മന്ത്രി ആന്റണി രാജുവിന് എതിരെയുള്ള കേസിൽ തുടർനടപടി ഹൈക്കോടതി ഒരു മാസത്തേക്കു സ്റ്റേ ചെയ്തു

0

ലഹരിമരുന്നു കേസിൽ പ്രതിയായ വിദേശിയെ രക്ഷിക്കാൻ തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്ന് ആരോപിച്ച് മന്ത്രി ആന്റണി രാജുവിന് എതിരെയുള്ള കേസിൽ തുടർനടപടി ഹൈക്കോടതി ഒരു മാസത്തേക്കു സ്റ്റേ ചെയ്തു.

കോടതിയുടെ കസ്റ്റഡിയിലുള്ള തൊണ്ടിമുതലിൽ തിരിമറി നടന്നാൽ സ്വീകരിക്കേണ്ട നടപടിക്രമം ഇവിടെ പാലിച്ചില്ലെന്നു രേഖകളിൽ വ്യക്തമാണ്. ഹർജിക്കാരന്റെ കേസിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നും വിലയിരുത്തിയാണു കോടതി സ്റ്റേ അനുവദിച്ചത്.

നെടുമങ്ങാട് മജിസ്ട്രേട്ട് കോടതിയിലെ കേസ് നടപടി റദ്ദാക്കാൻ മന്ത്രി ആന്റണി രാജു നൽകിയ ഹർജിയിലാണു ജസ്റ്റിസ് സിയാദ് റഹ്മാന്റെ ഉത്തരവ്. ഹർജി ഫയലിൽ സ്വീകരിച്ച് സർക്കാരിനും പരാതിക്കാരനായ റിട്ട. ശിരസ്‌തദാർ ടി. ജി. ഗോപാലകൃഷ്‌ണൻ നായർക്കും കോടതി നോട്ടിസ് പുറപ്പെടുവിച്ചു.

കോടതിയുടെ കസ്റ്റഡിയിലുള്ള തൊണ്ടിമുതലിൽ കൃത്രിമം നടന്നാൽ കേസ് അന്വേഷിക്കാൻ ചട്ടപ്രകാരം പൊലീസിന് അധികാരമില്ലെന്ന് ഹർജിഭാഗം അഭിഭാഷകൻ വാദിച്ചു. ഇത്തരം സാഹചര്യത്തിൽ ക്രിമിനൽ നടപടി ചട്ടം 195 (1) പ്രകാരം കോടതിയോ കോടതി നിയോഗിക്കുന്ന ഉദ്യോഗസ്ഥനോ മജിസ്ട്രേട്ട് കോടതിയിൽ പരാതി നൽകുകയും കോടതി നടപടിയെടുക്കുകയും വേണ്ടിയിരുന്നു.

ഇവിടെ സെഷൻസ് കോടതിയിലെ ശിരസ്തദാർ പൊലീസിനു പരാതി നൽകിയതും വലിയതുറ പൊലീസ് കേസ് എടുത്തതും തെറ്റാണെന്ന് ഹർജിഭാഗം വാദിച്ചു. മന്ത്രിക്കു വേണ്ടി സീനിയർ അഡ്വ. പി. വിജയഭാനു, അഡ്വ. ദീപു തങ്കൻ എന്നിവർ ഹാജരായി.

1990 ഏപ്രിൽ നാലിന് തിരുവനന്തപുരം എയർപോർട്ടിൽ ലഹരിമരുന്നു കേസിൽ പിടിയിലായ ഓസ്ട്രേലിയൻ പൗരൻ സാൽവദോർ സാർലിയെ ശിക്ഷയിൽ നിന്നു രക്ഷപ്പെടുത്താൻ തൊണ്ടിയായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയെന്നാണു കേസ്.

പ്രതിയെ വിട്ടയച്ച ഹൈക്കോടതി, തൊണ്ടിയിൽ കൃത്രിമം നടന്നതിനെക്കുറിച്ച് എൻക്വയറിക്കു നിർദേശിച്ചിരുന്നു. ഹൈക്കോടതി വിജിലൻസിന്റെ അന്വേഷണത്തെ തുടർന്ന് ഹൈക്കോടതി ഭരണവിഭാഗം നിർദേശിച്ച പ്രകാരം തിരുവനന്തപുരം സെഷൻസ് കോടതിയിലെ ശിരസ്തദാർ പരാതി നൽകി.

കേസ് അന്വേഷിച്ച പൊലീസ്, അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജുവും കോടതി ജീവനക്കാരനായിരുന്ന ജോസും ചേർന്നു തിരിമറി നടത്തിയെന്നു കാണിച്ച് 2006 മാർച്ച് 24 നു കുറ്റപത്രം നൽകുകയും ചെയ്തു. കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഇനി ഓഗസ്റ്റ് 31 നു പരിഗണിക്കും. ഇതിനിടെ, വിചാരണ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടു ജോർജ് വട്ടുകളം നൽകിയ ഹർജിയും കോടതിയിലുണ്ട്.

Leave a Reply