻസി ഗേറ്റിലൂടെ കടന്നു പോകുന്നത് ജീവനക്കാരൻ ചോദ്യം ചെയ്തതതോടെയാണ് തർക്കമുണ്ടായത്. തർക്കത്തിനിടെ പ്രതി, ജീവനക്കാരന്റെ ഷര്‍ട്ടിൽ പിടിച്ച് ഏറെ ദൂരം വലിച്ചിഴച്ചു. കൈക്കും കാലിനും സാരമായി പരിക്കേറ്റ കുരീപ്പുഴ സ്വദേശി അരുൺ ചികിത്സയിൽ തുടരുകയാണ്.

ആലപ്പുഴയിൽ പോയി മടങ്ങി വരും വഴിയാണ് പ്രതി യുവാവിനെ മർദിച്ചത്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് KL 26 F 9397 എന്ന നമ്പറിലുള്ള കാർ കൊല്ലം ബൈപ്പാസിലെ കാവനാട് ടോൾ പ്ലാസയിലെത്തിയത്. ടോൾ നൽകാതെ എമർജൻസി ഗേറ്റിലൂടെ പോകാൻ ശ്രമിച്ച കാർ, അരുണ്‍ തടഞ്ഞു. തുടർന്ന് കാർ യാത്രികരും ജീവനക്കാരനും തമ്മിൽ വാക്കേറ്റമുണ്ടായി. പിന്നാലെ മര്‍ദ്ദനത്തിന് ശേഷം അരുണിന്റെ ഷര്‍ട്ടിൽ പിടിച്ച് ഡ്രൈവര്‍ കാർ മുന്നോട്ടെടുത്തു. നൂറ് മീറ്ററോളം ദൂരം പിന്നിട്ട ശേഷം യുവാവിനെ തള്ളി റോഡിലേക്കിട്ടു. സാരമായി പരിക്കേറ്റ അരുണ്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ടോൾ പ്ലാസ അധികൃതരുടെ പരാതിയിൽ അഞ്ചാലുമ്മൂട് പൊലീസ് അന്വേഷണം തുടങ്ങി. അടൂര്‍ രജിസ്ട്രേഷനിലുള്ള കാ‍ർ പാരിപ്പള്ളി സ്വദേശിയുടെതാണെന്ന് തിരിച്ചറിഞ്ഞു. കാറുടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Leave a Reply