വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ഒട്ടേറെ പേരിൽ നിന്നു പണം തട്ടിയ സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു

0

ബാലുശ്ശേരി ∙ വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ഒട്ടേറെ പേരിൽ നിന്നു പണം തട്ടിയ സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. തൊഴിൽ തട്ടിപ്പ് നടത്തിയ അൽ ഫാരിസ് ട്രാവൽസിൽ പൊലീസ് പരിശോധന നടത്തി. പരസ്യം നൽകിയതിന്റെയും മറ്റും രേഖകളും 8 പാസ്പോർട്ടുകളും ഇവിടെ നിന്നു പൊലീസ് കണ്ടെടുത്തു.വിദേശ രാജ്യങ്ങളിലേക്കു തൊഴിൽ വീസ വാഗ്ദാനം ചെയ്ത് നൂറുകണക്കിനു ആളുകളിൽ നിന്ന് പണം തട്ടിയെടുത്തതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ബാലുശ്ശേരി ടൗണിൽ ട്രാവൽ ഓഫിസ് നടത്തിയിരുന്ന പാലക്കാട് സ്വദേശി സൈതലവിക്കും ഏജന്റ് അബൂബക്കറിനും എതിരെയാണ് വ്യാപക പരാതികൾ ലഭിച്ചത്.പരസ്യം ചെയ്ത് ആളുകളെ കൂടിക്കാഴ്ചക്കായി വിളിച്ചു വരുത്തിയാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്.

5000 മുതൽ ഒരു ലക്ഷം രൂപവരെ ഇവർ പലരിൽ നിന്നായി കൈപ്പറ്റിയിരുന്നു. പരാതികൾ ഉയർന്നതോടെ കുറേപേർക്കു രേഖകൾ തിരിച്ചു നൽകി.പണം നൽകി മാസങ്ങൾ കഴിഞ്ഞിട്ടും വീസ ലഭിക്കാതായതോടെയാണു തട്ടിപ്പിനു ഇരയായവർ പൊലീസിനെ സമീപിക്കുകയായിരുന്നു. ട്രാവൽസ് നടത്തിപ്പുകാർ മുങ്ങിയതറിഞ്ഞ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പൊലീസിനു പരാതികൾ ലഭിക്കുന്നുണ്ട്.ട്രാവൽസ് നടത്തിപ്പുകാരെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നു പൊലീസ് പറഞ്ഞു. ഹോട്ടലുകളിൽ മുറിയെടുത്താണ് ഇവർ കൂടിക്കാഴ്ചകൾ നടത്തിയിരുന്നത്. റജിസ്ട്രേഷൻ ഫീസെന്ന നിലയിൽ ചെറിയ തുക നഷ്ടമായ നൂറുകണക്കിനാളുകൾ ഇതുവരെ രംഗത്ത് എത്തിയിട്ടുമില്ല. ബാലുശ്ശേരി എസ്എച്ച്ഒ എം.കെ.സുരേഷ് കുമാർ, എസ്ഐ: എം.കെ.സാജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Leave a Reply