കോമൺവെൽത്ത് ഗെയിംസ് മെഡൽ ജേതാക്കൾക്ക് സമ്മാനത്തുക പ്രഖ്യാപിക്കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

0

തിരുവനന്തപുരം: ബർമിങ്ഹാം കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് വേണ്ടി മെഡൽ നേടിയ മലയാളി കായികതാരങ്ങൾക്ക് സംസ്ഥാന സർക്കാർ സമ്മാനത്തുക പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നൽകി. മറ്റ് സംസ്ഥാനങ്ങൾ മെഡൽ ജേതാക്കൾക്ക് സമ്മാനത്തുക പ്രഖ്യാപിച്ചിട്ടുണ്ട്. ഇതേ മാതൃകയിൽ കേരളത്തിൽ നിന്നുള്ള മെഡൽ ജേതാക്കൾക്കും സമ്മാനത്തുക പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് അഭ്യർത്ഥിച്ചു.

കത്ത് പൂർണ രൂപത്തിൽ

ബർമിങ്ഹാം കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തി മെഡൽ നേടിയവരിൽ അഞ്ച് മലയാളികളും ഉൾപ്പെട്ടിട്ടുണ്ടെന്നത് അങ്ങയുടെ ശ്രദ്ധയിൽപ്പെട്ട് കാണുമല്ലോ. ട്രിപ്പിൾ ജമ്പ് വിഭാഗത്തിൽ എൽദോസ് പോളും, അബ്ദുള്ള അബൂബക്കറുമാണ് സ്വർണവും വെള്ളിയും നേടിയത്. ലോങ് ജംപിൽ എം. ശ്രീശങ്കറും ഹോക്കിയിൽ പി.ആർ ശ്രീജേഷും വെള്ളി മെഡലുകൾ നേടി. ട്രീസ ജോളി ബാറ്റ്മിൻഡനിൽ വെള്ളിയും വെങ്കലവും നേടിയിട്ടുണ്ട്.

മെഡൽ ജേതാക്കളെ മുഖ്യമന്ത്രിയെന്ന നിലയിൽ താങ്കൾ അഭിനന്ദിച്ചെങ്കിലും നമ്മുടെ രാജ്യത്തിന് അഭിമാനങ്ങളായ, കേരളത്തിൽ നിന്നുള്ള കായികതാരങ്ങൾക്ക് സമ്മാനത്തുക പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാർ ഇതുവരെ തയാറായിട്ടില്ല. മറ്റ് സംസ്ഥാനങ്ങൾ മെഡൽ ജേതാക്കൾക്ക് സമ്മാനത്തുക പ്രഖ്യാപിച്ചിട്ടുണ്ട്. ഇതേ മാതൃകയിൽ കേരളത്തിൽ നിന്നുള്ള മെഡൽ ജേതാക്കൾക്കും സമ്മാനത്തുക പ്രഖ്യാപിക്കണമെന്ന് താങ്കളോട് അഭ്യർത്ഥിക്കുന്നു.

Leave a Reply