‘മുംബൈയിൽ ഭീകരാക്രമണം ഉണ്ടാകും’; മുംബൈ പൊലീസിന് പാക് നമ്പറിൽ നിന്ന് ഭീഷണി സന്ദേശം; ആശങ്ക

0

മുംബൈ: 26/11 ആക്രമണത്തിനു സമാനമായ രീതിയില്‍ മുംബൈ നഗരത്തില്‍ ഭീകരാക്രമണം നടത്തുമെന്നു പാക്കിസ്ഥാനില്‍നിന്നു ഭീഷണി സന്ദേശം. മുംബൈ പൊലീസ് ട്രാഫിക്ക് കണ്‍ട്രോള്‍ സെല്ലിന്റെ വാട്‌സാപ്പ് നമ്പരിലേക്ക് വെള്ളിയാഴ്ച രാത്രിയാണ് ഭീഷണി സന്ദേശം എത്തിയത്. 26/11 ആക്രമണം, ഉദയ്പുര്‍ കൊലപാതകം, സിന്ധു മൂസാവാല കൊലപാതകം എന്നിവയെക്കുറിച്ചു സന്ദേശത്തില്‍ പരാമര്‍ശമുണ്ട്.
പാക്കിസ്ഥാനിലെ ഒരു നമ്പരില്‍നിന്നാണ് ഭീഷണി സന്ദേശം എത്തിയതെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യക്കു പുറത്താണ് താനിപ്പോള്‍ ഉള്ളതെന്ന് സന്ദേശം അയച്ചയാള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ തന്നെയുള്ള ആറ് പേര്‍ ചേര്‍ന്ന് മുംബൈയിലാവും ആക്രമണം നടത്തുകയെന്നും ഇയാള്‍ അറിയിച്ചിട്ടുണ്ട്.

ഭീഷണി സന്ദേശത്തെക്കുറിച്ചു വിശദമായ അന്വേഷണം ആരംഭിച്ചതായി മുംബൈ പൊലീസ് അറിയിച്ചു. മറ്റ് കേന്ദ്ര ഏജന്‍സികളെയും വിവരം അറിയിച്ചിട്ടുണ്ട്. വ്യാജസന്ദേശമാണോ എന്നും പരിശോധിക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ റായ്ഗഡിലെ ഹരിഹരേശ്വര്‍ ബീച്ചില്‍ മൂന്ന് എകെ 47 റൈഫിളുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ നിറച്ച ആഡംബര ബോട്ട് കഴിഞ്ഞ ദിവസം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഭീകരാക്രമണ ഭീഷണി എത്തിയിരിക്കുന്നത്.

2008 നവംബർ 26-ന് ആരംഭിച്ച ഭീകരാക്രമണങ്ങളുടെ ഒരു പരമ്പരയാണ് 2008-ലെ മുംബൈ ആക്രമണം. അന്ന് പാകിസ്ഥാൻ ഇസ്ലാമിസ്റ്റ് ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ 10 അംഗങ്ങൾ നാല് ദിവസത്തിനിടെ മുംബൈയിൽ ഉടനീളം വെടിവയ്പ്പും ബോംബാക്രമണവും നടത്തുകയായിരുന്നു. ആക്രമണത്തിൽ 150-ലധികം ആളുകൾക്ക് ജീവൻ നഷ്ടമാവുകയും മുന്നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു

Leave a Reply