മന്ത്രി വീണാ ജോര്‍ജിനു നിയമസഭയില്‍ താക്കീതും തിരുത്തും

0

മന്ത്രി വീണാ ജോര്‍ജിനു നിയമസഭയില്‍ താക്കീതും തിരുത്തും.
നിയമ സഭയില്‍ ചോദ്യങ്ങള്‍ക്ക്‌ അവ്യക്‌തമായ മറുപടികള്‍ ആവര്‍ത്തിച്ചു നല്‍കരുതെന്നു മന്ത്രിയോടു സ്‌പീക്കര്‍ എം.ബി. രാജേഷ്‌ നിര്‍ദേശിച്ചു. പേവിഷ വാക്‌സിന്റെ ഗുണനിലവാരത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു മന്ത്രി വ്യക്‌തമായ മറുപടി നല്‍കാതിരുന്നതിനെത്തുടര്‍ന്നു ചോദ്യോത്തരവേളയ്‌ക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടു മറുപടി നല്‍കി.
കേരള മെഡിക്കല്‍ സര്‍വീസ്‌ കോര്‍പറേഷന്റെ പ്രവര്‍ത്തനങ്ങളിലെ അപാകത, പി.പി.ഇ. കിറ്റ്‌ അഴിമതി എന്നിവ സംബന്ധിച്ച ചോദ്യങ്ങള്‍ക്കാണ്‌ മന്ത്രി ഒരേ ഉത്തരം നല്‍കിയത്‌. ഇത്തരം നടപടി ആവര്‍ത്തിക്കരുതെന്ന സ്‌പീക്കറുടെ നിര്‍ദേശം നിയമസഭ സെക്രട്ടേറിയറ്റ്‌ മന്ത്രിയെ അറിയിച്ചു. കോണ്‍ഗ്രസ്‌ അംഗം എ.പി. അനില്‍കുമാറിന്റെ പരാതിയിലാണ്‌ സ്‌പീക്കറുടെ ഇടപെടല്‍.
പേവിഷബാധയേറ്റുള്ള മരണങ്ങളെക്കുറിച്ചു പഠിക്കാന്‍ നിയോഗിച്ച സമിതി രണ്ടാഴ്‌ചയ്‌ക്കകം റിപ്പോര്‍ട്ട്‌ നല്‍കുമെന്നു മന്ത്രി വീണാ ജോര്‍ജ്‌ പറഞ്ഞപ്പോഴാണ്‌, പേവിഷ വാക്‌സിനെക്കുറിച്ചു പഠിക്കാനും വിദഗ്‌ധസമിതിയെ നിയോഗിക്കണമെന്നു മുഖ്യമന്ത്രി നിര്‍ദേശിച്ചത്‌. മരണങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply