പതിനഞ്ചാം കേരള നിയമസഭയുടെ ആറാം സമ്മേളനം ഇന്ന്‌ ആരംഭിക്കും

0

തിരുവനന്തപുരം : പതിനഞ്ചാം കേരള നിയമസഭയുടെ ആറാം സമ്മേളനം ഇന്ന്‌ ആരംഭിക്കും. അസാധാരണ സാഹചര്യം ചര്‍ച്ച ചെയ്യാനാണ്‌ അടിയന്തരമായി സഭ സമ്മേളിക്കുന്നതെങ്കിലും സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര്‌ സഭയില്‍ പ്രതിഫലിക്കും. ഗവര്‍ണറുടെ “ക്രിമിനല്‍ വി.സി” പരാമര്‍ശവും കെ.ടി. ജലീലിന്റെ “ആസാദും” സഭയില്‍ പ്രതിപക്ഷ ആയുധമാകും.
ഇന്ന്‌ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75 സംവത്സരങ്ങള്‍ അനുസ്‌മരിച്ചുള്ള പ്രത്യേക യോഗമാകും ചേരുക. മറ്റു നടപടികള്‍ ഉണ്ടാകില്ല. ഇന്നു സഭ പിരിഞ്ഞതിനു ശേഷം യോഗം ചേരുന്ന കാര്യോപദേശക സമിതി തുടര്‍ന്നുള്ള ദിനങ്ങളിലെ നിയമനിര്‍മാണത്തിനായുള്ള സമയക്രമം സംബന്ധിച്ചു ചര്‍ച്ചചെയ്യും.
ധനാഭ്യര്‍ഥനകള്‍ ചര്‍ച്ച ചെയ്‌തു പാസാക്കുന്നതിനായി കഴിഞ്ഞ ജൂണ്‍ 27നു ചേര്‍ന്ന അഞ്ചാം സമ്മേളനം 15 ദിവസം സമ്മേളിച്ചു നടപടി പൂര്‍ത്തിയാക്കി ജൂലൈ 21നാണു പിരിഞ്ഞത്‌. അഞ്ചാം സമ്മേളനകാലയളവില്‍ നിലവിലുണ്ടായിരുന്ന ഓര്‍ഡിനന്‍സുകള്‍ക്കു പകരമുള്ള ബില്ലുകളും മറ്റ്‌ അത്യാവശ്യ ബില്ലുകളും പരിഗണിക്കുന്നതിനായി ഒക്‌ടോബര്‍ – നവംബര്‍ മാസങ്ങളില്‍ പ്രത്യേക സമ്മേളനം ചേരുമെന്ന പ്രഖ്യാപനത്തോടെയാണ്‌ അഞ്ചാം സമ്മേളനം അവസാനിച്ചത്‌. എന്നാല്‍, അഞ്ചാം സമ്മേളനം ആരംഭിച്ച തീയതി മുതല്‍ 42 ദിവസ കാലയളവിനുള്ളില്‍ അന്നു നിലവിലുണ്ടായിരുന്ന 11 ഓര്‍ഡിനന്‍സുകള്‍ വീണ്ടും പ്രഖ്യാപിക്കാന്‍ കഴിയാതെവരികയും അവ റദ്ദാകുകയുമായിരുന്നു. ഈ അസാധാരണ സ്‌ഥിതിവിശേഷം മറികടക്കുന്നതിനായി, റദ്ദായിപ്പോയ ഓര്‍ഡിനന്‍സുകളുടെ സ്‌ഥാനത്തു പുതിയ നിയമ നിര്‍മാണം നടത്തുന്നതിനുവേണ്ടിയാണ്‌ അടിയന്തരമായി ഇപ്പോള്‍ സമ്മേളനം ചേരുന്നത്‌. 10 ദിവസം സഭ സമ്മേളിച്ച്‌ സെപ്‌റ്റംബര്‍ രണ്ടിനു പിരിയും.

സഭയ്‌ക്കുള്ളില്‍ യു.ഡി.എഫ്‌; പുറത്തു പ്രതിഷേധത്തിന്‌ ബി.ജെ.പി.

കണ്ണൂര്‍ സര്‍വകലാശാലയിലെ പ്രിയാ വര്‍ഗീസിന്റെതടക്കമുള്ള ബന്ധു നിയമനങ്ങളും ലോകായുക്‌താ ഓര്‍ഡിനസും വിഴിഞ്ഞം തുറമുഖത്തെ ലത്തീന്‍ അതിരൂപതയുടെ മത്സ്യത്തൊഴിലാളി സമരവുമടക്കം സഭയില്‍ യു.ഡി.എഫ്‌. എത്തിക്കുന്നതോടെ സമ്മേളനം കലുഷിതമാകാനാണു സാധ്യത. സഭയ്‌ക്ക്‌് പുറത്ത്‌ ബി.ജെ.പിയും പ്രതിഷേധം ശക്‌തമാക്കും.
ലോകായുക്‌ത ഭേദഗതിക്കെതിരേ കര്‍ശന നിലപാട്‌ സ്വീകരിച്ചിരുന്ന സി.പി.ഐയുടെ നിലപാടും സഭയില്‍ നിര്‍ണായകമാകും. ഇന്നലെ എ.കെ.ജി. സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സി.പി.എം. നേതൃത്വം സി.പി.ഐ. സെക്രട്ടറി കാനം രാജേന്ദ്രനും പന്ന്യന്‍ രവീന്ദ്രനുമായി നടന്ന ചര്‍ച്ചയില്‍ മഞ്ഞുരുകിയെന്ന സൂചനയുണ്ട്‌.
തന്നെ കായികമായി നേരിടാന്‍ കണ്ണൂര്‍ വി.സി. എല്ലാ ഒത്താശയും ചെയ്‌തുവെന്നുമുള്ള ഗവര്‍ണറുടെ ആരോപണത്തില്‍ മുഖ്യമന്ത്രി സഭയില്‍ മറുപടി പറയണമെന്നായിരിക്കും പ്രതിപക്ഷത്തിന്റെ ആവശ്യം.
ആസാദ്‌ കശ്‌മീര്‍ പരാമര്‍ശത്തില്‍ കെ.ടി. ജലീലിനെതിരേ കേസെടുക്കുന്നതിനു ഡല്‍ഹി പോലീസ്‌ നിയമോപദേശം തേടിയിട്ടുണ്ട്‌. ജലീലിനെതിരായ പരാതി, അന്വേഷണത്തിനായി സൈബര്‍ ൈക്രം വിഭാഗമായ ഇഫ്‌സോക്ക്‌ ഡല്‍ഹി പോലീസ്‌ കൈമാറി. സുപ്രീം കോടതി അഭിഭാഷകനായ ജി.എസ്‌. മണി നല്‍കിയ പരാതിയിലാണ്‌ ഡല്‍ഹി പോലീസിന്റെ നടപടി. ഡല്‍ഹി തിലക്‌മാര്‍ഗ്‌ പോലീസ്‌ സ്‌റ്റേഷനിലും ജി.എസ്‌. മണി പരാതി നല്‍കിയിരുന്നു. ഓഗസ്‌റ്റ്‌ 13ന്‌ നല്‍കിയ ഈ പരാതിയില്‍ നടപടി ഉണ്ടാകുന്നില്ലെന്ന്‌ കാണിച്ച്‌ കഴിഞ്ഞ ദിവസം ഡല്‍ഹി ഡി.സി.പിയെ അഭിഭാഷകന്‍ സമീപിച്ചു. ഇതിനു പിന്നാലെയാണു ഡല്‍ഹി പോലീസ്‌ അന്വേഷണം ഇഫ്‌സോക്ക്‌ കൈമാറിയതും കേസെടുക്കുന്നതില്‍ നിയമോപദേശം തേടിയതും. ഇത്‌ പ്രതിപക്ഷം സഭയിലും ബി.ജെ.പി സഭയ്‌ക്ക്‌ പുറത്തും ആയുധമാക്കും.
ആസാദ്‌ കശ്‌മീര്‍ പരാമര്‍ശത്തില്‍ ജലീലിനെതിരേ തിരുവല്ല കോടതിയില്‍ കഴിഞ്ഞ ദിവസം ഹര്‍ജി എത്തിയിരുന്നു. ആര്‍.എസ്‌.എസ്‌. ജില്ലാ പ്രചാര്‍ പ്രമുഖ്‌ അരുണ്‍ മോഹനാണു കോടതിയെ സമീപിച്ചിട്ടുള്ളത്‌. തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. ഹര്‍ജി നാളെ പരിഗണിക്കാനിരിക്കെയാണ്‌ സഭാ സമ്മേളനമെന്നതും ശ്രദ്ധേയം.

Leave a Reply