890 രൂപയും വാങ്ങി അംഗങ്ങൾ പിരിഞ്ഞു; പെരുമ്പാവൂരിലെ പ്രസ് ക്ലബ് പിരിച്ചുവിട്ടു; ട്രേഡ് മാർക്ക് ഓൺലൈൻ പത്രപ്രവർത്തകരുടെ സംഘടനക്ക്

0

പെരുമ്പാവൂർ: പെരുമ്പാവൂർ പ്രസ് ക്ലബിൻ്റെ പേരിൽ സ്വകാര്യ വ്യക്തി ട്രേഡ് മാർക്ക് എടുത്തതോടെ പ്രസ് ക്ലബ് പിരിച്ചുവിട്ടു. രണ്ടു വർഷം പത്രസമ്മേളനം നടത്തിയ വകയിൽ നീക്കിയിരിപ്പു വന്ന തുകയും വാങ്ങിയാണ് അംഗങ്ങൾ പിരിഞ്ഞത്. പ്രസ് ക്ലബിൻ്റെ ദൈനംദിന ചിലവുകൾ കഴിച്ച് ബാക്കി വന്ന തുകയാണ് വീതിച്ചു നൽകിയത്. ഓരോ അംഗത്തിനും 890 രൂപ വീതമാണ് ലഭിച്ചത്. പ്രദേശിക ചാനലുകളും, പത്രങ്ങളുടേയും ചാനലുകളുടേയും പ്രാദേശിക പ്രതിനിധികളും, ഓൺലൈൻ പത്രപ്രവർത്തകരും ഉൾപ്പടെ പതിനഞ്ചോളം അംഗങ്ങളുണ്ടായിരുന്ന പ്രസ് ക്ലബ് ആണ് പിരിച്ചുവിട്ടത്.

അതേ സമയം പെരുമ്പാവൂർ പ്രസ് ക്ലബ് എന്ന പേരിൽ ട്രേഡ് മാർക്ക് എടുത്ത വ്യക്തി ഉടമസ്ഥാവകാശം ഓൺലൈൻ പത്രപ്രവർത്തകരുടെ കൂട്ടായ്മക്ക് നൽകി. 

പ്രസ് ക്ലബ് പെരുമ്പാവൂർ എന്ന പേരിലുള്ള ട്രേഡ് മാർക്ക് രജിസ്ട്രേഷനും ലോഗോയും സ്വകാര്യ വ്യക്തി കൈക്കലാക്കിയിരുന്നു. 2020 ജൂലൈ 17നാണ് പ്രസ് ക്ലബ് പെരുമ്പാവൂർ എന്ന പേരിൽ ട്രേഡ് മാർക്ക് എടുക്കാൻ സ്വകാര്യ വ്യക്തി അപേക്ഷ നൽകിയത്. ഇതിനിടെ സംഭവം പ്രസ് ക്ലബ് ഭാരവാഹികൾ അറിഞ്ഞിരുന്നു. അന്ന് ഇതിനെതിരെ കേസിന് പോകാൻ തീരുമാനമെടുത്തു. പിന്നീട് ചില ഭാരവാഹികൾ ഇടപെട്ട് അത് തടയുകയായിരുന്നു.

ആദ്യം ഒബ്ജക്ഷൻ ലഭിച്ചു. ഇക്കാര്യം ഒന്നര വർഷത്തോളം സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

എതിർക്കാൻ ആളില്ലാതായതോടെ സ്വാഭാവിക നടപടികൾ പൂർത്തിയാക്കി ട്രേഡ് മാർക്ക് ജേർണലിൽ പ്രസിദ്ധീകരിച്ചു. ജനുവരി 2022 നാണ് ട്രേഡ് മാർക്ക് ജേർണലിൽ അനൂപ് വി.ജോൺ എന്നയാൾ പ്രസ് ക്ലബ് പെരുമ്പാവൂർ എന്ന പേരിൽ ട്രേഡ് മാർക്ക് രജിസ്റ്റർ ചെയ്യാൻ അപേക്ഷ നൽകിയിട്ടുണ്ടെന്നും എതിർപ്പ് ഉണ്ടെങ്കിൽ അറിയിക്കാനും 90 ദിവസത്തെ സമയമുണ്ടെന്നും അറിയിച്ചത്.

എന്നാൽ പെരുമ്പാവൂർ പ്രസ് ക്ലബിൻ്റെ ഭാരവാഹികൾ അതിനെ എതിർക്കാൻ തയ്യാറായില്ല. അതോടെ ഒരു വ്യക്തിക്ക് ട്രേഡ് മാർക്ക് രജിസ്റ്റർ ചെയ്ത് ലഭിച്ചു. ഇനി ഇയാൾ അവശ്യപ്പെടുന്ന മുറയ്ക്ക് പ്രസ് ക്ലബ് പെരുമ്പാവൂർ എന്ന ബോർഡും ലോഗോയും മാറ്റേണ്ടി വരും. ഇല്ലെങ്കിൽ നഷ്ട പരിഹാരമായി ഭാരവാഹികൾ കോടികൾ നൽകേണ്ടി വരും.

ക്ലാസ് 38 പ്രകാരമാണ് പ്രസ് ക്ലബ് പെരുമ്പാവൂർ എന്ന പേരിൽ ട്രേഡ് മാർക്ക് എടുത്തത്. ഇതു പ്രകാരം പ്രസ് ക്ലബ് പെരുമ്പാവൂർ എന്ന പേരിൽ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിന് പോലും ഇയാളുടെ അനുവാദം വേണം.

Leave a Reply