വരാപ്പുഴ സ്വദേശിയായ ശ്യാമിന്റെ കൊലപാതകത്തിൽ മൂന്ന് പ്രതികൾ പിടിയിൽ

0

കൊച്ചി: വരാപ്പുഴ സ്വദേശിയായ ശ്യാമിന്റെ കൊലപാതകത്തിൽ മൂന്ന് പ്രതികൾ പിടിയിൽ. നെട്ടൂർ സ്വദേശികളായ തോമസ്, ഹർഷാദ്, സുധീർ എന്നിവരാണ് കൊച്ചി സെൻട്രൽ പോലീസിന്റെ കസ്റ്റഡിയിലുള്ളത്. രാവിലെ കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ പ്രതികളെത്തിയ വാഗൺ ആർ കാറിന്റെ നമ്പർ ഉൾപ്പെടെ ലഭിച്ചത് പ്രതികളെ പിടികൂടുന്നതിൽ നിർണായകമായി. അൽപ്പസമയത്തിനകം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തും.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്: സ്ഥലത്ത് ഒരു ട്രാൻസ്ജെൻഡർ ഉണ്ടായിരുന്നു. ഇവരുടെ അടുത്തേക്ക് മൂന്ന് സംഘങ്ങൾ എത്തി. ഇതിൽ രണ്ട് സംഘങ്ങൾ ഇരുചക്രവാഹനത്തിലായിരുന്നു. മൂന്നാമത്തെ സംഘമാണ് കാറിലെത്തിയത്. ഇവരെ കളിയാക്കി ശ്യാം പാട്ട് പാടുകയും ഇതേത്തുടർന്ന് വാക്കേറ്റവും തർക്കവുമുണ്ടായതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. തർക്കത്തിനിടെ മൂന്നംഗ സംഘത്തിലെ ഒരാൾ കത്തി ഉപയോഗിച്ച് ശ്യാമിനേയും ഒപ്പമുണ്ടായിരുന്ന അരുണിനേയും കുത്തുകയായിരുന്നു.
പരിക്കേറ്റ ശ്യാം ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കുഴഞ്ഞ് വീഴുകയും ആശുപത്രിയിൽ എത്തിക്കുമ്പോൾ മരിക്കുകയുമായിരുന്നു. സംഭവസ്ഥലത്ത് ഒരു ട്രാൻസ്ജെൻഡർ ഉൾപ്പെടെ എട്ട് പേർ ഉണ്ടായിരുന്നുവെന്നാണ് പോലീസ് നൽകുന്ന വിവരം. സംഭസ്ഥലത്ത് നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഒരു പ്രതിക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് വിവരം.

സൗത്ത് പാലത്തിന് സമീപം കളത്തിപ്പറമ്പ് റോഡിൽ ഷോപ്പിങ് കോംപ്ലക്സിന് മുന്നിൽ പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. ഈ സമയം പ്രദേശത്ത് ഒരു ഓട്ടോ ഡ്രൈവർ എത്തിയിരുന്നുവെന്നാണ് പ്രാഥമിക വിവരം.

Leave a Reply