ദേശീയപാതകളിലെ  കുഴികള്‍ മൂലം അപകടം ഉണ്ടായാല്‍ കലക്ടര്‍മാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി

0

ആളുകള്‍ മരിക്കുമ്പോള്‍ എന്തിന് ടോള്‍ നല്‍കണമെന്നും ടോള്‍ പിരിവ് തടയേണ്ടത് ആരെന്നും കോടതി ചോദിച്ചു. മനുഷ്യനിര്‍മിത ദുരന്തങ്ങളാണിത്, ആരാണിതിന് ഉത്തരവാദികളെന്ന് കോടതി ചോദിച്ചു. 31 ാം തീയതി വിജിലന്‍സ് ഡയറക്ടര്‍ ഓണ്‍ലൈനില്‍ ഹാജരാകണമെന്ന് കോടതി നിർദേശിച്ചു. റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മീഡിയ മലയാളം കൊച്ചി ബ്യുറോ ചീഫ് പോളി വടക്കൻ ഉൾപ്പെടെയുള്ളവർ  ഹർജി നൽകിയിരുന്നു.

പൊട്ടിപ്പൊളിഞ്ഞ റോഡുകൾ മരണക്കെണിയായിട്ടും കുഴിയടയ്ക്കുന്നതിൽപോലും രാഷ്ട്രീയ തർക്കങ്ങൾ തുടരുന്നതിനിടെയാണ് വാഹനയാത്രക്കാർക്ക് ആശ്വാസമേകി ഹൈക്കോടതിയുടെ നിർണായക ഇടപെടൽ. 

റോഡപകടങ്ങൾ മനുഷ്യനിർമ്മിത ദുരന്തങ്ങളാണ്. ജില്ലാ ദുരന്തനിവാരണ സമിതിയുടെ തലവന്മാരായ കളക്ടർമാർക്ക് മൂകസാക്ഷിയായി നിൽക്കാനാവില്ലെന്നും കോടതി ഓർമ്മിപ്പിച്ചു. 

ആഗസ്റ്റ് 12ലേക്ക് മാറ്റിയിരുന്ന ഹർജികൾ നെടുമ്പാശേരിയിൽ റോഡിലെ കുഴിയിൽവീണ് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തെത്തുടർന്ന് ഇന്നലെ അടിയന്തരമായി പരിഗണിക്കുകയായിരുന്നു. ബി.ഒ.ടി പാതയിലാണ് അപകടമുണ്ടായതെന്നും കരാർ കമ്പനിക്കാണ് അറ്റകുറ്റപ്പണികളുടെ ചുമതലയെന്നും വീഴ്ചയ്ക്ക് പിഴചുമത്താൻ കരാറിൽ വ്യവസ്ഥയുണ്ടെന്നും ദേശീയപാത അതോറിറ്റി വിശദീകരിച്ചു. കരാറിന്റെ പകർപ്പ് ഹാജരാക്കാനും അതോറിറ്റിയുടെ തിരുവനന്തപുരം റീജിയണൽ ഓഫീസറെ കക്ഷിചേർക്കാനും ഹൈക്കോടതി നിർദ്ദേശിച്ചു.

വീഴ്ചയ്ക്ക് കളക്ടർ നടപടിയെടുക്കണം

 ദേശീയപാതയിലടക്കം കുഴികൾ കണ്ടാൽ അറ്റകുറ്റപ്പണിക്ക് കളക്ടർ നിർദ്ദേശിക്കണം

 ഉത്തരവാദികളായ എൻജിനിയർ, കരാറുകാർ എന്നിവർക്കെതിരെ നടപടിയെടുക്കണം

 ദേശീയപാത അതോറിറ്റി നെടുമ്പാശേരിയിലെ അപകടത്തെക്കുറിച്ച് അന്വേഷിക്കണം എൻജിനിയർമാർക്കും കരാറുകാർക്കും ഉത്തരവാദിത്വം ചുമത്തി റിപ്പോർട്ട് നൽകണംഎത്ര ജീവൻ ഇനിയും പൊലിയണം?

 വീട്ടിൽ നിന്ന് വാഹനത്തിലിറങ്ങുന്നവർ മടങ്ങിവരുമെന്ന് ഉറപ്പില്ലാത്ത സ്ഥിതിയാണെന്ന് ഹൈക്കോടതി പറഞ്ഞു

 റോഡ് നന്നാക്കാൻ എത്ര ജീവൻ പൊലിയണം? മഴയെയാണ് ഇതുവരെ കുറ്റംപറഞ്ഞത്. ഇനി വേറെ ന്യായീകരണം കണ്ടെത്തണം

 മഴക്കാലത്ത് കുഴികളിൽ വെള്ളം നിറഞ്ഞുകിടക്കും. വേണ്ടത്ര വെളിച്ചം കൂടിയില്ലാതാകുന്നതോടെ അപകടക്കെണിയാകും

 റോഡുകളിലെ വേഗപരിധി 70 – 90 കിലോമീറ്ററാണ്. 20 – 30 കിലോമീറ്റർ വേഗത്തിൽപ്പോലും പോകാൻ കഴിയില്ല രാജ്യത്ത് മറ്റൊരിടത്തും ദേശീയപാതകൾ ഇങ്ങനെ തകർന്നിട്ടുണ്ടാവില്ല. കളക്ടർമാർ ഇനിയൊരു ദുരന്തം അനുവദിക്കരുത്

റോഡ് നന്നാക്കാതെ ടോൾ:അതോരിറ്റി മറുപടി പറയണം

റോഡുകൾ സഞ്ചാരയോഗ്യമാക്കാതെ ടോൾ പിരിക്കാനാവുമോയെന്ന് അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടിയപ്പോൾ, ദേശീയപാത അതോറിറ്റി ഇതിന് ഉത്തരം പറയണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. റോഡുകളുമായി ബന്ധപ്പെട്ട ഹർജികളിൽ നേരത്തെ രണ്ട് അഭിഭാഷകരെ അമിക്കസ് ക്യൂറിമാരായി നിയോഗിച്ചിരുന്നു. ടോൾ പിരിക്കാനാവുമോയെന്ന് സംശയം ഉന്നയിച്ചത് അഡ്വ. വിനോദ് ഭട്ടാണ്. അപകടത്തിൽ മരിച്ച ഹാഷിമിന്റെ കുടുംബത്തെ സന്ദർശിച്ചു. രണ്ടു കുട്ടികളും ഭാര്യയുമുണ്ട്. വെള്ളം നിറഞ്ഞു കിടന്നതിനാൽ റോഡിൽ കുഴിയുണ്ടെന്നറിയാതെ വീഴുകയായിരുന്നെന്നും അമിക്കസ് ക്യൂറി വിശദീകരിച്ചു. 

Leave a Reply