യുഎസ് കേന്ദ്ര ബാങ്കിന്റെ പണനയ സമിതി യോഗം രണ്ടാം മാസവും പലിശ നിരക്ക് 0.75 ശതമാനം ഉയർത്തി

0

യുഎസ് കേന്ദ്ര ബാങ്കിന്റെ പണനയ സമിതി യോഗം രണ്ടാം മാസവും പലിശ നിരക്ക് 0.75 ശതമാനം ഉയർത്തി. ജൂൺ, ജൂലൈ മാസങ്ങളിലായി പലിശ നിരക്കുകൾ മൊത്തം 1.50 ശതമാനം വർധിച്ചതോടെ 1980നുശേഷം ഉണ്ടായ ഏറ്റവും വലിയ വർധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ ഫെഡറൽ ഫണ്ട് നിരക്കുകൾ 1.25 ശതമാനത്തിൽ നിന്ന് 2.5 ശതമാനമായി.

യുഎസ് സമ്പദ് വ്യവസ്ഥ 40 വർഷത്തെ ഏറ്റവും ഉയർന്ന പണപ്പെരുപ്പമാണ് നേരിടുന്നത്. ജൂൺ മാസം ഉത്പന്ന വിലകൾ 9.1 ശതമാനമായി ഉയർന്നു. 1981നുശേഷമുണ്ടായ ഏറ്റവും വലിയ പ്രതിവർഷ വിലക്കയറ്റം. കുതിച്ചുയർന്ന ഇന്ധന, ഭക്ഷണ വിലകൾ, വർധിക്കുന്ന വാടക എന്നിവയെല്ലാം ചേർന്ന് യുഎസിലെ വിലക്കയറ്റം ജൂൺ മാസത്തിൽ നാലു പതിറ്റാണ്ടിലെ ഏറ്റവും കടുത്തതായി.

യുഎസ് കേന്ദ്ര ബാങ്കിനെപ്പോലെ ലോകമെങ്ങുമുള്ള കേന്ദ്ര ബാങ്കുകൾ വിലക്കയറ്റത്തിനെതിരായ പോരാട്ടത്തിലാണ്. യൂറോപ്യൻ കേന്ദ്ര ബാങ്ക് ഈയിടെ അതിശയകരമായ നീക്കത്തിലൂടെ 0.50 ശതമാനം നിരക്കുയർത്തുകയുണ്ടായി. ഒരു പതിറ്റാണ്ടിനുശേഷമാണ് യൂറോപ്യൻ കേന്ദ്ര ബാങ്ക് പലിശ നിരക്കുയർത്തുന്നത്. നേരത്തേ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് 4.9 ശതമാനം ഉയർത്തിയിരുന്നു. ബാങ്ക് ഓഫ് കാനഡയും നിരക്കുകൂട്ടി.

കുതിക്കുന്ന വിലക്കയറ്റം നിയന്ത്രിക്കുന്നതിന് വിവിധ കേന്ദ്ര ബാങ്കുകൾ കൈക്കൊണ്ട നടപടികൾ ഉത്പന്ന, കറൻസി വിപണികളിൽ വലിയ ചലനമുണ്ടാക്കിയിട്ടുണ്ട്.

പ്രമുഖ വിദേശ കറൻസികളുമായുള്ള യുഎസ് ഡോളറിന്റെ മൂല്യം നിർണയിക്കുന്ന ഡോളർ സൂചിക ഈ വർഷം ഇതുവരെ 11 ശതമാനത്തിലേറെ ഉയർന്നിട്ടുണ്ട്. സുരക്ഷിത കറൻസി എന്നപേരും പലിശ നിരക്കുകളിലെ വർധനയും യുഎസ് കറൻസിയെ രണ്ടു പതിറ്റാണ്ടിലെ ഏറ്റവും വലിയ ഉയരത്തിലെത്തിച്ചു.

Leave a Reply