61കാരിയെ കൊന്ന് കിണറ്റിലിട്ടത് അന്തർ സംസ്ഥാന തൊഴിലാളിയെന്ന് പൊലീസ്

0

തിരുവനന്തപുരം: കേശവദാസപുരത്ത് 61കാരി മനോരമയെ കൊന്ന് കിണറ്റിലിട്ടത് അന്തർ സംസ്ഥാന തൊഴിലാളിയെന്ന് പൊലീസ്. കൊലപാതകം നടത്തിയത് ബംഗാൾ സ്വദേശിയായ 21കാരൻ ആദം അലിയാണെന്നാണ് പൊലീസ് കണ്ടെത്തൽ. രണ്ടു മാസം മുമ്പാണ് ഇയാൾ കേശവദാസപുരത്ത് എത്തുന്നത്. കഴുത്ത് ഞെരിച്ച് കൊന്നതിനെ ശേഷം പ്രതി വയോധികയെ കിണറ്റിലേക്കിട്ടതെന്നാണ് പൊലീസ് നിഗമനം.
കഴിഞ്ഞ ദിവസമാണ് കേശവദാസപുരം രക്ഷാപുരി റോഡ് മീനംകുന്നില്‍ വീട്ടില്‍ ദിനരാജിന്‍റെ ഭാര്യ മനോരമയെ കാണാതായത്. തുടർന്ന് അയൽവാസികൾ നടത്തിയ തിരച്ചിലിലാണ് സമീപത്തെ കിണറ്റിൽ നിന്നും മൃതദേഹം കണ്ടെടുത്തത്. കാലുകൾ കെട്ടിയ നിലയിലായിരുന്നു മൃതദേഹം.

മരിച്ച മനോരമയുടെ വീടിനു സമീപത്തെ പണി നടക്കുന്ന വീട്ടിലെ അന്യസംസ്ഥാന തൊഴിലാളികളിൽ ഒരാളെ സംഭവം നടന്ന സമയം മുതൽ കാണാതായതായി പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് ഇയാൾക്കൊപ്പം ഉണ്ടായിരുന്ന മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രതിക്കായുള്ള തിരച്ചിൽ പൊലീസ് ശക്തമാക്കി. ഇയാൾ സ്ഥിരമായി ഒരു നമ്പർ ഉപയോഗിക്കുന്ന ആളല്ല എന്നാണ് ഒപ്പമുണ്ടായിരുന്നവരിൽ നിന്നും അറിയാൻ കഴിയുന്നത്. ആദം പണി ചെയ്തിരുന്ന വീട്ടിൽ നിന്നും എളുപ്പത്തിൽ മരിച്ച മനോരമയുടെ വീട്ടിലേക്കെത്താൻ സാധിക്കും.
സംഭവം നടന്ന ദിവസം ഉച്ചയോടെ മനോരമയുടെ വീട്ടിൽ നിന്നും നിലവിളി ശബ്‌ദം കേട്ടതായി അയൽവാസികൾ പറഞ്ഞിരുന്നു. ഇത് കൂടുതൽ സംശയമുണ്ടാക്കി. ഞായറാഴ്ച മനോരമയുടെ ഭര്‍ത്താവ് ദിനരാജ് വര്‍ക്കലയിൽ പോയതായിരുന്നു. തുടർന്ന് നാട്ടുകാർ മെഡിക്കൽ കോളേജ് പൊലീസിനെ വിവരം അറിയിച്ചു.

Leave a Reply