ഗ്ലാസ് പൗഡർ പുരട്ടിയ പട്ടത്തിന്റെ നൂൽ കഴുത്തിൽ കുടുങ്ങി ശ്വാസനാളി മുറിഞ്ഞ് ബൈക്ക് യാത്രികന് ദാരുണാന്ത്യം

0

ന്യൂഡൽഹി: ഗ്ലാസ് പൗഡർ പുരട്ടിയ പട്ടത്തിന്റെ നൂൽ കഴുത്തിൽ കുടുങ്ങി ശ്വാസനാളി മുറിഞ്ഞ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ഡൽഹി ശാസ്ത്രി പാർക്ക് ഫ്‌ളൈ ഓവറിൽ വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. 35 വയസ്സുകാരനായ വിപിൻ കുമാർ (34) ആണ് മരിച്ചത്.

രക്ഷാബന്ധൻ ആഘോഷിക്കാനായി സഹോദരിയുടെ അടുത്തേക്കു പോകുകയായിരുന്നു വിപിൻ കുമാർ. ബൈക്കിൽ വിപിനൊപ്പം ഭാര്യയും ഉണ്ടായിരുന്നു. പരുക്കേറ്റ വിപിനെ നാട്ടുകാരുടെ സഹായത്തോടെ ഭാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശ്വാസനാളി മുറിഞ്ഞതിനെത്തുടർന്ന് മരണം സംഭവിച്ചു.

സുപ്രീംകോടതി നിർദേശമനുസരിച്ച് രാജ്യത്ത് നിരോധിച്ച ഗ്ലാസ് പൗഡർ കോട്ടിങ്ങുള്ള ചൈനീസ് പട്ടമാണ് മരണത്തിന് ഇടയാക്കിയത്. ചില്ലു പൊതിഞ്ഞു നിർമ്മിക്കുന്ന ചൈനീസ് സിന്തറ്റിക് നൂലുകൾ (ചൈനീസ് മാഞ്ച) ഉപയോഗിച്ച് പട്ടം പറത്തുന്നതാണ് നഗരവാസികളുടെ ജീവനു ഭീഷണിയാകുന്നത്.

കാൽനടയാത്രക്കാരും ഇരുചക്ര വാഹന യാത്രക്കാരുമാണു പട്ടം കഴുത്തിൽ കുരുങ്ങി അപകടത്തിൽപെടുന്നത്. കത്തി ഉപയോഗിച്ചു മുറിക്കുന്നതു പോലെയുള്ള മുറിവുകളാണു നൂൽ കുരുങ്ങിയവരുടെ കഴുത്തിൽ ഉണ്ടാകുന്നതെന്നും ഡോക്ടർമാർ പറയുന്നു.

പട്ടം പറത്തൽ നടക്കുന്ന സമയങ്ങളിൽ നൂറുകണക്കിനു പക്ഷികളാണ് ഇത്തരം നൂലുകൾ കുരുങ്ങി ചാവുന്നത്. സ്വാതന്ത്ര്യ ദിനാഘോഷത്തിനു മുന്നോടിയായി പട്ടം പറത്തൽ പല സ്ഥലങ്ങളിലും വ്യാപകമായതിനെ തുടർന്ന് നിരവധി അപകടങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. പട്ടം പറത്തുന്നതല്ല,

ചൈനീസ് സിന്തറ്റിക് നൂലുകൾ ഉപയോഗിക്കുന്നതാണ് അപകടത്തിനു കാരണമാകുന്നതെന്ന് ഡൽഹി ഹൈക്കോടതി കഴിഞ്ഞ ഓഗസ്റ്റിൽ ചൂണ്ടിക്കാട്ടിയിരുന്നു. ചൈനീസ് മാഞ്ച നിരോധനം നടപ്പാക്കാൻ സർക്കാരും പൊലീസും കർശന നടപടിയെടുക്കണമെന്നു ഡൽഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

Leave a Reply