അതിജീവിതയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി പിന്മാറി

0

കൊച്ചി: കോടതി മാറ്റം ആവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ഹൈക്കോടതി ജഡ്ജി പിന്മാറി. ജസ്റ്റിസ് കൗസർ എടപ്പഗത്ത് ആണ് ഹർജി പരി​ഗണിക്കുന്നതിൽ നിന്നും പിന്മാറിയത്. ഈ സാഹചര്യത്തിൽ മറ്റൊരു ബെഞ്ചിനെ നിശ്ചയിച്ച് കേസ് പരിഗണിക്കാനാണ് തീരുമാനം.

ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഇതിന് മുമ്പും മൂന്ന് തവണ അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്ന് പിന്മാറിയിരുന്നു. ഏറ്റവുമൊടുവിൽ മെമ്മറി കാർഡുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നതിൽ നിന്നാണ് ജഡ്ജി പിന്മാറിയത്. വിചാരണ കോടതിയിൽ നിന്നും നടിയുടെ ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഹർജി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയായിരുന്ന അദ്ദേഹത്തിന്റെ ഓഫീസിൽ നിന്നും ആക്രമണ ദൃശ്യങ്ങൾ ചോർന്നുവെന്ന് നടി സംശയം പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിചാരണക്കോടതി ജഡ്ജിക്കെതിരായ ഹർജിയിൽ നിന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിൻമാറിയത്. അന്ന് അദ്ദേഹം കേസ് പരിഗണിക്കരുതെന്ന് നടി ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു തീരുമാനം. ഇതിന് മുമ്പ് തുടരന്വേഷണം സർക്കാർ തന്നെ അട്ടിമറിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നടി നൽകിയ ഹർജിയിൽ നിന്നും അദ്ദേഹം പിന്മാറിയിരുന്നു.

കേസ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയ നടപടിക്കെതിരെയാണ് നടി ഇപ്പോൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് പരിഗണിക്കുന്ന ജഡ്ജി ഹണി എം വർഗീസ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായപ്പോൾ കേസ് രേഖകൾ സെഷൻസ് കോടതിയിലേക്ക് മാറ്റിയിരുന്നു. ഇതോടെയാണ് കേസിന്റെ വിചാരണ എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയിൽ നിന്ന് സെഷൻസ് കോടതിയിലേക്ക് മാറ്റിയത്. സിബിഐ കോടതിയ്ക്കാണ് കേസ് നടത്താൻ ഹൈക്കോടതി അനുമതി നൽകിയതെന്നാണ് പ്രോസിക്യൂഷനും വാദിച്ചത്. ജോലി ഭാരം കാരണം പ്രിൻസിപ്പൽ സെഷൻസ് കോടതിയ്ക്ക് കേസ് കൈമാറാൻ കഴിയില്ലെന്ന് ഹൈക്കോടതി നേരത്തെ നിലപാട് എടുത്തിരുന്നു. ഇക്കാര്യവും പ്രോസിക്യൂഷൻ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here