സ്വർണക്കടത്ത് പ്രതി സ്വപ്ന സുരേഷിന് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് തയ്യാറാക്കിയ ആൾ പിടിയിൽ

0

തിരുവനന്തപുരം: സ്വർണക്കടത്ത് പ്രതി സ്വപ്ന സുരേഷിന് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് തയ്യാറാക്കിയ ആൾ പിടിയിൽ. അമൃത്സർ സ്വദേശി സച്ചിൻ ദാസാണ് അറസ്റ്റിലായത്. കന്റോൺമെന്റ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഐടി വകുപ്പിലെ ജോലിക്കാണ് സ്വപ്‌ന വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയത്. മുംബൈയിലെ അംബേദ്കര്‍ സര്‍വകലാശാലയുടെ പേരിലാണ് വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചത്. 3.18 ലക്ഷം രൂപ മാസ ശമ്പളത്തിലായിരുന്നു നിയമനം. സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി സ്വപ്‌ന സുരേഷ് വ്യാജസര്‍ട്ടിഫിക്കറ്റ് നല്‍കി എന്നാരോപിച്ചാണ് കന്റോണ്‍മെന്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഐടി വകുപ്പിനു കീഴിലെ സ്‌പേസ് പാര്‍ക്കില്‍ സ്വപ്ന നിയമനം നേടിയത് വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിലാണെന്ന് ഇതിനകം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ ഡോ. ബാബ സാഹേബ് അംബേദ്കര്‍ ടെക്‌നോളിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കൊമേഴ്‌സില്‍ ബിരുദം നേടിയെന്ന തരത്തിലായിരുന്നു വ്യാജ രേഖകള്‍.

2009 മുതല്‍ 11 വരെയുള്ള കാലയളവില്‍ പഠനം പൂര്‍ത്തിയാക്കിയെന്നാണ് രേഖ. ഐപിസി 198, 464, 468, 471 എന്നിവയും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിന്റെ ലംഘനവും ഉള്‍പ്പെടുത്തിയാണ് കേസെടുത്തിട്ടുള്ളത്. രേഖകള്‍ വ്യാജമെന്ന് കണ്ടെത്തിയതോടെയാണ് സര്‍വകലാശാലയില്‍ നേരിട്ടെത്തി പൊലീസ് പരിശോധന നടത്തിയത്. പിന്നാലെയാണ് അമൃത്സർ സ്വദേശി പിടിയിലായതും.

യുഎഇ കോൺസുലേറ്റിലെ ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്‍റെ ശിപാർശ പ്രകാരമാണ് ഐ ടി വകുപ്പിന് കീഴിലെ സ്പേസ് പാർക്കിൽ സ്വപ്നക്ക് ജോലി ലഭിച്ചത്. സ്പേസ് പാർക്കിന്‍റെ കണ്‍സള്‍ട്ടൻസി സ്ഥാപനമായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പറാണ് സ്വപ്നയെ തെരഞ്ഞെടുത്തത്. വ്യാജ സർട്ടിഫിക്കറ്റെന്ന് അറിഞ്ഞു കൊണ്ട് ശിവശങ്കറാണ് ജോലി നൽകിയതെന്ന് സ്വപ്ന ആരോപിച്ചിരുന്നു.

Leave a Reply