ഗേറ്റ് പിഴുതെറിഞ്ഞു;പൊലീസുകാരനെ ചവിട്ടി വീഴ്ത്തി;സ്റ്റേഷനിൽ നായയുമായി എത്തിയ മധ്യവയസ്കന്റെ പരാക്രമം

0

തൃശൂർ∙ തൃശൂർ കണ്ടാണശ്ശേരി പൊലീസ് സ്റ്റേഷനിൽ നായയുമായി എത്തി മധ്യവയസ്കന്റെ പരാക്രമം. സ്റ്റേഷനിലെ പൊലീസുകാരനെ ചവിട്ടി വീഴ്ത്തി. സംഭവത്തിൽ കൂനംമൂച്ചി സ്വദേശി വിൻസെന്റിനെ അറസ്റ്റ് ചെയ്തു. ജാമ്യമില്ലാ കുറ്റം ചുമത്തി ഇയാൾക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒരു പരാതി ലഭിച്ചതിനെ തുടർന്ന് വിൻസെന്റിനോടു പൊലീസ് സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെടുകയായിരുന്നു. സ്റ്റേഷനിലേക്കു വിളിപ്പിച്ചതിന്റെ വൈരാഗ്യത്തിൽ ഇയാൾ ഗേറ്റിൽ വാഹനമിടിപ്പിക്കുകയും പിന്നീട് പൊലീസുകാരനെ ചവിട്ടുകയുമായിരുന്നു.

ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. ഒരു വാഹനാപകടക്കേസുമായി ബന്ധപ്പെട്ടാണ് വിൻസന്റിനെ സ്റ്റേഷനിലേക്കു വിളിപ്പിച്ചത്. കുറിയര്‍ സര്‍വീസ് നടത്തുന്നയാളാണ് വിന്‍സെന്റ്. നേരത്തെ പ്രവാസിയായിരുന്നു. ഇതിനിടെ മുന്‍ ഡ്രൈവര്‍ സന്തോഷുമായി വിന്‍സന്റ് തെറ്റിപ്പിരിഞ്ഞു. ഇതിന്റെ വൈരാഗ്യത്തില്‍ സന്തോഷിന്റെ ബന്ധുക്കള്‍ ഓട്ടോറിക്ഷയില്‍ വരുമ്പോള്‍ കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചതായി വിന്‍സെന്റിനെതിരെ പരാതിയുണ്ടായിരുന്നു.

ഈ പരാതിയുമായി ബന്ധപ്പെട്ടാണ് വിൻസന്റിനെ സ്റ്റേഷനിലേക്കു വിളിപ്പിച്ചത്. മദ്യലഹരിയില്‍ വളര്‍ത്തുനായയുമായി എത്തിയ വിന്‍സെന്റ് സ്റ്റേഷന്‍ വളപ്പില്‍ പരാക്രമം കാട്ടുകയായിരുന്നു. ഗേറ്റ് പൊളിച്ച ഇയാൾ‌, മണ്‍വെട്ടിയുമായി പൊലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചു. ഇതിനിടെ കൂടുതൽ പൊലീസുകാർ സ്ഥലത്തെത്തി വിൻസന്റിനെ കീഴ്പ്പെടുത്തി. സംഭവത്തിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്.

ഇയാൾക്കെതിരെ മുൻപും പൊലീസിനെ മർദ്ദിച്ചതിന് കേസുണ്ടായിരുന്നുവെന്ന് പറയുന്നു. 15 വർഷങ്ങൾക്കു മുൻപ് പള്ളിപ്പെരുന്നാളിനിടെയാണ് പൊലീസുകാരെ ആക്രമിച്ചത്. സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്തതിനു പിന്നാലെ ഇയാൾ നാടുവിട്ടിരുന്നു. നാലു വർഷങ്ങൾക്കുശേഷം നാട്ടിൽ തിരിച്ചെത്തിയ ഇയാൾ ലോറി വാങ്ങി വാടകയ്ക്ക് ഓടിക്കുകയായിരുന്നു. ഇതിനിടെയാണ് കൊറിയർ സർവീസും ആരംഭിച്ചത്. സാമ്പത്തികമായി മികച്ച നിലയിലുള്ള ആളാണ് വിൻസന്റ് എന്ന് പൊലീസ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here