നിര്‍ത്തിയിട്ടിരുന്ന സ്വകര്യ ബസുമായി കടന്ന യുവാവ് പിടിയില്‍

0

കൊരട്ടി: കൊരട്ടി ജങ്ഷനില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകര്യ ബസുമായി കടന്ന യുവാവ് പിടിയില്‍. ലഹരിമരുന്ന് കേസുകളിലും ഒട്ടേറെ മോഷണക്കേസുകളിലും പ്രതിയായ കറുകുറ്റി പുത്തന്‍പുരയ്ക്കല്‍ റിഥിനെ (25)യാണ് എസ്.എച്ച്‌.ഒ. ബി.കെ. അരുണും സംഘവും അറസ്റ്റ് ചെയ്തത്. മാരകമായി ലഹരി മരുന്ന് ഉപയോഗിച്ചിരുന്ന റിധിന്‍ അങ്കമാലിയിലെ ഡ്രൈവിംഗ് സ്‌കൂളിലെ ബൈക്ക് മോഷ്ടിച്ചാണ് കൊരട്ടിയിലെത്തിയത്. ബുധനാഴ്ച രാത്രി 11.30-നാണ് സംഭവം. ഇയാള്‍ ഹെല്‍മെറ്റ് ധരിച്ചാണ് നിര്‍ത്തിയിട്ട ബസ് അപകടകരമായി ഓടിച്ചുപോയത്. അങ്കമാലി-കൊരട്ടി റൂട്ടിലോടുന്ന ‘ബെസ്റ്റ് വേ’ എന്ന സ്വകാര്യ ബസാണ് 18 കിലോമീറ്റര്‍ ദൂരം ഇയാള്‍ ഓടിച്ചുകൊണ്ടുപോയത്. ചിറങ്ങര സ്വദേശിയുടെ ബസാണ് തട്ടിയെടുത്തത്.

നേരത്തെയും ഇത്തരത്തില്‍ ബൈക്ക് മോഷണം നടത്തിയയാളാണ് ഇയാളെന്ന് എസ്.എച്ച്‌.ഒ ബി.കെ അരുണ്‍ പറഞ്ഞു. എറണാകുളം ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ കൊലപാതക ശ്രമം ഉള്‍പ്പെടെ പതിനൊന്ന് കേസുകള്‍ നിലവിലുണ്ട്. എസ്.ഐമാരായ ഷാജു എടത്താടന്‍, സജി വര്‍ഗീസ്, സി.പി.ഒ. മനോജ്, രഞ്ജിത്ത് എന്നിവരുടെ സംഘാണ് അറസ്റ്റ് ചെയ്തത്.

അങ്കമാലി സ്റ്റേഷന്‍ പരിധിയില്‍നിന്ന് മോഷ്ടിച്ച ബൈക്കില്‍ കറങ്ങിനടക്കുന്നതിനിടെയാണ് ഇയാള്‍ ജങ്ഷനിലെത്തിയത്. ബസ് പാര്‍ക്ക് ചെയ്ത സ്ഥലത്തെത്തി ബൈക്ക് നിര്‍ത്തി ബസുമായി പോകുകയായിരുന്നു. ബൈക്ക് ഓടിക്കുമ്പോള്‍ ധരിച്ചിരുന്ന ഹെല്‍മെറ്റ് മാറ്റിയിരുന്നില്ല. വര്‍ക്ഷോപ്പില്‍ യന്ത്രോപകരണങ്ങളുടെ തകരാര്‍ പരിഹരിക്കുവാന്‍ നേരത്തെ പരിശീലനം ലഭിച്ചിരുന്ന ഇയാള്‍, ബസ് താക്കോലില്ലാതെ സ്റ്റാര്‍ട്ട് ചെയ്യുന്ന വിദ്യ ഉള്‍പ്പെടെ വശത്താക്കിയിരുന്നു. തൃശ്ശൂര്‍ ഭാഗത്തേക്ക് വേഗത്തില്‍ പോകുന്നതിനിടെ ഹെല്‍മെറ്റ് ധാരിയായ ഒരാള്‍ ബസ് ഓടിച്ചുകൊണ്ടു പോകുന്നതു കണ്ട ഓട്ടോസ്റ്റാന്‍ഡിലുണ്ടായിരുന്നവരും യാത്രക്കാരും അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിക്കുകയായിരുന്നു.

ദേശീയപാതയിലൂടെ വേഗത്തില്‍ ഓടിച്ചതിനെത്തുടര്‍ന്ന് പലയിടത്തും ഇടിച്ച് ബസിന് തകരാര്‍ സംഭവിച്ചിട്ടുണ്ട്. വയര്‍ലെസ് സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് പുതുക്കാട് സ്റ്റേഷന്‍ പരിധിയില്‍ വെച്ച് പോലീസ് വാഹനം തടഞ്ഞ് പിടികൂടുകയായിരുന്നു. നേരത്തെ ഷോറൂമില്‍ നിന്ന് ടെസ്റ്റ് ഡ്രൈവിനായി എടുത്ത ബൈക്കിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉണ്ടാക്കി ഷോപ്പില്‍നിന്ന് അതേ ബൈക്ക് മോഷ്ടിച്ച കേസും നിലവിലുണ്ട്.

Leave a Reply