ആത്മവിശ്വാസത്തിന്റെ പോസ്റ്റ് വുമൺ

0

കത്തുകളുമായി വീടുകളിലെത്തി ആംഗ്യഭാഷയിൽ കാര്യം പറഞ്ഞ് ചെറുപുഞ്ചിരിയോടെ മടങ്ങുന്ന മെറിൻ ജി.ബാബു ആത്മവിശ്വാസത്തിന്റെ പോസ്റ്റ് വുമണാണ് ആലപ്പുഴക്കാർക്ക്. ജന്മനാ ബധിരയും മൂകയുമായ മെറിൻ, കഴിഞ്ഞ നവംബറിൽ മാരാരിക്കുളം പൊള്ളേത്തൈ പോസ്റ്റ് ഓഫിസിൽ ജോലിയിൽ പ്രവേശിച്ചു ചുരുങ്ങിയ കാലംകൊണ്ടാണ് നാട്ടുകാർക്കു പ്രിയങ്കരിയായത്.

സംസാരിക്കാനോ കേൾക്കാനോ കഴിയാത്ത ഒരാൾ തപാൽവിതരണം പോലെ ആളുകളുമായി നിരന്തരം ആശയവിനിമയം നടത്തേണ്ട ഒരു ജോലി എങ്ങനെ ചെയ്യുമെന്ന് എല്ലാവർക്കും ആശങ്കയുണ്ടായിരുന്നു. എന്നാൽ, വളരെ പെട്ടെന്നു തന്നെ നാടും നാട്ടുകാരും മെറിന്റെ ഭാഷ പഠിച്ചു; വാത്സല്യം ചൊരിഞ്ഞു.

കൊല്ലം കൊട്ടാരക്കര കൊച്ചുചാമക്കാല വീട്ടിൽ ബാബു വർഗീസിന്റെയും അലക്സി ബാബുവിന്റെയും മകളായ മെറിൻ തിരുവനന്തപുരം ഗവ.പോളി ടെക്നിക് കോളജിൽ നിന്നു കംപ്യൂട്ടർ സയൻസിൽ ബിരുദം നേടിയ ശേഷം അവിടെ ലാബ് അസിസ്റ്റന്റായി 3 വർഷം ജോലി ചെയ്തു. 2017 ൽ കൊല്ലം പരവൂർ സ്വദേശി എം.എസ്.പ്രീജിത്തിനെ വിവാഹം കഴിച്ചു. പ്രീജിത്തിനും സംസാരിക്കാനോ കേൾക്കാനോ സാധിക്കില്ല. കോളജ് ജോലി ഉപേക്ഷിച്ച ശേഷം ഒരു വർഷം ഒരു സ്വകാര്യ ടെലികോം കമ്പനിയിലും മെറിൻ ജോലി ചെയ്തിരുന്നു. അതിനിടെയാണ് പോസ്റ്റ് വുമൺ ഒഴിവിലേക്ക് അപേക്ഷിച്ചത്.

ആലപ്പുഴ ജില്ലയിൽ ജോലിയിൽ പ്രവേശിച്ച് ആദ്യത്തെ ഒരു മാസം മെറിന്റെ അച്ഛനോ അമ്മയോ സഹോദരിയോ പ്രീജിത്തോ മെറിനു കൂട്ടുപോകുമായിരുന്നു. നാട്ടുകാർക്കെല്ലാം സുപരിചിതയായതോടെ ഒറ്റയ്ക്കായി തപാൽവിതരണം. കൊച്ചി ഇൻഫോ പാർക്കിലാണ് പ്രീജിത്തിനു ജോലി. മകൻ: ഡാനി.

LEAVE A REPLY

Please enter your comment!
Please enter your name here