അയൽവാസി മോശമായി പെരുമാറിയത് പരാതിപ്പെട്ടു; അഞ്ചാം ക്ലാസുകാരിയെ കുത്തിക്കൊന്ന് 55 വയസുകാരൻ ജീവനൊടുക്കി

0

ബെംഗളൂരു: മോശമായി പെരുമാറിയത് പരാതിപ്പെട്ടതിനെ അഞ്ചാംക്ലാസുകാരിയെ കുത്തിക്കൊന്നു സ്വയവും ജീവനൊടുക്കി അയൽവാസി. ജിൻഡാൽ സ്റ്റീൽ ഫാക്ടറി ജീവനക്കാരനായ ഹരിയാണ സ്വദേശി നന്ദകിഷോറാണ് (55) സഹപ്രവർത്തകന്റെ മകളും അയൽവാസിയുമായ പെൺകുട്ടിയെ കൊലപ്പെടുത്തിയത്. ബെംഗളൂരു മദനായകനഹള്ളിക്ക് സമീപത്തെ ജിൻഡാൽ സ്റ്റീൽ ഫാക്ടറി സ്റ്റാഫ് ക്വാർട്ടേഴ്‌സിലാണ് സംഭവം. പോലീസ് കൊലപാതകത്തിനും ആത്മഹത്യയ്ക്കും കേസെടുത്തു.

ഭാര്യയ്ക്കും രണ്ടു മക്കൾക്കുമൊപ്പം നന്ദകിഷോർ ക്വാർട്ടേഴ്‌സിന്റെ താഴത്തെനിലയിലും പെൺകുട്ടിയുടെ കുടുംബം രണ്ടാംനിലയിലുമാണ് താമസിച്ചിരുന്നത്. ഒരുമാസംമുമ്പ് കോണിപ്പടിയിൽവെച്ച് നന്ദകിഷോർ പെൺകുട്ടിയെ തടഞ്ഞതായി പോലീസ് പറഞ്ഞു. ഈ കാര്യം പെൺകുട്ടി പിതാവിനെ അറിയിച്ചു. ഇതേച്ചൊല്ലി പെൺകുട്ടിയുടെ പിതാവും നന്ദകിഷോറും തമ്മിൽ വലിയ വഴക്കുണ്ടാവുകയും നന്ദകിഷോറിനെതിരേ പെൺകുട്ടിയുടെ പിതാവ് കമ്പനി മാനേജ്‌മെന്റിന് പരാതിനൽകുകയും ചെയ്തു. ഇതേത്തുടർന്ന് ക്വാർട്ടേഴ്‌സ് ഒഴിഞ്ഞുപോകാനാവശ്യപ്പെട്ട് മാനേജ്‌മെന്റ് നന്ദകിഷോറിന് നോട്ടീസ് നൽകി. നന്ദകിഷോർ ഒരുമാസം സമയംചോദിച്ച് പുതിയ വാടകവീട് അന്വേഷിക്കുകയായിരുന്നു.

മറ്റുള്ളവരുടെമുന്നിൽ അപമാനിക്കപ്പെട്ടതിനാൽ പെൺകുട്ടിയോട് പ്രതികാരംചെയ്യാൻ നന്ദകിഷോർ തീരുമാനിച്ചിരുന്നു. ഞായറാഴ്ച വൈകീട്ട് പെൺകുട്ടിയുടെ അടുത്തെത്തിയ ഇയാൾ കൈയിൽ കരുതിയ കത്തിയെടുത്ത് വയറ്റിൽ കുത്തുകയായിരുന്നു. പിന്നാലെ സ്വയം കുത്തുകയുംചെയ്തു. പെൺകുട്ടി സംഭവസ്ഥലത്തും നന്ദകിഷോർ ആശുപത്രിയിലുമാണ് മരിച്ചത്

Leave a Reply