സംസ്ഥാനത്ത് പേവിഷ ബാധ ഏറ്റുള്ള മരണം 8 മാസം കൊണ്ട് കഴിഞ്ഞ വ‌ർഷത്തെ കണക്ക് മറികടന്നു.

0

തിരുവനന്തപുരം: സംസ്ഥാനത്ത് പേവിഷ ബാധ ഏറ്റുള്ള മരണം 8 മാസം കൊണ്ട് കഴിഞ്ഞ വ‌ർഷത്തെ കണക്ക് മറികടന്നു. ഈ വർഷം ഇതുവരെ 19 പേരാണ് കേരളത്തിൽ പേവിഷ ബാധ ഏറ്റു മരിച്ചത്.  ഡെങ്കിപ്പനി ബാധയെ തുടർന്നുണ്ടായ മരണത്തേക്കാൾ കൂടുതലാണ് ഇത്.  കഴിഞ്ഞ വ‌ർഷം ആകെയുണ്ടായത് 15 പേവിഷ മരണമാണ്. 14 പേരിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. അതേസമയം ഈ വർഷം പേവിഷബാധ സ്ഥിരീകരിച്ച എല്ലാവരും മരിച്ചു. സംസ്ഥാനത്ത് ഈ മാസം മാത്രം 5 പേരാണ് പേവിഷ ബാധയേറ്റ് മരിച്ചത്. 
പേവിഷ ബാധയ്ക്കെതിരായ വാക്സിനേഷനിൽ നിലവിൽ പിന്തുടരുന്ന രീതി മാറ്റുന്നതിനെ കുറിച്ച് ആലോചിക്കണമെന്ന് പ്രശസ്ത വൈറോളജിസ്റ്റ് ഗഗൻദീപ് കാങ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നായ്ക്കൾ അടക്കം പേവിഷ ബാധ സാധ്യത കൂടുതലുള്ള മൃഗങ്ങളുമായി ഇടപഴകുന്നവർ മുൻകൂർ വാക്സീൻ സ്വീകരിക്കുന്നതാണ് നല്ലതെന്ന് ഗഗൻദീപ് കാങ് വ്യക്തമാക്കി. നിർഭാഗ്യവശാൽ, കടിയേറ്റ  ശേഷം വാക്സീൻ നൽകുന്നതാണ് നിലവിലെ രീതി. നായ്ക്കളുടെ ആക്രമണത്തിന് ഇരയായ ശേഷം വാക്സീൻ എടുക്കുമ്പോൾ പരാജയ സാധ്യത കൂടുതലാണ്. കടിയേറ്റ സ്ഥലം, വാക്സീൻ എടുക്കുന്നതിലെ കാലതാമസം എന്നിവ ഫലപ്രാപ്തിയിൽ പ്രധാനമാണെന്നും ഗഗൻദീപ് കാങ് പറഞ്ഞു.  വാക്സീൻ ഗുണനിലവാരത്തിൽ പ്രശ്നങ്ങൾ ഉണ്ടോ ഇല്ലയോ എന്നത് പരിശോധനയിലൂടെ തെളിയിക്കപ്പെടേണ്ടതാണെന്നും ഗഗൻദീപ് കാങ് വ്യക്തമാക്കി. 

Leave a Reply